Site iconSite icon Janayugom Online

പൊതുജനാരോഗ്യ ബിൽ: ആശങ്ക വേണ്ടെന്ന് മന്ത്രി വീണാ ജോർജ്

2021‑ലെ കേരള പൊതുജനാരോഗ്യ ബില്ലിന്മേൽ വിവിധ തുറകളിൽ നിന്നുള്ളവരുടെ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജ്. ബില്ലിനേക്കുറിച്ച് പൊതുജനങ്ങൾക്ക് ആശങ്കകൾ വേണ്ടെന്നും മന്ത്രി കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന പൊതുജനാരോഗ്യ ബിൽ സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പു യോഗത്തിൽ പറഞ്ഞു.

പകർച്ചവ്യാധികളെ ഫലപ്രദമായി തടയുന്നതിന് സംസ്ഥാനത്ത് മുഴുവൻ പ്രാബല്യമുള്ള നിയമം ആവശ്യമായതിനാലാണ് സർക്കാർ പുതിയ ബിൽ അവതരിപ്പിച്ചത്. നിലവിലുള്ള നിയമങ്ങളിൽ കാലോചിതമായ പരിഷ്കരണം ലക്ഷ്യമിട്ടുകൊണ്ടാണ് 2021‑ലെ പൊതുജനാരോഗ്യ ബിൽ രൂപപ്പെടുത്തിയിട്ടുള്ളത്.

1939‑ലെ മദ്രാസ് പബ്ലിക് ഹെൽത്ത് ആക്ട്, 1955‑ലെ ട്രാവൻകൂർ‑കൊച്ചിൻ പബ്ലിക് ഹെൽത്ത് ആക്ട് എന്നിവയിലെ വ്യവസ്ഥകളും പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 15 അംഗ സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലുള്ള ബില്ലിലാണ് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ബില്ലും വ്യവസ്ഥകൾ സംബന്ധിച്ച ചോദ്യങ്ങളും നിയമസഭയുടെ www.niyamasabha.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നിർദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലമോ ഇ‑മെയിലായോ നിയമസഭാ സെക്രട്ടറിക്ക് അയക്കാം. ഇ മെയിൽ — legislation@niyamasabha. nic. in.

യോഗത്തിൽ ഉദ്യോഗസ്ഥർ, ആരോഗ്യ വിദഗ്ധർ, പൊതുജനങ്ങൾ, ജനപ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ എന്നിവരിൽനിന്നും ബില്ലിലെ വ്യവസ്ഥകളിന്മേലുളള അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ചു.

ചീഫ് വിപ്പ് എൻ ജയരാജ്, എം എൽ എമാരായ ഇ കെ വിജയൻ, എ സി മൊയ്തീൻ, എ പി അനിൽകുമാർ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, നിയമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എം കെ സാദിഖ്, നിയമസഭാ ജോയിന്റ് സെക്രട്ടറി പി ഹരി, എ ഡി എം മുഹമ്മദ് റഫീഖ് തുടങ്ങിയവർ സന്നിഹിതരായി.

Eng­lish summary;Public Health Bill: Min­is­ter Veena George says no worries

You may also like this video;

Exit mobile version