Site iconSite icon Janayugom Online

പുൽപള്ളി ബാങ്ക് തട്ടിപ്പ് കേസ്: കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം കസ്റ്റഡിയിൽ

വായ്‌പാ തട്ടിപ്പിനിരയായി പുൽപ്പള്ളിയിൽ കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ പുൽപ്പള്ളി ബാങ്ക് മുൻ പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ കെ അബ്രഹാം കസ്റ്റഡിയിൽ. ഇന്ന് പുലർച്ചെ ഒരു മണിക്കാണ് പുൽപ്പള്ളിയിലെ വീട്ടിൽ നിന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വായ്‌പാ തട്ടിപ്പിനിരയായ പുൽപ്പള്ളി കേളക്കവല ചെമ്പകമൂല കിഴക്കേ ഇടിക്കലാത്ത്‌ രാജേന്ദ്രൻ നായരാണ്‌ (60) വിഷം കഴിച്ച്‌ മരിച്ചത്‌. അബ്രഹാം ബാങ്ക്‌ പ്രസിഡന്റായിരിക്കെ 2016– 17ൽ 70 സെന്റ്‌ ഈട്‌ നൽകി രാജേന്ദ്രൻ 70,000 രൂപ വായ്‌പ എടുത്തിരുന്നു. 

എന്നാൽ അബ്രഹാമും മറ്റു ഭരണസമിതി അംഗങ്ങളും ചേർന്ന്‌ രാജേന്ദ്രന്റെ പേരിൽ 24,30,000 രൂപ വായ്‌പയായി തട്ടിയെടുത്തു. പലിശ ഉൾപ്പെടെ ഇപ്പോൾ 46 ലക്ഷത്തോളം രൂപ ബാധ്യതയുണ്ട്‌. ഇത്‌ തിരിച്ചടയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രാജേന്ദ്രന്‌ ബാങ്കിൽനിന്ന്‌ മുമ്പ്‌ നോട്ടീസും ലഭിച്ചിരുന്നു. മറ്റ്‌ 27 കർഷകരെയും തട്ടിപ്പിനിരകളാക്കിയിരുന്നു.തിങ്കളാഴ്ച രാത്രി പത്തോടെ കാണാതായ രാജേന്ദ്രനെ ചൊവ്വ രാവിലെയാണ്‌ വീടിനുസമീപം കുന്നിൻ മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌. കെപിസിസി ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ വായ്‌പാ തട്ടിപ്പിനിരയായി പുൽപ്പള്ളിയിൽ കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ ജില്ലയിലെ കോൺഗ്രസ്‌ നേതൃത്വം മറുപടി പറയണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു.

Eng­lish Summary;Pulpally Bank fraud case: KPCC Gen­er­al Sec­re­tary KK Abra­ham in custody
You may also like this video

Exit mobile version