സാമ്രാജ്യത്വ ശക്തികളെ ആട്ടിപ്പായിക്കാൻ ഒരു നാടാകെ നടത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ സ്മരണകളുമായി ഗ്രാമങ്ങളൊഴുകി വയലാറിലെ ബലിത്തറയിലേക്ക്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ത്യജിച്ച രക്തനക്ഷത്രങ്ങൾക്ക് അഭിവാദ്യമേകി തലമുറഭേദമന്യേ ജനസഞ്ചയം നിരന്നപ്പോൾ വയലാർ വീണ്ടും ചുവന്നു. വാരിക്കുന്തമേന്തിയ പോരാളിയുടെ പ്രതിമയ്ക്ക് മുന്നിൽ ഇൻക്വിലാബ് മുഴക്കിയും പുഷ്പങ്ങൾ അർപ്പിച്ചും പുതുതലമുറ പ്രതിജ്ഞ പുതുക്കി.
വാർധക്യത്തിന്റെ അവശതകൾ മാറ്റിനിർത്തി സമരാനുഭവങ്ങൾ പങ്കുവച്ചെത്തിയ സേനാനികള്‍ പുതുതലമുറയ്ക്ക് ആവേശം പകർന്നു. ഇൻക്വിലാബ് വിളികളും ചെങ്കൊടികളുമായി ജന്മിത്തത്തിന്റെ കരാളതയ്ക്കും ദിവാൻഭരണത്തിന്റെ ക്രൂരതകൾക്കുമെതിരെ ജീവൻകൊടുത്തും പോരാടിയ രക്തസാക്ഷികൾക്ക് മരണമില്ലെന്ന് ജനം പ്രഖ്യാപിച്ചു. ഇതോടെ പുന്നപ്ര‑വയലാർ വാർഷിക വാരാചരണത്തിന് കൊടിയിറങ്ങി. പുന്നപ്ര രക്തസാക്ഷികളും പി കൃഷ്ണപിള്ള ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടിൽ നിന്നും മുൻമന്ത്രി ജി സുധാകരനും മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സിപിഐ(എം)നേതാവ് കെ വി ദേവദാസും തെളിയിച്ച് നൽകിയ ദീപശിഖകൾ അത്‌ലറ്റുകൾ വയലാർ രക്തസാക്ഷി മണ്ഡപത്തിലെത്തിച്ചു.
വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം സി സിദ്ധാർത്ഥൻ ദീപശിഖ ഏറ്റുവാങ്ങി മണ്ഡപത്തിൽ സ്ഥാപിച്ചു. പൊതുസമ്മേളനത്തിൽ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു, സിപിഐ(എം) കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്ക്, മന്ത്രിമാരായ പി പ്രസാദ്, വി എൻ വാസവൻ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, സിപിഐ(എം) ജില്ലാ സെക്രട്ടറി ആർ നാസർ, പി വി സത്യനേശൻ, ടി ടി ജിസ്‌മോൻ, എൻ എസ് ശിവപ്രസാദ്, എ എം ആരിഫ് എംപി, എം കെ ഉത്തമൻ, എംഎൽഎമാരായ എച്ച് സലാം, ദലീമ ജോജോ തുടങ്ങിയവർ സംസാരിച്ചു. എം സി സിദ്ധാർത്ഥൻ അധ്യക്ഷനായി. സെക്രട്ടറി പി കെ സാബു സ്വാഗതം പറഞ്ഞു.
English Summary: Punnapra-Vayalar
You may also like this video