ആലപ്പുഴ നഗരത്തിലെ സെന്റ് ജോർജ് സ്ട്രീറ്റിന് സമീപമുള്ള തോടിന്റെ ഒരു ഭാഗത്തായി വൻ ജനക്കൂട്ടമുണ്ടായിരുന്നു. കേട്ടവർ കേട്ടവർ ഓടിക്കൂടി. ടി വി തോമസിനെ പട്ടാളക്കാർ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത് പുറത്തേക്ക് കൊണ്ടുവരുന്നു. സർ സിപിയുടെ പട്ടാളത്തിന്റെ ക്രൂരത കണ്ടറിഞ്ഞവരും കേട്ടറിഞ്ഞവരും ആ കൂട്ടത്തിലുണ്ടായിരുന്നു. പന്ത്രണ്ടോളം വാഹനങ്ങളിലെത്തിയ പട്ടാളക്കാരാണ് രാവിലെ വീട് വളഞ്ഞത്. അകത്ത് സ്ത്രീകളുടെയും കുട്ടികളുടേയും കൂട്ടക്കരച്ചിൽ ഉയർന്നു. അക്ഷോഭ്യനായി ടിവി ഇറങ്ങി വന്നു. പ്രഭാതകൃത്യങ്ങൾ നിർവഹിക്കുവാൻ അനുവദിക്കണം. അല്ലെങ്കിൽ ഇപ്പോൾത്തന്നെ വരാം. പട്ടാളക്കാർ സമ്മതം മൂളി. കുറച്ചുകഴിഞ്ഞ് തലയുയർത്തി നട്ടെല്ല് നിവർത്തി പതറാതെ ടിവി ഇറങ്ങി വരുന്നു. നൂറുകണക്കിന് പട്ടാളക്കാരുടെ അകമ്പടിയോടെ നടന്നുവരുന്ന ടിവിയെ ശ്വാസമടക്കി ജനക്കൂട്ടം നോക്കിനിന്നു. വീട്ടുസാധനങ്ങൾ പട്ടാളക്കാർ തല്ലിത്തകർത്തു. 12 പശുക്കളെയും എരുമകളെയും മുനിസിപ്പാലിറ്റി വക സ്ഥലത്താക്കി. ഭക്ഷണം കിട്ടാതെ അവ ചത്തൊടുങ്ങി. കുടുംബാംഗങ്ങൾ വേറെ താമസസ്ഥലം തിരക്കിയിറങ്ങി. ടിവി പതറിയില്ല, തലചായ്ക്കാൻ സ്വന്തമായി ഇടമില്ലാത്ത പതിനായിരങ്ങൾ അദ്ദേഹത്തിന്റെ പിന്നിലുണ്ടായിരുന്നു. ‘പുന്നപ്ര‑വയലാർ സമരത്തിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു’ ‑രാജവാഴ്ചയ്ക്കെതിരായ ഈ സമരത്തിൽ പങ്കില്ലെന്ന് പറഞ്ഞാൽ കൊലക്കുറ്റത്തിൽ നിന്നും രക്ഷനേടാമെന്ന വാഗ്ദാനവുമായി എത്തിയ സർ സിപിയുടെ ദൂതന്റെ മുഖത്ത് നോക്കി ടിവി പൊട്ടിത്തെറിച്ചു.
