Site icon Janayugom Online

വിവാഹ നോട്ടീസ് പരസ്യമാക്കുന്നത് വിലക്കണം; പൊതുതാത്പര്യമായി കണക്കാക്കാനാകില്ല, ഹര്‍ജി തള്ളി

സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ് വിവാഹത്തിന് ഒരു മാസം മുന്‍പ് രജിസ്ട്രാര്‍ ഓഫീസില്‍ പതിക്കണമെന്ന വ്യവസ്ഥയെ ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം.ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സ്വകാര്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാഹിതര്‍ ആകുന്നവരുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തുന്നതിനെതിരെ ഹര്‍ജി നല്‍കിയത്. മലയാളിയും മിശ്രവിവാഹിതയുമായ ആതിര ആര്‍.മേനോന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. വ്യവസ്ഥകള്‍ നേരിട്ട് ബാധിക്കാത്ത വ്യക്തി നല്‍കുന്ന ഹര്‍ജിയെ പൊതുതാത്പര്യ ഹര്‍ജിയായി കണക്കാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതിയുടെ തീരുമാനം. 

സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്യുന്നവര്‍ ജില്ലയിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥന് മുമ്പാകെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷ മുന്‍കൂറായി നല്‍കണം. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ദിവസത്തിന് ചുരുങ്ങിയത് 30 ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കിയിരിക്കണം. പേര്, ജനന തീയതി, പ്രായം, ജോലി, രക്ഷകര്‍ത്താക്കളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ അടങ്ങുന്നതാണ് അപേക്ഷ. ഈ അപേക്ഷ ഉദ്യോഗസ്ഥന്‍ ഔദ്യോഗിക ബുക്കില്‍ രേഖപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ ഓഫീസിലെ ചുമരില്‍ പതിക്കണം. അതേസമയം വിവാഹത്തില്‍ എതിര്‍പ്പ് ഉള്ളവര്‍ക്ക് അത് അറിയിക്കാനും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. വിവാഹിതര്‍ ആകുന്നവരില്‍ ഒരാള്‍ കഴിഞ്ഞ മുപ്പത് ദിവസമായി താമസിക്കുന്ന സ്ഥലത്തിന്റെ പരിധിയില്‍ വരുന്ന ഓഫീസില്‍ ആണ് ഇങ്ങനെ പതിപ്പിക്കേണ്ടത്. 

Eng­lish Summary:Publication of mar­riage notices should be prohibited,sc
You may also like this video

Exit mobile version