Site icon Janayugom Online

പഞ്ചാബ്: സ്വയം തകരുന്ന കോണ്‍ഗ്രസ്

punjab congress

ഞ്ചാബിലെ കോണ്‍ഗ്രസ് സ്വയംതോറ്റുകൊടുക്കുന്നതിന് തീരുമാനിച്ചിരിക്കുന്നുവെന്നാണ് മനസിലാക്കേണ്ടത്. മുഖ്യമന്ത്രിയായിരുന്ന അമരിന്ദര്‍സിങ്ങിനെ മാറ്റി ചരംജിത് സിങ് ചന്നിയെ പ്രതിഷ്ഠിച്ചത് പ്രതീക്ഷയെക്കാള്‍ വിഭാഗീയത രൂക്ഷമാക്കുന്നതിലാണ് കലാശിച്ചിരിക്കുന്നത്. ഒഴിവാക്കപ്പെട്ട മുഖ്യമന്ത്രി അമരിന്ദറും പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള കലഹം പൊട്ടിത്തെറിയുടെ വക്കിലാണ്. ഏറ്റവും ഒടുവില്‍ സിദ്ദു അധ്യക്ഷസ്ഥാനത്തു നിന്നുള്ള രാജിക്കത്ത് കൈമാറുകയും ചെയ്തിരിക്കുന്നു. അമരിന്ദര്‍ ഡല്‍ഹിയിലെത്തി ബിജെപി നേതാക്കളെ കാണുമെന്നും സിദ്ദു കോണ്‍ഗ്രസില്‍ തുടരുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും എഎപിയില്‍ചേര്‍ന്നേക്കുമെന്നുമാണ് അവിടെന്ന് ഒടുവിലെത്തിയിരിക്കുന്ന വാര്‍ത്തകള്‍. ഇരുട്ടിവെളുക്കും മുമ്പ് എന്തൊക്കെ സംഭവിക്കുമെന്ന് പറയാനാവാത്തസ്ഥിതിയാണ്. പെട്ടെന്നായിരുന്നില്ല പഞ്ചാബിലെ കലഹങ്ങള്‍ ആരംഭിച്ചത്. രണ്ടാമതും മുഖ്യമന്ത്രിയായി അമരിന്ദര്‍ അധികാരമേറ്റതു മുതല്‍ അവിടെ, കോണ്‍ഗ്രസിന് ഭരണം കിട്ടിയ മറ്റു ചില സംസ്ഥാനങ്ങളിലെന്നതുപോലെ വിഭാഗീയത ആരംഭിച്ചിരുന്നു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ്, ഇന്ത്യന്‍ക്രിക്കറ്റ് ടീമില്‍ കളിച്ചിരുന്ന നവ്ജ്യോത് സിങ് സിദ്ദു ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തുന്നത്.

 

 

ബിജെപിയിലും വിമതന്റെ റോളിലായിരുന്നു സിദ്ദുവിന്റെ പ്രവര്‍ത്തനങ്ങള്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് പട്യാലയില്‍ ക്രിക്കറ്റ് കമന്റേറ്റരായിരിക്കുന്നതിനിടെയാണ് 2004ല്‍ അദ്ദേഹം ബിജെപിയിലെത്തുന്നത്. ആ വര്‍ഷംനടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച അദ്ദേഹത്തിന് തന്റെ പേരിലുള്ള കേസിന്റെ പേരില്‍ രണ്ടുവര്‍ഷത്തിന് ശേഷം സ്ഥാനം രാജിവയ്ക്കേണ്ടിവന്നു. എങ്കിലും കേസിന്റെ നടപടികള്‍ക്ക്സ്റ്റേ ലഭിച്ചതിനാല്‍ 2009 ലെ ഉപതെരഞ്ഞെടുപ്പില്‍ സിദ്ദുതന്നെ വീണ്ടും മത്സരിച്ച് ജയിച്ചു. 2014ല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ തെര‍ഞ്ഞെടുപ്പില്‍ അമൃത്‌സര്‍ ഒഴികെ മറ്റൊരിടത്തും മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് ബിജെപിയോട് കലഹിച്ചതിനാല്‍ മത്സരിക്കുവാന്‍ സീറ്റ് നല്കിയില്ല. അതുകഴിഞ്ഞാണ് 2017 ല്‍ ബിജെപി വിട്ട്കോണ്‍ഗ്രസിലെത്തുന്നത്. ബിജെപിയിലിരിക്കെ തന്നെ സഖ്യക്ഷിയായ അകാലിദളും അതിന്റെ നേതാക്കളുമായി നിരന്തരം കലഹത്തിലായത് ബിജെപിക്കുതന്നെ അസഹനീയമായിരുന്നു.

