Site iconSite icon Janayugom Online

പൂരം കൊടിയേറുന്നു; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഇന്ന് മുതല്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2025–26 സീസണില്‍ ഇന്ന് പന്തുരുളും. രാത്രി 12.30ന് നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളും ബേണ്‍മൗത്തും തമ്മിലുള്ള മത്സരത്തോടെയാണ് സീസണ്‍ തുടങ്ങുക. ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡിലാണ് മത്സരം. 2026 മേയ് 24 വരെ പ്രീമിയര്‍ ലീഗ് ആവേശം ഫുട്ബോള്‍ ലോകത്ത് നിറഞ്ഞു നില്‍ക്കും. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കിരീടവാഴ്ചയ്ക്ക് തടയിട്ടാണ് ലിവര്‍പൂള്‍ കഴിഞ്ഞ സീസണില്‍ ചാമ്പ്യന്മാരായത്. മുഹമ്മദ് സല ഉള്‍പ്പെടെയുള്ളവര്‍ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അവസാനമത്സരം വരെ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് സിറ്റി അവസാന നാലില്‍ ഇടംപിടിച്ചത്. ഇത്തവണ നഷ്ടമായ കിരീടം വീണ്ടെടുക്കാനുറച്ചാകും ഗാര്‍ഡിയോളയും സംഘവുമിറങ്ങുക. 

അതേസമയം കഴിഞ്ഞ സീസണില്‍ ആഴ്സണലിനും കിരീട സാധ്യതയുണ്ടായിരുന്നു. എന്നാല്‍ പ്രതിരോധത്തിലൂന്നിയ മത്സരമാണ് ആഴ്സണലിന് തിരിച്ചടിയായത്. ലിവര്‍പൂള്‍ സീസണില്‍ 41 ഗോള്‍ വഴങ്ങിയപ്പോള്‍ ആഴ്സണല്‍ 34 ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്. എന്നാല്‍ ഗോള്‍ നേട്ടത്തില്‍ ആഴ്സണല്‍ 38 കളികളില്‍ നിന്ന് 69 ഗോളുകള്‍ നേടിയപ്പോള്‍ ലിവര്‍പൂള്‍ 86 ഗോളുകള്‍ നേടി. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കഴിഞ്ഞ കുറച്ച് സീസണുകളിലായി മോശം പ്രകടനത്തിലൂടെയാണ് കടന്നുപോകുന്നത്. 13 തവണയാണ് യുണൈറ്റഡ് പ്രീമിയര്‍ ലീഗ് കിരീടം നേടിയത്. ഇത്തവണ നഷ്ടമായ പ്രതാപം തിരിച്ചുപടിക്കാനുറച്ചാകും അവരിറങ്ങുക. നാളെ ആസ്റ്റണ്‍ വില്ലയും ന്യൂകാസിലും തമ്മില്‍ ഏറ്റുമുട്ടും. വൈകിട്ട് അഞ്ചിനാണ് മത്സരം. രാത്രി 7.30ന് ബ്രൈറ്റണ്‍-ഫുള്‍ഹാം, സണ്ടര്‍ലാന്റ്-വെസ്റ്റ്ഹാം, ടോട്ടന്‍ഹാം-ബേണ്‍ലി എന്നീ ടീമുകള്‍ മത്സരിക്കും. രാത്രി 10ന് മാഞ്ചസ്റ്റര്‍ സിറ്റി, വോള്‍വ്സിനെ നേരിടും. 

Exit mobile version