മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാറിന്റെ മകന്‍ പര്‍ത്ഥ് പവാര്‍ ഉള്‍പ്പെട്ട ഭൂമി കുംഭകോണ കേസില്‍ വഴിത്തിരിവ്. 300 കോടി രൂപയുടെ 40 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി സ്റ്റാമ്പ് ഡ്യൂട്ടി അടക്കം വെട്ടിച്ച് പാര്‍ത്ഥ് പവാര്‍ പങ്കാളിയായ അമാദിയ എന്റര്‍പ്രൈസസ് എല്‍എല്‍പിക്ക് നല്‍കിയ ഇടപാട് വിവാദം സൃഷ്ടിച്ചതോടെയാണ് അജിത്ത് പവാര്‍ ഇടപാട് റദ്ദാക്കിയെന്ന് അറിയിച്ചത്. സര്‍ക്കാര്‍ ഭൂമിയാണെന്ന് അറിയാതെയാണ് മകന്‍ ഭൂമി ഇടപാടില്‍ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.
പൂനെ കൊറേഗാവിലെ 40 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി മതിപ്പ് വിലയെക്കാള്‍ കുറഞ്ഞ വിലയ്ക്ക് പാര്‍ത്ഥ് പവാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് ഡേറ്റ സെന്റര്‍ സ്ഥാപിക്കുന്നതിനായി കൈമാറിയത് വിവരാവകാശ പ്രവര്‍ത്തകന്‍ വിജയ് കുംഭാര്‍ സമര്‍പ്പിച്ച അപേക്ഷയെത്തുടര്‍ന്നാണ് പുറത്തുവന്നത്. മഹര്‍ വതന്‍ ഭൂമി എന്ന പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥലം പാര്‍ത്ഥ് പവാറിന്റെ കമ്പനി കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കുകയായിരുന്നു.
പട്ടികജാതിയില്‍ ഉള്‍പ്പെട്ട മഹര്‍ വിഭാഗത്തിന് നീക്കി വെച്ച ഭൂമിയാണ് ഇവ. സര്‍ക്കാര്‍ അനുമതിയില്ലാതെ ഈ സ്ഥലം വില്പന നടത്താന്‍ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചാണ് രജിസ്ട്രേഷന്‍-റവന്യു വകുപ്പുകളുടെ ഒത്താശയോടെ കുറഞ്ഞ വിലയ്ക്ക് പതിച്ച് നല്‍കിയത്. ഏകദേശം 1,800 കോടി രൂപ വിലമതിക്കുന്ന ഭൂമി 300 കോടി രൂപയ്ക്കാണ് അമാദിയ എന്റര്‍പ്രൈസസിന് നല്‍കിയത്. ഇടപാടില്‍ 21 കോടിയുടെ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പും നടന്നിരുന്നു.
എന്നാല്‍ 43 കോടി രൂപ പിഴയായി ഈടാക്കി മാത്രമേ ഇടപാട് റദ്ദാക്കാന്‍ സാധിക്കൂ എന്ന് പൂനെ രജിസ്ട്രേഷന്‍ വകുപ്പ് കമ്പനിയെ അറിയിച്ചു. ഉപമുഖ്യമന്ത്രിയുടെ മകന്റെ ഭൂമി കുംഭകോണം മഹാരാഷ്ട്രയില്‍ ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചിരുന്നു. പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്ത് വന്നതോടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിഷയം അതീവ ഗുരുരതരമാണെന്നും അന്വേഷണം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.
സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പിന് കൂട്ടുനിന്ന സബ് രജിസ്ട്രാര്‍ ഓഫിസറെ കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. സർക്കാർ ഭൂമി ഒരു സ്വകാര്യ സ്ഥാപനത്തിന് എങ്ങനെ കൈമാറിയെന്നും ഇളവ് ശരിയായ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോയെന്നും പരിശോധിക്കാൻ ഒരു ഉന്നതതല സമിതി രൂപീകരിച്ചതായി രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ രവീന്ദ്ര ബിൻവാഡെ നേരത്തെ അറിയിച്ചിരുന്നു.

