2019 ഫെബ്രുവരിയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല ചെയ്യപ്പെട്ട സംഭവത്തില്‍ രാജ്യസ്നേഹികളായ ഇന്ത്യക്കാരെല്ലാം കടുത്ത ദുഃഖവും അമര്‍ഷവും പ്രകടിപ്പിച്ചിട്ടുണ്ട്. ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് റോഡു മാര്‍ഗം പോവുകയായിരുന്ന 2500ലധികം അര്‍ധ സൈനിക വിഭാഗമായ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സിലെ ജവാന്മാരെ പുല്‍വാമ ജില്ലയിലെ ‘ലതാപോറ’ യില്‍ വച്ച് അത്യുഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പാകിസ്ഥാന്‍ ഇസ്ലാമിക തീവ്രവാദ സംഘടനയായ ജെയ്‌ഷെ-ഇ‑മുഹമ്മദിന്റെ പ്രവര്‍ത്തകനായ അദില്‍ അഹമ്മദ് ദര്‍ എന്ന യുവാവാണ് ചാവേറായി സ്‌ഫോടക വസ്തുക്കളുമായി വന്ന് സെെനിക വാഹനവ്യൂഹത്തെ ഇടിച്ചത്. 40 പട്ടാളക്കാരും ചാവേറും ഈ സംഭവത്തില്‍ കൊല്ലപ്പെട്ടു. 80 കിലോ തൂക്കം വരുന്ന ഉഗ്രശേഷിയുള്ള ആര്‍ഡിഎക്‌സ് ഉള്‍പ്പെടെ 300 കിലോഗ്രാം സ്‌ഫോടക വസ്തുക്കളുമായിട്ടാണ് തീവ്രവാദി യുവാവിന്റെ വാഹനം ജവാന്മാരുടെ ബസില്‍ ഇടിച്ചത്.
തീവ്രവാദാക്രമണ സാധ്യതയുള്ള ഈ മേഖലയില്‍ക്കൂടി 2500ലധികം വരുന്ന ജവാന്മാരുടെ വ്യൂഹത്തെ ഒട്ടും സുരക്ഷിതമല്ലാത്ത പാതയിലൂടെ ബസുകളില്‍ കൊണ്ടുപോയത് എന്തിന് എന്ന ചോദ്യം അന്ന് പലരും ചോദിക്കുകയുണ്ടായി. റോഡ് മാര്‍ഗത്തിനു പകരം എയര്‍ക്രാഫ്റ്റിന്റെ സേവനം ഉപയോഗിക്കാമായിരുന്നല്ലോ എന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. അതെല്ലാം രാഷ്ട്രീയ ആരോപണമായി വ്യാഖ്യാനിച്ച് കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളയുകയായിരുന്നു. എന്നാല്‍ പുല്‍വാമ സംഭവം നടക്കുമ്പോള്‍ ജമ്മു കശ്മീര്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക് ‘ദി വയര്‍’ എന്ന മാധ്യമത്തിനു വേണ്ടി കരണ്‍ ഥാപ്പറിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വസ്തുതകള്‍ ഏതൊരു ഇന്ത്യക്കാരനെയും അമ്പരപ്പിക്കുന്നതാണ്. ഇന്നത്തെ കേന്ദ്രസര്‍ക്കാരിന്റെ കപട രാജ്യസ്‌നേഹത്തിന്റെ മൂടുപടം ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വാക്കുകളിലൂടെ അഴിഞ്ഞ് വീണു. മുന്‍ ഗവര്‍ണര്‍ പറഞ്ഞത് ”ജവാന്മാരെ ശ്രീനഗറിലേക്ക് കൊണ്ടുപോകാന്‍ വിമാനം വേണമെന്ന കേന്ദ്ര റിസര്‍വ് സേനയുടെ ആവശ്യം ആഭ്യന്തര വകുപ്പ് നിഷ്കരുണം തള്ളിക്കളഞ്ഞു, ഇത് തന്നെ ഏറെ അമ്പരപ്പിച്ചു”വെന്നാണ്.
