പഞ്ചാബിലെ എഎപി സര്‍ക്കാരിലെ 11 മന്ത്രിമാരിൽ ഒമ്പതുപേരും കോടീശ്വരന്മാര്‍. ഏഴു മന്ത്രിമാര്‍ക്കെതിരെ ക്രിമിനല്‍ കേസുകളും നിലനില്‍ക്കുന്നുണ്ട്. ഇതില്‍ നാലുപേര്‍ക്കെതിരെ ഗുരുതരമായ കുറ്റകൃത്യങ്ങളാണുള്ളതെന്നും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) റിപ്പോര്‍ട്ട് പുറത്തുവിട്ടു.
മുഖ്യമന്ത്രി ഭഗവന്ത് മന്നിന് പുറമെ ആകെ പത്ത് മന്ത്രിമാരാണ് ഒന്നാംഘട്ടത്തില്‍ കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചെയ്തത്. ശരാശരി 2.87 കോടിയാണ് മന്ത്രിമാരുടെ സമ്പത്ത്. 8.05 കോടിയുടെ സ്വത്ത് വെളിപ്പെടുത്തിയ ബ്രാം ശങ്കറാണ് ഇവരില്‍ മുന്നില്‍. ഇദ്ദേഹം ഒരുകോടിയിലധികം കടബാധ്യതയും വെളിപ്പെടുത്തിയിട്ടുണ്ട്. ബോവ മണ്ഡലത്തിന്റെ പ്രതിനിധിയായ ലാല്‍ ചന്ദ് ആണ് ആറു ലക്ഷത്തിന്റെ സ്വത്തുമായി മന്ത്രിമാരില്‍ ഏറ്റവും പിന്നില്‍. അഞ്ച് മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യത 10 നും 12നും ഇടയിലാണെന്നും ബാക്കിയുള്ളവര്‍ ബിരുദധാരികളും അതില്‍ കൂടുതല്‍ യോഗ്യത ഉള്ളവരാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഭഗവന്ത് മന്‍ ഉള്‍പ്പെടുന്ന ജാട്ട് സമുദായത്തിനാണ് നിലവിലെ മന്ത്രിസഭയില്‍ പ്രാമുഖ്യം ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയടക്കം അഞ്ചുപേര്‍. രണ്ടുപേര്‍ മുന്നോക്ക ഹിന്ദു സമുദായക്കാരാണ്. നാലുപേര്‍ ദളിത് വിഭാഗത്തില്‍ നിന്നാണ്. സംസ്ഥാനത്തെ 32 ശതമാനം വരുന്ന ഒബിസി വിഭാഗത്തിന് പ്രാതിനിധ്യം ലഭിച്ചിട്ടില്ല. ആകെ 18 മന്ത്രിമാരെ സര്‍ക്കാരില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും.
മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രി ഭഗവന്ത് മൻ ആഭ്യന്തര വകുപ്പ് കെെകാര്യം ചെയ്യും. ഹർപാൽ സിങ് ചീമ ധനമന്ത്രിയാകും. ഗുർമീത് സിങ് മീത് ഹയറിനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല. ദന്തൽ സർജനായ ഡോ.വിജയ് സിംഗ്ലയ്ക്ക് ആരോഗ്യ വകുപ്പും നേത്ര ശസ്ത്രക്രിയാ വിദഗ്ധയായ ഡോ. ബൽജിത് കൗറിന് സാമൂഹിക സുരക്ഷയും സ്ത്രീകളുടെയും കുട്ടികളുടെയും വികസന വകുപ്പും ലഭിച്ചു. മന്ത്രിസഭയിലെ ഏക വനിതാ അംഗമാണ് ബൽജിത് കൗര്‍.
English Summary: Punjab ministers are not Aam Aadmi
You may like this video also