പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം കേന്ദ്ര സർക്കാര്‍ ഏറ്റെടുക്കണമെന്ന് മുൻ കരസേനാ മേധാവി ജനറൽ ശങ്കർ റോയ് ചൗധരി. സിആർപിഎഫ് ജവാന്മാർ ശ്രീനഗറിലേക്ക് വിമാനമാർഗം യാത്ര ചെയ്തിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും ഇന്റലിജൻസ് വീഴ്ചകളും സംഭവത്തിന് കാരണമായെന്നും ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തില്‍ ശങ്കർ റോയ് ചൗധരി പറഞ്ഞു.
രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച സംഭവിച്ചതായി ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. വീഴ്ച മറച്ചുവയ്ക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്നും ആക്രമണം ബിജെപി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചതായും ദി വയറിനു നൽകിയ അഭിമുഖത്തിൽ സത്യപാൽ മാലിക് ആരോപിച്ചിരുന്നു.
ഇന്റലിജൻസ് പരാജയത്തിന്റെ ഫലമാണ് ഭീകരാക്രമണമെന്ന മാലിക്കിന്റെ പ്രസ്താവനയോടും ജനറൽ ചൗധരി യോജിച്ചു. സൈനിക കോണ്‍വോയ് പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹൈവേയിലൂടെ പോകരുതായിരുന്നു. അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു വിമാനം നൽകിയിരുന്നെങ്കിൽ നമ്മുടെ ജവാന്മാർക്ക് ജീവൻ നഷ്ടപ്പെടുത്തേണ്ട അവസ്ഥ വരില്ലായിരുന്നെന്ന് ജനറൽ ചൗധരി പറഞ്ഞു. 1994 മുതല്‍ 1997 വരെ ഇന്ത്യയുടെ കരസേന മേധാവിയായിരുന്നു ചൗധരി.
മാലിക്കിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ബിജെപിയും കേന്ദ്ര സർക്കാരും പ്രതിരോധത്തിലായിരുന്നു. എന്നാൽ ആരോപണത്തിൽ പ്രതികരിക്കാൻ ഇതുവരെ ബിജെപിയും കേന്ദ്രസര്‍ക്കാരും തയ്യാറായിട്ടില്ല. 2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപോറയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം ഉണ്ടായത്. ഉഗ്രസ്ഫോടനത്തിൽ ബസിലെ 49 സൈനികർക്ക് ജീവൻ നഷ്ടമായി. സാധാരണ സൈനികരെ റോഡുമാര്‍ഗ്ഗം കൊണ്ടു പോകാറുണ്ട്. എന്നാല്‍ 78 വാഹനങ്ങളടങ്ങുന്ന കോണ്‍വോയി പോകാന്‍ തീരുമാനിച്ചത് അസാധരണമെന്ന് സിആര്‍പിഎഫ് റിപ്പോര്‍ട്ടിലും വിലയിരുത്തിയിരുന്നു.
English Summary: Pulwama Attack: Ex-Army Chief Wants Central Govt To Take Responsibility
You may also like this video