ഇതുകൂടി വായിക്കൂ: മുംബൈയും മണിപ്പൂരും ഓര്‍മ്മപ്പെടുത്തുന്നത്
റോഡു മാര്‍ഗം ലക്ഷ്യസ്ഥാനത്തേക്ക് പോകേണ്ടി വരുകയും വാഹന വ്യൂഹത്തിലെ സ്‌ഫോടനത്തില്‍ 40 ജവാന്മാര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ സുരക്ഷാ നടപടികളില്‍ സംഭവിച്ച വീഴ്ച സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന ഗവര്‍ണര്‍ എന്ന നിലയില്‍ സത്യപാല്‍ മാലിക് കേന്ദ്രസര്‍ക്കാരിന് നല്കിയിരുന്നു. 2019ല്‍ ജമ്മു കശ്മീര്‍ സംസ്ഥാന ഭരണത്തലവന്‍ എന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സന്ദര്‍ശിക്കുകയും പുല്‍വാമയിലുണ്ടായ സുരക്ഷാ വീഴ്ചയടങ്ങിയ റിപ്പോര്‍ട്ടിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തപ്പോള്‍ ‘തന്നോട് മൗനം പാലിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു’ എന്നും സത്യപാല്‍ മാലിക് വെളിപ്പെടുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സംസ്ഥാന ഗവര്‍ണറോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. പട്ടാളക്കാരുടെ വാഹന വ്യൂഹത്തെ തകര്‍ത്ത് ഇന്ത്യന്‍ പട്ടാളക്കാരെ ചാവേര്‍ ബോംബാക്രമണത്തില്‍ കൂടി കൊലപ്പെടുത്തുന്നതിന് പാകിസ്ഥാനില്‍ നിന്നും 300 കിലോ സ്‌ഫോടക വസ്തുക്കള്‍ പുല്‍വാമയിലെ ദേശീയ പാതയില്‍ എങ്ങനെ കൊണ്ടുവരാന്‍ കഴിഞ്ഞു എന്നത് ഇന്നും ദുരൂഹമായി തുടരുന്നു. സ്വന്തം മണ്ണിന്റെ അതിര്‍ത്തി സംരക്ഷിക്കുന്ന ജവാന്മാരെ ആസൂത്രിതമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ശത്രു രാജ്യത്തിന്റെ ഒറ്റുകാരായി ഇവിടെ നിന്നും ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അതല്ലേ ഏറ്റവും വലിയ രാജ്യദ്രോഹം. അത് അന്വേഷിക്കുകയും ശത്രുക്കള്‍ക്ക് അവസരമൊരുക്കി കൊടുത്ത രാജ്യദ്രോഹികളെ ലോകസമക്ഷം അണിനിരത്തുകയുമല്ലേ സര്‍ക്കാര്‍ ചെയ്യേണ്ടുന്നത്. ഏതാനും ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ പാകിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ഒരു ”സര്‍ജിക്കല്‍ അറ്റാക്ക്” നടത്തി. ബാലാകോട്ടിലെ പാക് വ്യോമത്താവളം തകര്‍ത്ത് പ്രതികാരം ചെയ്തതായി മാധ്യമങ്ങളില്‍ കൂടി ജനങ്ങള്‍ മനസിലാക്കി.
