Site iconSite icon Janayugom Online

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; വോട്ടർമാർ 1. 75 ലക്ഷം

സെപ്റ്റംബർ അഞ്ചിന് നടക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങി. ഈ മാസം 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന 18ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 21. സെപ്റ്റംബർ അഞ്ചിന് രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ആറു മണി വരെയാണ് പോളിങ്. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ.

പോളിങ് ശതമാനം ഉയർത്തുന്നതിനൊപ്പം, പരമാവധി പുതിയ വോട്ടർമാരെ പോളിങ് ബൂത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ അറിയിച്ചു. ഭിന്ന ശേഷി സൗഹൃദ ബൂത്തുകളും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുള്ള ഹരിത ബൂത്തുകളും തെരഞ്ഞെടുപ്പിനായി ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്രിക സമർപ്പിക്കാവുന്ന അവസാന തീയതിയായ 17 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. ഉപതെരഞ്ഞെടുപ്പിൽ എല്ലാ പോളിങ് സ്റ്റേഷനുകളിലും ഇവിഎമ്മുകളും വിവിപാറ്റുകളും ഉപയോഗിക്കും. ആവശ്യാനുസരണം ഇവ ലഭ്യമാക്കുന്നതിന് മെഷീനുകളുടെ സഹായത്തോടെ വോട്ടെടുപ്പ് സുഗമമായി നടത്തുന്നതിനും എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികൾ ടെലിവിഷനിലൂടെയും പത്രത്തിലൂടെയും പ്രചരണ സമയത്ത് മൂന്ന് തവണ ഇത് സംബന്ധിച്ച വിവരം പരസ്യപ്പെടുത്തേണ്ടതുണ്ട്. ഇത്തരം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്ന പാർട്ടികൾ വെബ്സൈറ്റില്‍ വിവരം പരസ്യപ്പെടുത്തണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.

പുതുപ്പള്ളി മണ്ഡലം

ആകെ വോട്ടർമാർ — 1,75,605
സ്ത്രീ വോട്ടർമാർ — 89,897
പുരുഷ വോട്ടർമാർ — 85,705
ഭിന്ന ലിംഗ വോട്ടർമാർ — 3
സ്ത്രീ പുരുഷ അനുപാതം — 1049
80 വയസിനു മുകളിലുള്ള
വോട്ടർമാർ — 6376
ഭിന്നശേഷിക്കാരായ
വോട്ടർമാർ — 1765
(പുരുഷന്‍ 1023+ സ്ത്രീ 742)
പ്രവാസി വോട്ടർമാർ — 181
(പുരുഷന്‍ 133 + സ്ത്രീ 48)
സർവീസ് വോട്ടർമാർ — 138
പോളിങ് സ്റ്റേഷനുകളുടെ
എണ്ണം — 182
ആകെ പോളിങ്
ലൊക്കേഷനുകളുടെ എണ്ണം — 96

Eng­lish Summary;Pudupally by-elec­tion; Vot­ers 1. 75 lakhs

You may also like this video

Exit mobile version