 


ഇതുകൂടി വായിക്കൂ: പഞ്ചാബ് കോണ്‍ഗ്രസില്‍ കലാപം: രണ്ട് മന്ത്രിമാരടക്കം നിരവധി നേതാക്കള്‍ രാജിവച്ചു


 

2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചുവെങ്കിലും കോണ്‍ഗ്രസ് അമരിന്ദറിനെയാണ് മുഖ്യമന്ത്രിയാക്കിയത് ഈ ഇഷ്ടക്കേട് പ്രകടിപ്പിക്കാതെ മന്ത്രിസഭയില്‍ ചേര്‍ന്നുവെങ്കിലും അമരിന്ദറിനോട് നിരന്തരം കലഹിച്ചുകൊണ്ടിരുന്നു. മന്ത്രിസഭയില്‍ പ്രമുഖനാകാതെ പോയതിന്റെ വെറുപ്പും പ്രത്യേക പരിഗണന ലഭിക്കാതെ പോകുന്നതും അദ്ദേഹത്തെ വീണ്ടും വിമതനാക്കി. അതുകൊണ്ടുതന്നെ മന്ത്രിസ്ഥാനം ഉപേക്ഷിച്ച് കോണ്‍ഗ്രസിനകത്ത് മുഖ്യമന്ത്രിയുടെ വിമതപക്ഷത്ത്നിന്ന് അമരിന്ദറിന് അസ്വസ്ഥതകള്‍ സമ്മാനിച്ചുകൊണ്ടേയിരുന്നു. അതിന്റെ ഒടുവിലാണ് അമരിന്ദറിന് സ്ഥാനത്യാഗം ചെയ്യേണ്ടിവന്നിരിക്കുന്നത്. അതിനിടയില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് അദ്ദേഹം അവരോധിതനായിരുന്നു. പഞ്ചാബിലെ കോണ്‍ഗ്രസിലെന്നതുപോലെ സിദ്ദുവിന്റെ രാഷ്ട്രീയജീവിതത്തിലും വിഭാഗീയതയും വിമത പ്രവര്‍ത്തനങ്ങളും മുഖമുദ്രയാണ്.

 

 

1992 ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസിന് രണ്ട് മുഖ്യമന്ത്രിമാരുണ്ടായി. പരസ്പരം തമ്മിലടിക്കുകയും ജനങ്ങളെ മറക്കുകയും ചെയ്തതുകൊണ്ടുതന്നെ പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷത്തിരിക്കുവാനാണ് ജനങ്ങള്‍ വിധിച്ചത്. 2002ല്‍ വീണ്ടും അധികാരത്തിലെത്തിയെങ്കിലും തമ്മിലടി പതിവായിരുന്നു. എങ്കിലും സൈന്യത്തിലെ ക്യാപ്റ്റനായിരുന്ന അമരിന്ദര്‍ അക്കാലത്തെ കേന്ദ്ര നേതൃത്വത്തിന്റെ പിന്‍ബലത്തോടെ അഞ്ചുവര്‍ഷം കാലയളവ് പൂര്‍ത്തിയാക്കി. പക്ഷേ ജനങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ വീണ്ടും കോണ്‍ഗ്രസിനെ പ്രതിപക്ഷത്തിരുത്തി. അത് പത്തുവര്‍ഷക്കാലത്തേയ്ക്കായിരുന്നുവെന്ന് മാത്രം. ബിജെപിയും സഖ്യകക്ഷികളും ചേര്‍ന്ന് നടത്തിയ ഭരണത്തോടുള്ള ജനങ്ങളുടെ വൈമുഖ്യമായിരുന്നു 2017ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുന്നതിനുള്ള പ്രധാനകാരണമായത്. അതുകൊണ്ട് ജനക്ഷേമകരമായ ഭരണനയങ്ങളും നടപടികളുമായി പിന്നീടും ജയിക്കുകയെന്ന സമീപനമായിരുന്നില്ല കോണ്‍ഗ്രസിന്റെ സംസ്ഥാന — കേന്ദ്ര നേതൃത്വത്തില്‍നിന്നുണ്ടായത്. അമരിന്ദര്‍ രാജിവയ്ക്കുന്നത് നാലര വര്‍ഷത്തിനു ശേഷമായിരുന്നുവെങ്കിലും ഭരണത്തെക്കാളേറെ പഞ്ചാബ് കോണ്‍ഗ്രസ് വാര്‍ത്തകളില്‍ നിറ‍ഞ്ഞത് മുഖ്യമന്ത്രിയും സിദ്ദുവും തമ്മിലുള്ള കലഹത്തിന്റെ പേരിലായിരുന്നു.