കോടതിയിലും ഇതുതന്നെ ആവർത്തിച്ചു. അത് പറയുന്നയാളാണ് ടിവിയെന്ന് സിപിക്ക് നേരിട്ട് അനുഭവമുണ്ട്. സിപിയുടെ വസതിയായ തിരുവനന്തപുരത്തെ ഭക്തിവിലാസത്തിൽ അദ്ദേഹം ക്ഷണിച്ചതനുസരിച്ചാണ് ടിവിയും ശ്രീകണ്ഠൻ നായരുമെത്തിയത്. അറസ്റ്റ് വാറണ്ട് ഉള്ളതിനാൽ കണ്ണന്തോടത്ത് ജനാർദനൻ നായർ അക്കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. ചായസൽക്കാരം കഴിഞ്ഞ് സിപി ശാന്തനായി പറഞ്ഞു. ‘തൊഴിലാളികൾ രാഷ്ട്രീയത്തിൽ ഇടപെടരുത്. പുതുക്കിയെഴുതിയ ഭരണഘടനയിൽ തൊഴിലാളികൾക്കായി രണ്ട് പ്രതിനിധികൾ അസംബ്ലിയിൽ ഉണ്ടാകും. സാമ്പത്തിക ആവശ്യങ്ങൾ അംഗീകരിക്കാം’. ടിവി തിരിച്ചടിച്ചു: ‘അമേരിക്കൻ മോഡൽ ഭരണപരിഷ്കാരം തൊഴിലാളിവർഗത്തിന് സ്വീകാര്യമല്ല’. ഇതുകേട്ടതോടെ സർ സിപി ക്ഷോഭിച്ചു. ‘ഞാൻ വെറുമൊരു ദിവാനല്ല. 8000 പൊലീസുകാരുടെയും 4000 പട്ടാളക്കാരുടെയും അധിപനാണ്. സർവ സൈന്യാധിപനാണ്. എന്റെ നിർദേശം സ്വീകരിച്ചില്ലെങ്കിൽ നിങ്ങൾ ആലപ്പുഴയിൽ എത്തുന്നതിന് മുമ്പ് അതിന്റെ ഫലം അനുഭവിക്കും’. ടി വി തിരിച്ചടിച്ചു: ‘നമുക്ക് കാണാം’. ഉരുക്കും മനുഷ്യമാംസവും തമ്മിലേറ്റുമുട്ടിയ ദിനങ്ങൾ. തിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ കുഴിച്ചുമൂടിയെന്നവകാശപ്പെട്ട സർ സിപിക്ക് പിന്നീട് വെട്ടുകിട്ടി. ധീരനായ കെസിഎസ് മണി അതിന് നേതൃത്വം നൽകി. സ്വതന്ത്ര തിരുവിതാംകൂർ എന്ന ലക്ഷ്യത്തെ തൊഴിലാളിവർഗം ജീവൻ നൽകി പരാജയപ്പെടുത്തി. വയലാറിൽ വാരിക്കുന്തവുവുമായി നിൽക്കുന്ന സമരഭടന്റെ പ്രതിമയ്ക്ക് മുന്നിൽ ഒരേ ഒരു ഫോട്ടോ മാത്രമാണ് രക്തസാക്ഷി ദിനത്തിൽ സ്ഥാപിക്കുന്നത്. അത് വയലാർ സ്റ്റാലിനെന്ന് ജനങ്ങൾ നാമകരണം ചെയ്ത സി കെ കുമാരപ്പണിക്കരുടെതാണ്. ജന്മിത്തത്തിന്റെ കരാളഹസ്തങ്ങളിൽനിന്നും തൊഴിലാളിയുടെ കണ്ണീരൊപ്പാൻ സമ്പന്നതയുടെ ഉയരങ്ങളിൽ നിന്നും താഴേയ്ക്കിറങ്ങിയ പോരാളിയാണ് സി കെ കുമാരപ്പണിക്കർ. സ്വാമി അയ്യപ്പൻ കളരി അഭ്യസിച്ച മുഹമ്മയിലെ ഐതിഹ്യമേറുന്ന ചീരപ്പൻ ചിറ കുടുംബ പാരമ്പര്യം അദ്ദേഹത്തിനുണ്ട്.
ഇതുകൂടി വായിക്കൂ: പുന്നപ്ര വയലാറിന്റെ വീരസ്മരണ
സമ്പന്ന കുടുംബമായ കുന്തിരിശേരി തറവാട്ടിലെ അംഗം. സവർണ മേധാവിത്തം പാവപ്പെട്ട കുടിയാന്മാരെ അടിമകളെപ്പോലെ അടിച്ചമർത്തിയതിനെതിരെ തന്നാലാവുംവിധം ചെറുക്കുവാൻ ആദ്യം മുതൽ അദ്ദേഹത്തിനായി. