Site icon Janayugom Online

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്; കര്‍ഷക സംഘടനകള്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചു

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭത്തില്‍ പങ്കാളികളായ 22 കര്‍ഷക സംഘടനകള്‍ ചേര്‍ന്ന് രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചു. സംയുക്ത സമാജ് മോര്‍ച്ച എന്ന പേരിലുള്ള പാര്‍ട്ടി വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. മുതിര്‍ന്ന കര്‍ഷക നേതാവ് ബല്‍ബിര്‍ സിങ് രജേവാളിനെയാണ് പാര്‍ട്ടിയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം പുതിയ പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയുമായുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭം വിജയിച്ച് തിരിച്ചെത്തിയപ്പോള്‍, പുതിയ രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി തങ്ങളുടെ പ്രവര്‍ത്തകരില്‍ നിന്ന് മാത്രമല്ല പഞ്ചാബിലെ മറ്റുള്ളവരില്‍ നിന്നും ശക്തമായ ആവശ്യമുയരുകയായിരുന്നുവെന്ന് ബികെയു(ഖാദിയാന്‍) നേതാവ് ഹര്‍മീത് സിങ് ഖാദിയാന്‍ പറഞ്ഞു. ഡല്‍ഹിയില്‍ സമരത്തില്‍ വിജയിക്കാനായെങ്കില്‍ തെരഞ്ഞെടുപ്പിലും നമുക്ക് വിജയിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 18ന് കര്‍ഷകനേതാവായ ഗുര്‍നാം സിങ് ചാദുനി സംയുക്ത സംഘര്‍ഷ് പാര്‍ട്ടി എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കിയിരുന്നു. തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ആകെയുള്ള 117 സീറ്റുകളിലും മത്സരിക്കുമെന്ന് ചാദുനി പ്രഖ്യാപിച്ചിരുന്നു. 

ENGLISH SUMMARY:Punjab Assem­bly elec­tions; Farm­ers’ orga­ni­za­tions formed polit­i­cal parties
You may also like this video

Exit mobile version