 


ഇതുകൂടി വായിക്കൂ:  കോണ്‍ഗ്രസേ… പഞ്ചാബ് ജുദ്ധം തീര്‍ത്തേ തീരൂ


 

ഇപ്പോള്‍ പുതിയ മുഖ്യമന്ത്രിയായി ചരംജിത് സിങ് ചന്നി അധികാരമേറ്റെടുത്തിരിക്കുന്നു. സംസ്ഥാനത്തെ ആദ്യദളിത് മുഖ്യമന്ത്രി എന്നൊക്കെയുള്ള വിശേഷണങ്ങളോടെയാണ് അവതരിപ്പിക്കപ്പെട്ടതെങ്കിലും അതൊന്നും ഗുണം ചെയ്യാനിടയില്ലെന്നാണ് വ്യക്തമാകുന്നത്. കാരണം പുതിയകലാപം അമരിന്ദറില്‍ നിന്നാണ് ആരംഭിച്ചിരിക്കുന്നത്. മാത്രവുമല്ല മുഖ്യമന്ത്രിസ്ഥാനത്ത് ചരംജിതിനായിരുന്നില്ല കോണ്‍ഗ്രസ് ആദ്യ പരിഗണന നല്കിയത്. അംബികാ സോണിയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെയായിരുന്നു. വിമുഖതകാട്ടിയ അംബിക ഒരു സിഖ് നിയമസഭാംഗത്തെ പരിഗണിക്കാനാണ് നിര്‍ദ്ദേശിച്ചത്. ഇതിനിടെ മന്‍പ്രീത് ബാദലാണ് ചരംജിത് സിങ്ങിന്റെ പേര് മുന്നോട്ടുവയ്ക്കുന്നത്. അങ്ങനെയാണ് അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്തിനുള്ള നറുക്ക് വീഴുന്നത്. താന്‍ പറയുന്നതിനപ്പുറം നില്ക്കില്ലെന്ന് സിദ്ദുവിന് ഉറപ്പുമുണ്ടായിരുന്നു. അതല്ലാതെ ദളിത് പ്രേമമായിരുന്നില്ല ചരംജിത്തിന്റെ സ്ഥാനലബ്ധിക്കു യഥാര്‍ത്ഥത്തില്‍ കാരണമായത്. സംസ്ഥാന ജനസംഖ്യയില്‍ 25 ശതമാനത്തിന്റെ പങ്കാളിത്തമുണ്ടായിരുന്ന ജാ‍ട്ട്സിഖ് വിഭാഗമായിരുന്നു ഇതുവരെ പഞ്ചാബിലെ രാഷ്ട്രീയ അധികാര കേന്ദ്രങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. അതില്‍നിന്ന് വ്യത്യസ്തമായി 32 ശതമാനത്തിന്റെ പങ്കാളിത്തമുള്ള ദളിത് വിഭാഗത്തില്‍ നിന്ന് ആദ്യമായി മുഖ്യമന്ത്രിയുണ്ടാവുന്നുവെന്നത് നല്ലകാര്യംതന്നെ. പ്രതിപക്ഷത്തിനുമേല്‍ താല്ക്കാലികമായെങ്കിലും മേല്‍ക്കൈ നേടാനും സാധിച്ചിരിക്കുന്നു. പക്ഷേ അതുഫലം ചെയ്യുമോയെന്ന് കാണാനിരിക്കുന്നതേയുള്ളൂ. കാരണം അമരിന്ദര്‍ ഇതിനകം തന്നെ കലാപസ്വരം ഉയര്‍ത്തിക്കഴിഞ്ഞു. മന്ത്രിസഭാ വികസനത്തില്‍ ചരംജിതാകട്ടെ സിദ്ദുവിന്റെ നിര്‍ദ്ദേശാനുസരണം അമരിന്ദറിന്റെ വലംകൈകളെ പുറത്തിരുത്തുകയും ചെയ്തിരിക്കുന്നു.

