Site iconSite icon Janayugom Online

പഞ്ചാബ് x മുംബൈ ; ഐപിഎല്‍ രണ്ടാം ക്വാളിഫയര്‍ ഇന്ന്

ഐപിഎല്ലില്‍ ഫൈനലിലെത്താന്‍ മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്സും ഇന്ന് മുഖാമുഖം. രാത്രി 7.30ന് അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിലാണ് മത്സരം. ആറാം ഐപിഎല്‍ കിരീടം മുംബൈ ലക്ഷ്യമിടുമ്പോള്‍ ഐപിഎല്‍ ചരിത്രത്തിലെ കന്നിക്കിരീടമാണ് പഞ്ചാബിന്റെ ലക്ഷ്യം. അതിനായി ഇരുടീമുകള്‍ക്കും രണ്ട് ജയം മാത്രം. എന്നാല്‍ ആദ്യ കടമ്പ മറികടന്ന് ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടുന്നതാരാണെന്ന് ഇന്നറിയാം. ആദ്യ ക്വാളിഫയറില്‍ ബംഗളൂരുവിനോട് പരാജയപ്പെട്ടാണ് പഞ്ചാബിന്റെ വരവെങ്കില്‍ എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്പിച്ചാണ് മുംബൈയുടെ പ്രവേശനം. 2014ൽ ആണ് പഞ്ചാബ് കിങ്സ് അവസാനമായി ഫൈനലിൽ എത്തിയത്. അന്ന് ആദ്യ ക്വളിഫയറിൽ പഞ്ചാബ് കിങ്സ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനോട് തോറ്റു. രണ്ടാം ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്സിനെ തോല്പിച്ച് ഫൈനലിൽ കടന്നെങ്കിലും വീണ്ടും കൊല്‍ക്കത്തയോട് പരാജയപ്പെട്ടു. 

സീസണിന്റെ തുടക്കത്തിലെ തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷമാണ് മുംബൈയുടെ അവിശ്വസനീയ തിരിച്ചുവരവ്. ഏറ്റവുമൊടുവിലായി ഗുജറാത്തിനെതിരെ 20 റണ്‍സ് വിജയവും സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തു. 50 പന്തില്‍ 81 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ ബാറ്റിങ് കരുത്തിലാണ് മുംബൈ മികച്ച സ്കോര്‍ സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനായി സായ് സുദര്‍ശന്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുക്കാനെ ഗുജറാത്തിന് കഴിഞ്ഞുള്ളു. സായ് 49 പന്തില്‍ 80 റണ്‍സെടുത്തു. ജസ്പ്രീത് ബുംറയെന്ന മുംബൈയുടെ ബൗളിങ് കുന്തമുനയാണ് തോല്‍വിയിലേക്ക് കടന്നിരുന്ന മുംബൈയെ തിരിച്ച് വിജയവഴിയിലെത്തിച്ചത്. 

രണ്ടാം ക്വാളിഫയറില്‍ മുംബൈ പരാജയപ്പെട്ടത് രണ്ട് തവണ മാത്രമാണ്. 2011ലും 2023ലും ആണ് മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയറിൽ തോറ്റിട്ടുള്ളത്. 2011ൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോടും 2023ൽ ഗുജറാത്ത് ടൈറ്റൻസിനോടുമാണ്. അതേസമയം ഐപിഎല്‍ ചരിത്രത്തില്‍ പഞ്ചാബും മുംബൈയും തമ്മില്‍ പോരാടിയതില്‍ നേരിയ വ്യത്യാസത്തില്‍ മുംബൈക്കാണ് കൂടുതല്‍ വിജയം. 32 തവണ ഇരുകൂട്ടരും ഏറ്റുമുട്ടിയപ്പോള്‍ മുംബൈ 17ഉം പഞ്ചാബ് 15 ജയവും സ്വന്തമാക്കി. ഇത്തവണത്തെ ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ ഓരോ ജയം വീതം സ്വന്തമാക്കി. 

Exit mobile version