Site iconSite icon Janayugom Online

റാപ്പര്‍ വേടനെതിരായ പുലിപ്പല്ല് കേസ് : നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

റാപ്പര്‍ വേടനെതിരായ പുലിപ്പല്ല് കേസില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. പുലിപ്പല്ല് ആരാധകന്‍ നല്‍കിയതാണോ എന്ന് കോടതിയില്‍ തെളിയിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ശശീന്ദ്രന്‍ പറഞ്ഞു. വേടനെതിരെ ( ഹിരണ്‍ ദാസ് മുരളി) ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ലഹരിയുമായി ബന്ധപ്പെട്ട് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന റെയ്ഡിനിടെയാണ് വേടന്‍ ഉള്‍പ്പെടയുള്ളവരെ കസ്റ്റഡിയിലെടുത്ത് തുടര്‍നടപടികള്‍ സ്വീകരിച്ചത്.

ആ ഘട്ടത്തില്‍ കൈവശം ഉണ്ടായിരുന്ന ചെയിനില്‍ പുലിപ്പല്ല് ഉള്ളക്കാര്യം പൊലീസാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിച്ചത്. ഇത് ശരിയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്ത ശേഷം വേടനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ സമര്‍പ്പിക്കും. ശിക്ഷാനടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് കോടതിയാണ്. പുലിപ്പല്ല് ആരാധകന്‍ നല്‍കിയതാണോ എന്ന് വേടന്‍ കോടതിയില്‍ തെളിയിക്കണമെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ തന്നെ വേടന്‍ ഫോറസ്റ്റ് വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും മന്ത്രി അറിയിച്ചു. 

വനം വകുപ്പിന്റെ വിജിലന്‍സ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മാലയിലേത് യഥാര്‍ഥ പുലിപ്പല്ലാണെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. കേസിനെ അതീവ ഗൗരവമായാണ് വനം വകുപ്പ് കാണുന്നത്. ഇന്നലെ രാത്രി തന്നെ ഇയാള്‍ക്കെതിരെ കേസെടുത്ത് കസ്റ്റഡിയില്‍ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെ നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് പുലിപ്പല്ല് എവിടെ നിന്ന് ലഭിച്ചുവെന്ന ചോദ്യത്തിന് വേടന്‍ മറുപടി നല്‍കിയത്. വേടന്‍ എന്നു വിളിക്കുന്ന ഹിരണ്‍ ദാസ് മുരളിയും സഹപ്രവര്‍ത്തകരും പ്രാക്ടീസ് നടത്തുന്ന ഫ്‌ലാറ്റില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്. ഒമ്പതര ലക്ഷത്തോളം രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

Exit mobile version