 

 

ഇത് പഞ്ചാബ് കോണ്‍ഗ്രസിലെ കലഹത്തിന് ആക്കംകൂട്ടുകയേ ചെയ്യുകയുള്ളൂ. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട അമരിന്ദര്‍, സിദ്ദുവിനെ മാത്രമല്ല ലക്ഷ്യം വച്ചിരിക്കുന്നത്. രാഹുല്‍, പ്രിയങ്ക സഹോദരങ്ങളെയും അതുവഴി കേന്ദ്ര നേതൃത്വത്തെയുമാണ്. സിദ്ദുവിനെ ഒരുവിധത്തിലും പഞ്ചാബില്‍ മുഖ്യമന്ത്രിയാകുവാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത തെര‍ഞ്ഞെടുപ്പില്‍ സിദ്ദുവിന്റെ ലക്ഷ്യം അതായിരിക്കുമെന്ന് അദ്ദേഹത്തിന്റെ സ്ഥാനമോഹങ്ങളെ കുറിച്ച് അറിയുന്ന ആര്‍ക്കും തര്‍ക്കവുമുണ്ടാകില്ല. സിദ്ദുവിനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും അദ്ദേഹത്തെ തോല്പിക്കുമെന്നുമാണ് അമരിന്ദര്‍ പറഞ്ഞിക്കുന്നത്. പഞ്ചാബിനെ അറിയാത്തവരാണ് ഡല്‍ഹിയിലിരുന്ന് സംസ്ഥാന കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത്. മൂന്നാഴ്ച മുമ്പ് തന്നെ രാജി സന്നദ്ധത അറിയിച്ച തന്നോട് സോണിയ ഗാന്ധി തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. അവര്‍ ആവശ്യപ്പെട്ടതിനാലാണ് തുടര്‍ന്നത്. രാഹുലിനെയും പ്രിയങ്കയെയും പേരെടുത്ത് വിമര്‍ശിച്ച അമരിന്ദര്‍ താന്‍ വേദനിപ്പിക്കപ്പെട്ടുവെന്നും ഒരു മുന്‍ സൈനികനെന്ന നിലയില്‍ കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്നും അമരിന്ദര്‍ സുവ്യക്തമായി പറഞ്ഞുവച്ചിട്ടുണ്ട്. ഇതില്‍ നിന്ന് എല്ലാം വ്യക്തമാണ്. പഞ്ചാബിലെ കോണ്‍ഗ്രസിനകത്തുനിന്ന് കലാപം അവസാനിക്കില്ലെന്നും അത് ഇനിയും ആളിപ്പടരുകയാണെന്നുമാണത്. വടക്കന്‍ ഇന്ത്യയിലെ മറ്റൊരു തുരുത്തുകൂടി നഷ്ടപ്പെട്ടേക്കുമെന്ന് മാത്രമേ ഇപ്പോള്‍ നിരീക്ഷകര്‍ വിലയിരുത്തുന്നുള്ളൂ. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള പുതിയ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നേരത്തേ താല്ക്കാലികമായി ഒതുക്കിയതാണെങ്കിലും നേതൃമാറ്റമെന്ന ആവശ്യം പൈലറ്റ് വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്. ഇതുസംബന്ധിച്ച ചര്‍ച്ചകളും ഡല്‍ഹിയില്‍ സജീവമാണ്. തോറ്റുതുന്നം പാടുമ്പോഴും സ്ഥാനമാനങ്ങളെ ചൊല്ലി കലഹിക്കുന്ന ഭിക്ഷാംദേഹികളുടെ മാത്രം പാര്‍ട്ടിയായി മാറിയിരിക്കുന്നു കോണ്‍ഗ്രസ്.

ഏതായാലും തെരഞ്ഞെടുപ്പില്‍ ജനങ്ങളില്‍ നിന്ന്, കര്‍ഷക പ്രക്ഷോഭത്തിന്റെ ഫലമായുണ്ടാകുന്ന അനുകൂല ഘടകങ്ങളും ദളിത് മുഖ്യമന്ത്രിയെന്ന പരിഗണനയും ലഭിക്കുന്നില്ലെങ്കില്‍ പഞ്ചാബ് കോണ്‍ഗ്രസിന്റെ ഭാവി ശുഭകരമാവില്ലെന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.

Exit mobile version