ആറ് വന്‍ കരകളിലെ 60 രാജ്യങ്ങളില്‍ നിന്നായി 66 കുട്ടികളുടെ കഥകള്‍ സമാഹരിച്ച് ഷാര്‍ജ അന്താരാഷ്ട്ര പുസ്‌തകമേളയില്‍ പുറത്തിറക്കിയ മലയാളിയായ എം ഒ രഘുനാഥനിന്റെ ‘വിസ്‌പേഴ്‌സ് ഓഫ് വാണ്ടര്‍ ലസ്റ്റിന് ’ യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും യുനസ്‌കോയുടെയും അനുമോദനം. ആദ്യമായാണ് ലോകത്തിലെ 60 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ കഥകള്‍ ഒന്നിച്ച് സമാഹരിച്ച് ഇംഗ്ലീഷിലുള്ള പുസ്‌തകം പുറത്തിറങ്ങുന്നത്.
അതാതു രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യങ്ങളും ഉള്‍ക്കൊള്ളുന്ന കഥകളാണ് ഇതെന്നതും ഈ പുസ്‌തകത്തിന്റെ
പ്രത്യേകതയാണ്. ലോകത്തെമ്പാടുമുള്ള സംസ്‌കാരങ്ങളെ ബന്ധിപ്പിക്കുന്നതിനും ഹൃദയങ്ങളെ ചേര്‍ത്തുനിര്‍ത്തിയുള്ള കഥപറച്ചിലിനുള്ള ശക്തിയും ഈ പുസ്‌തകത്തിലൂടെ വിളിച്ചോതുന്നു. പൂര്‍ണമായും വിദ്യാര്‍ത്ഥികള്‍ തന്നെ ചെയ്‌ത കവര്‍ ഡിസൈനും ചിത്രങ്ങളും കൊണ്ട് സമ്പന്നമാണ് ഈ പുസ്‌തകം.
എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനും ജെംസ് അക്കാദമിയിലെ ലൈബ്രേറിയനും നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനുമായ എം ഒ രഘുനാഥ് കണ്ണൂര്‍ സ്വദേശിയാണ്. നിരവധി അന്താരാഷ്ട്ര ലൈബ്രറി കോണ്‍ഫറന്‍സുകളില്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധമവതരിപ്പിക്കുകയും വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനവസരം ലഭിച്ചതിലൂടെ ലഭിച്ച ബന്ധങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് 60 രാജ്യങ്ങളിലെ കുട്ടികളെക്കൊണ്ട് കഥയെഴുതിപ്പിച്ച് ഒറ്റ പുസ്‌തകത്തിലൂടെ പുറത്തിറക്കിയത്.

