വയനാട് പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സജീവൻ കൊല്ലപ്പള്ളിയെ ഇ ഡി അറസ്റ്റ് ചെയ്തു. കേസിൽ മുൻപ് വിജിലൻസ് അറസ്റ്റ് ചെയ്ത മുൻ കെപിസിസി ഭാരവാഹി കെകെ എബ്രഹാമിന്റെ വിശ്വസ്തനാണ് അറസ്റ്റിലായ സജീവൻ കൊല്ലപ്പള്ളി. വായ്പ തട്ടിപ്പിന് ഇടനിലക്കാരനായി നിന്ന സജീവൻ, കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇഡിയുടെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ അടുത്ത മൂന്ന് ദിവസത്തേക്ക് ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു.
ബാങ്ക് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും അടക്കം 10 പേരാണ് പ്രതികൾ. തുച്ഛമായ വിലയുള്ള ഭൂമിയ്ക്ക് ബിനാമി വായ്പകൾ അനുവദിച്ച് കോടികൾ തട്ടിയ കേസിൽ കോൺഗ്രസ് നേതാവും കെപിസിസി മുൻ ഭാരവാഹിയുമായ കെകെ എബ്രഹാമാണ് ഒന്നാം പ്രതി.
ബാങ്കിൽ നിന്ന് 80000 രൂപ മാത്രം വായ്പയെടുത്ത പുൽപ്പള്ളി കേളക്കവല ചെമ്പകമൂല സ്വദേശി രാജേന്ദ്രൻ നായർ ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെയാണ് വിജിലൻസ് സംഘം എബ്രഹാമിനെ അറസ്റ്റ് ചെയ്തത്. 80000 രൂപ മാത്രം വായ്പയെടുത്ത രാജേന്ദ്രൻ നായരുടെ പേരിൽ തട്ടിപ്പുകാർ 25 ലക്ഷം രൂപയുടെ ലോൺ എടുത്തെന്ന് വരുത്തിത്തീർത്തിരുന്നു. മരിക്കുമ്പോൾ പുൽപ്പള്ളി സഹകരണ ബാങ്കിൽ 40 ലക്ഷം രൂപ വായ്പാ കുടിശികയായിരുന്നു രാജേന്ദ്രൻ നായർക്ക് ഉണ്ടായിരുന്നത്.
English summary; Pulpally Bank Fraud: ED Arrests Sajjevan Kollapally
you may also like this video;