Site iconSite icon Janayugom Online

നടി ആക്രമിക്കപ്പെട്ട കേസിൽ പുതിയ നീക്കവുമായി പൾസർ സുനി

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ വൈകുന്ന സാഹചര്യത്തിൽ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.
നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന ഏക പ്രതിയാണ് പൾസർ സുനി. കേസിലെ നാലാം പ്രതിയായ വിജീഷ് കഴിഞ്ഞ മാർച്ചിൽ ജയിൽ മോചിതനായിരുന്നു. ഇതിന് തൊട്ട് പിന്നാലെ തനിക്കും ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അഞ്ച് വർഷമായി താൻ വിചാരണ തടവുകാരനായി തുടരുകയാണെന്നും ഇനിയും ജാമ്യം അനുവദിക്കാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നുമായിരുന്നു ജാമ്യ ഹർജിയിൽ സുനി ചൂണ്ടിക്കാട്ടിയത്. 

സുനിക്ക് ജാമ്യം അനുവദിക്കുന്നതിനെതിരെ അന്ന് കടുത്ത എതിർപ്പായിരുന്നു സംസ്ഥാന സർക്കാർ ഉയർത്തിയത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് സുനിയെന്നും മറ്റ് പ്രതികൾക്ക് അനുവദിച്ചത് പോലെ സുനിക്ക് ജാമ്യം അനുവദിക്കാൻ ആകില്ലെന്നുമായിരുന്നു സർക്കാർ നിലപാട് അറിയിച്ചത്. കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുകയാണെന്നും സർക്കാർ കോടതിയിൽ വിശദീകരിച്ചിരുന്നു. ഇതോടെ സുപ്രീം കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
പൊലീസും കോടതിയിൽ നൽകിയ മൊഴിയിൽ നടിയും ഉറച്ച് നിന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനാകില്ലെന്നായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്. എന്നാൽ വിചാരണ നീണ്ടുപോയാൽ ജാമ്യത്തിനായി വീണ്ടും സമീപിക്കാമെന്നും കോടതി അറിയിച്ചിരുന്നു. അന്ന് ജാമ്യം നിഷേധിക്കപ്പെട്ടതോടെ ജയിലിൽ കടുത്ത മാനസിക അസ്വസ്ഥതയായിരുന്നു സുനി പ്രകടിപ്പിച്ചത്. തുടർന്ന് ഇയാളെ തൃശ്ശൂരിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്നു. 

അതേസമയം ഇപ്പോൾ കേസിൽ സുപ്രീം കോടതി നൽകിയ സമയം അവസാനിച്ചത് കണക്കിലെടുത്ത് വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പൾസർ സുനി. ജാമ്യാപേക്ഷയിൽ ഹൈക്കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. കേസിന്റെ വിചാരണ പൂർത്തിയാക്കാൻ എത്ര സമയം വേണ്ടി വരുമെന്ന് അറിയിക്കണമെന്നാണ് ഹൈക്കോടതി രജിസ്ട്രാർക്ക് സിംഗിൾ ബെഞ്ച് നിർദ്ദേശം നൽകിയിരിക്കുന്നത്. 

Eng­lish Sum­ma­ry: Pul­sar Suni with a new move in the actress attack case

You may also like this video

Exit mobile version