സെെനിക കൂട്ടക്കൊലയില്‍ ചാവേറായ കശ്മീരി യുവാവിനെപ്പോലെയുള്ള നിരവധിപേരെ ഭീകരവാദത്തിന്റെ കുപ്പായമണിയിച്ച് തീവ്രവാദ സംഘടനകളില്‍ എത്തിക്കുന്നതിന്റെ പിറകില്‍ വളരെയധികം ആഭ്യന്തരവും രാജ്യാന്തരവുമായ നിഗൂഢതകള്‍ ഉണ്ട്. അത് എന്തു തന്നെയായാലും ബാലാ കോട് എയര്‍ സര്‍ജിക്കല്‍ സ്ട്രെെക്ക് 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടുന്ന മോഡി സര്‍ക്കാരിന് ഒരാവശ്യമായിരുന്നു. പക്ഷെ അതിനുവേണ്ടി ഒരു ‘പുല്‍വാമ’ ആവശ്യമായിരുന്നോ? ഇന്ത്യയുടെ മുന്‍ കരസേന മേധാവി ശങ്കര്‍ റോയ് ചൗധരി കൂടി പുല്‍വാമ സംഭവങ്ങളില്‍ ആശ്ചര്യം പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍ കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്ന സംഘ്പരിവാര്‍ ശക്തികളുടെ ഫാസിസ്റ്റ് മുഖം കൂടുതല്‍ വെളിച്ചത്തു കൊണ്ടു വരുന്നതാണ്. പാകിസ്ഥാന്‍ തീവ്രവാദ സംഘടനകള്‍ക്ക് ഇന്ത്യന്‍ സൈനികരെ കൂട്ടക്കുരുതി നടത്തുന്നതിന് അവസരമൊരുക്കി കൊടുത്തവര്‍ ആരായാലും അവരെ രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റു ചെയ്യുകയും ശക്തമായ നിയമ നടപടിക്കു വിധേയമാക്കുകയും ചെയ്യേണ്ടതാണ്.
ഇതുകൂടി വായിക്കൂ: ത്രിപുര അശാന്തിയുടെ ആഴങ്ങളിലേക്ക്
ബാലാകോട്ട് ആക്രമണം നടത്തി കേവലം ഒരു പ്രത്യാക്രമണത്തിന്റെ വീരചരിതം വരച്ചു കാണിച്ചുകൊണ്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ദേശീയതയെ രാഷ്ട്രീയ പ്രചാരണ വില്പനച്ചരക്കാക്കിയ സംഘ്പരിവാര്‍ ശക്തികളും കേന്ദ്ര ഭരണകൂടവും പുല്‍വാമയിലെ സൈനിക രക്തസാക്ഷിത്വത്തിന് ഉത്തരം പറയണം. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ മാത്രം വീഴ്ചയാല്‍ കൂട്ടക്കുരുതിക്കിരയായ 40ലധികം ഇന്ത്യന്‍ ജവാന്മാരുടെ കുടുംബാംഗങ്ങളും ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തു വന്നിട്ടുണ്ട്. അരുണാചല്‍ പ്രദേശ് മേഖലയിലെ നിരവധി സ്ഥലങ്ങളില്‍ ചൈന അവരുടെ ഗ്രാമങ്ങള്‍ നിര്‍മ്മിക്കുമ്പോഴും ഇന്ത്യന്‍ ഭൂപ്രദേശത്തെ ഒട്ടനവധി സ്ഥലങ്ങള്‍ക്ക് പുതിയ പേരുകള്‍ ചൈന പ്രഖ്യാപിക്കുമ്പോഴും മൗനം പാലിക്കുന്ന മോഡി ഭരണകൂടം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആസന്നമാകുമ്പോള്‍ പാകിസ്ഥാനുമായി യുദ്ധത്തിലേര്‍പ്പെടാനും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താനും അവസരമൊരുക്കിയെടുക്കുന്നതിന്റെ പിന്നിലെ രഹസ്യ അജണ്ട അല്പം താമസിച്ചാണെങ്കിലും ഇന്ത്യന്‍ ജനത മനസിലാക്കിക്കഴിഞ്ഞു. ബിജെപി ഉയര്‍ത്തുന്ന ദേശീയവാദം കാപട്യം നിറഞ്ഞതാണെന്നും ഇന്ത്യന്‍ ജനത ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.