ഐതിഹാസിക പുന്നപ്ര‑വയലാർ സമരത്തിന്റെ ഓർമ്മ പുതുക്കി 77-ാമത് വാർഷിക വാരാചരണത്തിന് ഇന്ന് കൊടിയുയരും. നൂറുകണക്കിന് കേന്ദ്രങ്ങളില്‍ ചെങ്കൊടികൾ ഉയരും.
ധീരരക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടിൽ സമരസേനാനി പി കെ മേദിനിയും പോരാളികൾ വെടിയേറ്റുമരിച്ച മാരാരിക്കുളത്ത് സിപിഐ(എം) ജില്ലാ സെക്രട്ടറി ആർ നാസറും പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയനും വൈകിട്ട് 5.30ന് പതാക ഉയർത്തും. ധീരന്മാർ അന്ത്യവിശ്രമം കൊള്ളുന്ന വയലാറിൽ നാളെ രാവിലെ 11ന് ആർ നാസറും മേനാശേരിയിൽ വൈകിട്ട് ആറിന് എൻ ജി രാജനും ചെങ്കൊടികൾ ഉയർത്തും.
വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള പതാകയും കൊടിമരവും വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുന്നപ്ര സമരഭൂമിയിൽ എത്തിച്ചേരും. വൈകിട്ട് 6.30ന് ‘ഭരണഘടനാ സംരക്ഷണം ഇന്ത്യയുടെ ഉത്തരവാദിത്തം’ എന്ന വിഷയത്തിൽ സെമിനാർ വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.
പതാക ജാഥകൾ വഴിനീളെ സ്വീകരണം ഏറ്റുവാങ്ങിയാണ് വൈകിട്ട് 5.30ന് വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ എത്തിച്ചേരുക. സി എച്ച് കണാരന്‍ അനുസ്മരണ സമ്മേളനത്തിൽ വി എസ് മണി അധ്യക്ഷനാകും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, മുൻ മന്ത്രി ജി സുധാകരൻ, എ എം ആരിഫ് എംപി തുടങ്ങിയവർ പങ്കെടുക്കും.
പതാക, കൊടിക്കയർ, ബാനർ ജാഥകൾ 5.30ന് മാരാരിക്കുളത്ത് എത്തിച്ചേരും. 6.30ന് ഇവിടെ ചേരുന്ന അനുസ്മരണ സമ്മേളനം സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. വാരാചരണ കമ്മിറ്റി പ്രസിഡന്റ് കെ ബി ബിമൽറോയ് അധ്യക്ഷനാകും. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി മുഖ്യപ്രഭാഷണം നടത്തും. കൃഷിമന്ത്രി പി പ്രസാദ്, സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് തുടങ്ങിയവർ സംസാരിക്കും.
English Summary: Punnapra-Vayalar annual week begins today
You may also like this video