Site iconSite icon Janayugom Online

പുനര്‍ഗേഹം: 332 ഫ്ലാറ്റുകളുടെ താക്കോൽദാനം ഇന്ന്

ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതിയിലൂടെ തിരുവനന്തപുരം മുട്ടത്തറയിൽ പണിപൂർത്തിയായ 332 ഫ്ലാറ്റുകളുടെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മത്സ്യത്തൊഴിലാളികൾക്ക് കൈമാറും. 400 ഫ്ലാറ്റുകളിൽ ആദ്യഘട്ടമായി 332 ഫ്ലാറ്റുകളുടെ നിർമ്മാണമാണ് പൂർത്തിയാക്കിയത്. രണ്ടു നിലകളിലായി എട്ട് ഫ്ലാറ്റുകൾ ഉൾപ്പെടുന്ന 50 യൂണിറ്റുകളായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഒരു ഫ്ലാറ്റിന്റെ നിർമ്മാണച്ചെലവ് 20 ലക്ഷത്തിനു മുകളിലാണ്. റോഡ്, ഡ്രെയിനേജ്, നടപ്പാത ചുറ്റുമതിൽ തുടങ്ങിയ എല്ലാ അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വളരെ മികച്ച ഗുണനിലവാരത്തിലാണ് ഈ ഫ്ലാറ്റുകൾ നിർമ്മിച്ചതെന്ന് മന്ത്രി സജി ചെറിയാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പുനർഗേഹം പദ്ധതിയുടെ ഭാഗമായി നിലവിൽ 9,104 കുടുംബങ്ങളാണ് മാറിത്താമസിക്കാൻ സന്നദ്ധത അറിയിച്ചത്. ഇതിൽ 4,421 കുടുംബങ്ങൾ ഭൂമി കണ്ടെത്തി ജില്ലാതല കമ്മിറ്റിയുടെ അംഗീകാരം നേടുകയും 2,488 കുടുംബങ്ങൾ ഭവനനിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. 568 കുടുംബങ്ങൾ ഭവനനിർമ്മാണം ആരംഭിക്കാനുണ്ട്. 779 ഭവനങ്ങൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുമാണ്. 

തിരുവനന്തപുരത്ത് കാരോട് (128), ബീമാപള്ളി (20), കൊല്ലത്ത് ക്യൂഎസ്എസ് കോളനി (114), മലപ്പുറത്ത് പൊന്നാനി (128) എന്നിവിടങ്ങളിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. ഇപ്രകാരം 5,361 പേർക്ക് പുനരധിവാസം പൂർത്തീകരിക്കാനും 2,878 കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാനും കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

Exit mobile version