പുല്‍വാമയിൽ 40 ജവാന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ കോൺവോയ് വാഹനങ്ങളുടെ എണ്ണം കൂടിയതിലേക്കും ഇന്റലിജൻസ് പരാജയത്തിലേക്കും വിരൽ ചൂണ്ടി സിആർപിഎഫിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. 78 വാഹനങ്ങളാണ് സിആർപിഎഫ് വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. അസാധാരണമായ തരത്തിൽ വാഹനവ്യൂഹത്തിന്റെ നീളം കൂടിയത് തീവ്രവാദികൾക്ക് എളുപ്പം ലക്ഷ്യം വയ്ക്കാൻ ഇടയാക്കിയെന്നാണ് കണ്ടെത്തൽ. സൈനികരെ കൊണ്ടുപോകുന്നതിന് സിആർപിഎഫ് ആഭ്യന്തര വകുപ്പിനോട് അഞ്ച് വിമാനം ആവശ്യപ്പെട്ടെങ്കിലും ലഭ്യമാക്കിയില്ലെന്നും ഇതുമൂലം ജവാന്മാർക്ക് റോഡ് മാർഗം കോൺവോയ് ആയി സഞ്ചരിക്കേണ്ടി വന്നുവെന്നും ഇത് ഭീകരാക്രമണത്തിലേക്കു വഴിവച്ചുവെന്ന് ജമ്മുകശ്മീരിലെ അന്നത്തെ ഗവര്‍ണര്‍ സത്യപാല്‍ മാലിക് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.
സംഭവത്തിനുശേഷം, ജമ്മുകശ്മീരില്‍ നിയമിക്കപ്പെടുന്ന മുഴുവന്‍ സൈനികര്‍ക്കും വിമാനയാത്രാ സൗകര്യം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു.
2019 ഫെബ്രുവരി 14നായിരുന്നു പുല്‍വാമയിൽ സിആർപിഎഫ് ജവാന്മാർക്കുനേരെ ആക്രമണം നടന്നത്. വാഹനവ്യൂഹത്തിലേക്ക് അക്രമികൾ കാർ ഇടിച്ചുകയറ്റുകയായിരുന്നു. വാഹനവ്യൂഹത്തിന്റെ നീളം കൂടിയതാണ് സംഘത്തിന്റെ ദിശ അക്രമികൾക്ക് പെട്ടെന്ന് മനസിലാക്കാന്‍ സാധിച്ചതെന്നും അത് ആക്രമണത്തിന് ആക്കം കൂട്ടിയെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തിനു മുമ്പ്, മഞ്ഞുവീഴ്ച കാരണം ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ ദിവസങ്ങളായി വാഹനഗതാഗതം നിലച്ചിരിക്കുകയായിരുന്നു.
ആക്രമണമുണ്ടായേക്കാമെന്നതു സംബന്ധിച്ച് നിരവധി രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭ്യമായിരുന്നെങ്കിലും ഇതൊന്നും വാഹനവ്യൂഹത്തിലുള്ളവരെ അറിയിച്ചില്ലെന്നും സിആര്‍പിഎഫ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിനു പിന്നില്‍ ജയ്‌ഷെ മുഹമ്മദും പാകിസ്ഥാനുമാണെന്ന് ചൂണ്ടിക്കാട്ടി എൻഐഎ 13,800 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 35 കിലോ ആര്‍ഡിഎക്സ് ഉള്‍പ്പെടെ 200 കിലോ സ്ഫോടക വസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കുറ്റപത്രത്തിലുണ്ട്. അതേസമയം മാലിക്കിന്റെ വെളിപ്പെടുത്തലിൽ ബിജെപിയും കേന്ദ്ര സർക്കാരും പ്രതിരോധത്തിലായിട്ടുണ്ട്. ആരോപണത്തിൽ പ്രതികരിക്കാൻ ബിജെപി ഇതുവരെ തയ്യാറായിട്ടില്ല. കേന്ദ്ര സർക്കാരും വിഷയത്തിൽ മൗനം തുടരുകയാണ്.
English Summary:Pulwama terror attack charge sheet; The BJP and the central government are on the defensive
You may also like this video

