Site icon Janayugom Online

പുണെ ഫിലീം ഇന്‍സ്റ്റിറ്റ്യൂട്ട്; വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സംഘപരിവാര്‍ ആക്രമം

അയോധ്യ ക്ഷേത്രോദ്‌ഘാടനച്ചടങ്ങ്‌ നടക്കവേ ക്യാമ്പസിൽ രാം കെ നാം ഡോക്യുമെന്ററി പ്രദർശിപ്പിച്ച പുണെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളെ ആക്രമിച്ചതിന്‌ പിന്നാലെ ഭീഷണി തുടർന്ന്‌ സംഘപരിവാർ. കേരളം, ബംഗാൾ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളെ ഭിക്ഷാടകരെന്ന്‌ വിളിച്ച്‌ അധിക്ഷേപിച്ചതിനുപുറമേ സ്ഥാപനം പൂട്ടിക്കാൻ എല്ലാവരും ഒപ്പംനിൽക്കണമെന്ന്‌ സംഘപരിവാർ നേതാവായ രവി പദ്വാൾ സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്‌തു.

വിദ്യാർഥികൾ മയക്കുമരുന്നിന്‌ അടിമകളാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെപേരിൽ മോശം കാര്യങ്ങൾ ചെയ്യുകയാണെന്നും ഇയാൾ ആരോപിച്ചു. സമസ്ത ഹിന്ദു ബാന്ധവ് സമാജിക് സൻസ്തയും മറ്റു ഹിന്ദുത്വ സംഘടനകളും ക്യാമ്പസിൽ വിദ്യാർഥികൾ സ്ഥാപിച്ച ബാനറുകൾ കത്തിച്ചു.

21ന്‌ രാത്രി മുപ്പതോളം സംഘപരിവാർ പ്രവർത്തകൾ ക്യാമ്പസിന്‌ മുന്നിലെത്തി ഭീഷണി മുഴക്കിയിരുന്നു. പിറ്റേന്നാണ്‌ ജയ്‌ ശ്രീറാം വിളികളുമായി അതിക്രമിച്ച്‌ കയറി പെൺകുട്ടികൾ അടക്കമുള്ളവരെ ക്രൂരമായി മർദിച്ചത്‌. എന്നാൽ, വിദ്യാർഥികൾക്കെതിരെയാണ്‌ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം പൊലീസ്‌ കേസെടുത്തത്‌. ദുർബല വകുപ്പുചേർത്താണ്‌ അക്രമികൾക്കെതിരെ കേസ്‌. വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ചെയർമാനും നടനുമായി ആർ മാധവൻ തയ്യാറായിട്ടില്ല.

Eng­lish Summary:
Pune Film Insti­tute; Gang attack on students

You may also like this video:

Exit mobile version