Site iconSite icon Janayugom Online

അഫ്ഗാനിസ്ഥാനില്‍ വീണ്ടും പരസ്യ വധശിക്ഷ;ഖോസ്റ്റയിലാണ് സംഭവം

അഫ്ഗാനിസ്ഥാനില്‍ വീണ്ടും പരസ്യ വധശിക്ഷ. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റയിലാണ് സംഭവം. ഒന്‍പത് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ 13 പേരെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ആളെയാണ് ഖോസ്റ്റിലെ സ്‌റ്റേഡിയത്തില്‍വെച്ച് എണ്‍പതിനായിരത്തോളം ജനങ്ങള്‍ നോക്കിനില്‍ക്കെ വധിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗമായ പതിമൂന്നുകാരനാണ് പ്രതിയെ വെടിവെച്ച് കൊന്നത്. 

മംഗള്‍ എന്നാണ് വധശിക്ഷയ്ക്ക് വിധേയനായ ആളുടെ പേരെന്നാണ് താലിബാന്‍ അധികൃതര്‍ പറയുന്നത്. ഇയാളെ അഫ്ഗാനിസ്ഥാന്‍ സുപ്രീംകോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. താലിബാന്‍ പരമോന്നത നേതാവ് ഹിതത്തുളള അഖുന്‍ഡ്‌സാദ വധശിക്ഷയ്ക്ക് അംഗീകാരം നല്‍കുകയായിരുന്നു.2021‑ല്‍ താലിബാന്‍ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന 11-ാമത്തെ വധശിക്ഷയാണിത്. വധശിക്ഷ നടപ്പാക്കുന്നത് കാണാന്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ എണ്‍പതിനായിരത്തിലധികം പേര്‍ ഖോസ്റ്റ് സ്‌റ്റേഡിയത്തിലെത്തി. 10 മാസം മുന്‍പ് ഖോസ്റ്റ് നിവാസിയായ അബ്ദുള്‍ റഹ്‌മാനെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ കേസില്‍ മംഗള്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചിരുന്നു. പുറത്തുവന്ന വീഡിയോയില്‍ അഞ്ച് തവണ വെടിയുതിര്‍ക്കുന്നതിന്റെയും തുടർന്ന് നിരവധി പേര്‍ മതപരമായ മുദ്രാവാക്യം മുഴക്കുന്നതും കേള്‍ക്കാം.

Exit mobile version