Site iconSite icon Janayugom Online

പുനർജനി അന്വേഷണത്തില്‍ കോൺഗ്രസിന് അങ്കലാപ്പ്: ബിനോയ് വിശ്വം

വി ഡി സതീശനെതിരായ പുനർജനി അന്വേഷണത്തിൽ കോൺഗ്രസും യുഡിഎഫും അങ്കലാപ്പിലാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
സിപിഐ ഇടുക്കി ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ കോൺഗ്രസിലെ എല്ലാ ഗ്രൂപ്പുകളും ഒന്നായി. വി ഡി സതീശനെ എല്ലാവരും പിന്താങ്ങി. ആരൊക്കെ പിടിക്കപ്പെടുമെന്ന് അറിയാത്തതുകൊണ്ടാണ് അങ്കലാപ്പ്. പുരാണത്തിലെ കഥാപാത്രത്തെപ്പോലെ ആർക്കാണോ ഭയമുള്ളത് അവരൊക്കെ ചുറ്റും നിൽക്കാൻ പറയുകയാണ് വി ഡി സതീശൻ. ഇത്തരം ഭയം രാഷ്ട്രീയത്തിൽ പാടില്ലാത്തതാണ്. അന്വേഷണം വന്നപ്പോൾ പ്രതിപക്ഷം എന്തിനാണ് ഭയചകിതരാകുന്നത്.
ജനങ്ങളുമായി സംസാരിച്ച് മുന്നോട്ടുപോകുന്ന എൽഡിഎഫിന് ഇലക്ഷൻ സ്റ്റണ്ട് കാണിക്കേണ്ട കാര്യമില്ല. എൽഡിഎഫ് മൂന്നാമതും ഭരണത്തിലെത്തും. വെള്ളാപ്പള്ളി നടേശനുമായി തർക്കത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടിയില്ല. പാർട്ടിക്ക് മറ്റ് ഗൗരവമായ നിരവധി കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. 

Exit mobile version