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ അദ്ദേഹത്തെ സ്വാധീനിച്ചു. തിരുവിതാംകൂറിൽ രണ്ടാമതായി രജിസ്റ്റർ ചെയ്ത ചേർത്തല കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ പ്രസിഡന്റായി അദ്ദേഹത്തെ തെരഞ്ഞെടുത്തതോടുകൂടി തൊഴിലാളികളിൽ ആവേശമേറി. താലൂക്കിലാകെയുള്ള സംഘടനാ നേതൃത്വം അദ്ദേഹത്തിന്റെ കരുത്തുള്ള കരങ്ങളിലായി. പുന്നപ്ര വെടിവയ്പിനെത്തുടർന്ന് ചേർത്തല താലൂക്കിലും കിരാതവാഴ്ച ആരംഭിച്ചു. പട്ടാളവും പൊലീസും കൂടാതെ ജന്മിമാരുടെ ഗുണ്ടാസംഘവും അഴിഞ്ഞാടി. വീടുകളിൽ കഴിയാനാവാത്ത സ്ഥിതി. അവർ സുരക്ഷയ്ക്കായി ക്യാമ്പുകൾ ഒരുക്കി. വയലാറിൽ അവരുടെ നേതാവായി സി കെ കുമാരപ്പണിക്കർ നിലയുറപ്പിച്ചു. വിമാനം വഴി നോട്ടീസ് വിതരണം നടത്തിയ പട്ടാളം ബോട്ടുകളിൽ വിവിധ ഭാഗങ്ങളിലൂടെ ഇരച്ചുകയറി വെടിവയ്പ് ആരംഭിച്ചു. കയ്യിൽക്കിട്ടിയ ആയുധങ്ങളും വാരിക്കുന്തങ്ങളുമായി തൊഴിലാളികൾ ചെറുത്തുനിന്നു. ധീരനായ കുമാരപ്പണിക്കർ അവരുടെ മുന്നിലുണ്ടായിരുന്നു. നൂറുകണക്കിന് മനുഷ്യർ പിടഞ്ഞുവീണു. പിന്നീടുള്ള ദിവസങ്ങളിലും പട്ടാളത്തിന്റെ തേർവാഴ്ച തുടർന്നു. അവർക്ക് സി കെ കുമാരപ്പണിക്കരുടെ തലയാണ് ആവശ്യം. നാടാകെയുള്ള കുടിലുകൾ അവർ കത്തിച്ചു. കോപംമൂലം പട്ടാളക്കാർ കുന്തിരിശേരി തറവാട് തകർത്തു. വിലപിടിപ്പുള്ളതെല്ലാം കവർന്നു. ഒളിവിൽക്കഴിയവെ 1951ലാണ് അദ്ദേഹം അറസ്റ്റിലാകുന്നത്. ജയിലിൽ അദ്ദേഹം നടത്തിയ നിരാഹാര സമരവും ചരിത്രത്തിൽ ഇടം നേടി.
ജയിൽ മോചിതനായ അദ്ദേഹത്തെ സ്വീകരണ സമ്മേളനത്തിൽ വച്ച് വീണ്ടും അറസ്റ്റ് ചെയ്തു. പിന്നീടും ജയിൽവാസം. 1952ൽ നടന്ന തിരുക്കൊച്ചി അസംബ്ലി തെരഞ്ഞെടുപ്പിൽ ചേർത്തലയിൽ നിന്നും വിജയിച്ചതിന് ശേഷമാണ് അദ്ദേഹം ജയിൽ മോചിതനാകുന്നത്. 1957ൽ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് വയലാറിൽ പുഷ്പാർച്ചനയ്ക്ക് എത്തിയ ഇഎംഎസും, ടിവിയും ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ സന്ദർശിച്ചു. കുന്തിരിശേരി തറവാട് പൊളിച്ചതിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുവാൻ 1957ലെ സർക്കാർ തീരുമാനിച്ചുവെങ്കിലും കുടുംബം അത് നിരസിച്ചു. 1957 ജൂൺ 28ന് വയലാർ സമര നായകൻ സി കെ കുമാരപ്പണിക്കർ വിടപറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വവും അദ്ദേഹത്തിന് വിട നൽകുവാനെത്തി. 1957 ഒക്ടോബർ 27 പതിനൊന്നാം രക്തസാക്ഷി വാർഷിക ദിനത്തിൽ വയലാർ വെടിക്കുന്നിൽ (വയലാർ രക്തസാക്ഷി മണ്ഡപം) ഇഎംഎസ്, വയലാർ സമരനായകൻ സി കെ കുമാരപ്പണിക്കരുടെ ചിത്രം സ്ഥാപിച്ചു. ഈ ജനകീയ സമരത്തിൽ പങ്കെടുത്ത നേതാക്കൾ നിരവധിയാണ്. രക്തസാക്ഷികൾ നൂറുകണക്കിനായിരുന്നു. ജീവിച്ചിരിക്കുന്ന രക്തസാക്ഷികൾ അതിനെക്കാൾ എത്രയോ ഇരട്ടി വരും. സമ്പന്നതയുടെ നടുവിൽ നിന്നും നാടിനായി, തൊഴിലാളി വർഗത്തിനായി പൊരുതുവാനുറച്ച് രംഗത്തിറങ്ങിയവരാണ് ടിവിയും സി കെ കുമാരപ്പണിക്കരും. ജീവിതാവസാനം വരെ അവർ തൊഴിലാളിവർഗ സമരത്തെ നയിച്ചു. വിജയികളായി വിട പറഞ്ഞു.