Site iconSite icon Janayugom Online

പൊതുസുരക്ഷ മുഖ്യം : റോഡുകള്‍ കയ്യേറിയ ക്ഷേത്രങ്ങളും,ദര്‍ഗകളും പൊളിച്ചേ പറ്റുവെന്ന് സുപ്രീംകോടതി

പൊതുസുരക്ഷയാണ് മുഖ്യമെന്നും റോഡുകള്‍, ജലാശയങ്ങള്‍, റെയില്‍വേട്രാക്ക് അടക്കമുള്ളവ കയ്യേറിയ ഏത് മതപരമായ നിര്‍മിതിയാണെങ്കിലും പൊളിച്ചു നീക്കിയേ മതിയാകുവെന്ന് സുപ്രീംകോടതി. ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തുന്നതും മറ്റ് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതും എല്ലാ പൗരന്മാര്‍ക്കും ജാതിമതഭേദമന്യേ ഉള്ളതാണെന്നും ഇന്ത്യയുടെ മതേതര രാജ്യമാണെന്നും പരമോന്നത കോടതി വ്യക്തമാക്കി.

കുറ്റകൃത്യങ്ങളുടെ പേരില്‍ പലരുടെയും വീടുകളും മറ്റും ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്നതിന് എതിരെ നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ട ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, കെവി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യം പറഞ്ഞത്. പല സംസ്ഥാനങ്ങളിലും നടക്കുന്ന ബുള്‍ഡോസര്‍ ഇടിച്ചുനിരത്തല്‍ നീതി നടപ്പാക്കുന്നതിനെ അതാത് സര്‍ക്കാരുകള്‍ ന്യായീകരിച്ചത് അനധികൃത കെട്ടിടങ്ങളാണ് ഇടിച്ചു നിരത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ്.

ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരായത്. ക്രിമിനല്‍ കേസ് നേരിടുന്ന ഒരു പ്രതിയെന്നത് ബുള്‍ഡോസര്‍ ആക്ഷന്‍ നേരിടാന്‍ മതിയായ കാരണമാണോയെന്ന ചോദ്യത്തിന്, ഭീകരവാദം, പീഡനം എന്നീ ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് പോലും അങ്ങനെയല്ല എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.

Exit mobile version