പ്രകൃതി ബോധവും സാമൂഹ്യ ബോധവുമാണ് ഒരാളെ എഴുത്തുകാരനാക്കുന്നത്.
തന്റെ ഉടലിലൂടെയൊഴുകുന്ന ചോര എവിടെ നിന്നാണ് ഉറവയെടുത്തത് എന്ന ചോദ്യത്തിൽ നിന്നാണ് ഒരാളിൽ പ്രകൃതിബോധം ആദ്യ മുളപൊട്ടി അതിന്റെ വേരിനെ മണ്ണിലേക്കാഴ്ത്തുന്നത്. ആ നിലയ്ക്ക് വിവരിക്കുമ്പോൾ, കവിതയുടെ രക്തമാണ് ‘പെരുമ്പളപ്പുഴ’ എന്ന രാധാകൃഷ്ണൻ പെരുമ്പളയുടെ കാവ്യാഖ്യായികയിലൂടെയൊഴുകുന്നത്. ഉറവയെപ്പറ്റിയുള്ള ഓർമ്മകളും ഒഴുക്കിനെപ്പറ്റിയുള്ള ആശങ്കകളും സങ്കടങ്ങളുമാണ് ‘പെരുമ്പളപ്പുഴ’ എന്ന കാവ്യത്തിലൂടെ മലയാള കവിതയുടെ തീരങ്ങളെ ഉർവരമാക്കിയൊഴുകുന്നത്.
തുളുനാടും മലയാളനാടുംഇരു കരകളാക്കി ഒഴുകുന്ന ബഹുസ്വര സംസ്കാരത്തിന്റെ പ്രവാഹമാണ് ചന്ദ്രഗിരിപ്പുഴ. ചന്ദ്രഗിരിപ്പുഴയെ കാസർഗോഡ് നഗരത്തിലേക്കെത്തിച്ചേരുന്നതിന് മുൻപായി വിളിക്കുന്നത് പെരുമ്പളപ്പുഴയെന്നാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ലയായ കാസർക്കോട് ബഹുസ്വര സംസ്കാര പ്രവാഹങ്ങളുടെയും കേന്ദ്രമാണ്. നാനാത്വത്തിലൂടെ രൂപം പ്രാപിച്ച ഇന്ത്യാ ദേശത്തിന്റെ രൂപകമാണ് കാസർഗോഡ്. ഈ നാടിനെ കാവ്യ ചരിത്രത്തിൽ ശരിയായി അടയാളപ്പെടുത്തുന്ന രൂപകമാണ് ‘പെരുമ്പളപ്പുഴ’ എന്നു പറയാം. ജില്ലയിലെ ഉജ്വലമായ കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള ഗ്രാമമാണ് പെരുമ്പള.
കമ്മ്യൂണിസ്റ്റ് പാർട്ടി രൂപപ്പെട്ട നാൾ മുതൽ കേരളത്തിലെ അറിയപ്പെടുന്ന ഒട്ടേറെ കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രവർത്തന കേന്ദ്രമാവാൻ ഭാഗ്യം ലഭിച്ച നാടാണ് പെരുമ്പള. പാർട്ടി നിരോധിക്കപ്പെട്ട കാലത്ത് ഒരു ഒളിത്താവളമായിരുന്നു. പെരുമ്പളപ്പുഴയിൽ പ്രഭാതത്തിൽ മുങ്ങി നിവരുന്ന നേരത്ത് കവിക്ക് വിപ്ലവത്തിന്റെ ശുഭസൂര്യന്റെ ഉദയം സ്വപ്നം കാണാനാവുന്നത് അതിനാലാണ്. ഈ കാവ്യത്തിലൂടെ മുങ്ങി നിവരുന്നവർക്കും ആ അരുണ സാന്നിധ്യം പ്രസരിപ്പിക്കാനാവുന്നു എന്നത് കവിയുടെ സിരകൾക്ക് നാടിന്റെ ജൈവപ്രവാഹം വഹിക്കാനാവുന്നതിനാലാണ്. പെരുമ്പളയുടെ ദേശചരിത്രവും തുളുനാടിന്റെ സാംസ്കാരിക ചരിത്രവുമാണ് ഈ കാവ്യത്തിന് പിന്നിലെ പ്രചോദനം.
ഒരു ജനതയെ സാമൂഹ്യവും സാസ്കാരികവും പാരിസ്ഥിതികവുമായി നനച്ചു കൊണ്ട് പുഴ ഹരിതാഭമാക്കുന്നു. ഉപഭോഗവാസന മാത്രം കൈമുതലുള്ള ഇന്നത്തെ മനുഷ്യന് ആർത്തിയോടെ താൻ ഭോഗം ചെയ്തതിന്റെ അവശിഷ്ടം വലിച്ചെറിയാനും ഒഴിച്ചു വിടാനുമുള്ള ഓടയായാണ് പുഴയെ കാണുന്നത്. കാവ്യം മുന്നോട്ടു വെക്കുന്ന പുഴയുടെ ഇന്നത്തെ ചിത്രം മാലിന്യപൂരിതമായ ഇന്നത്തെ സമൂഹത്തിന്റെ നേർചിത്രമാവുന്നു.
20 ഖണ്ഡങ്ങളായാണ് ഈ കാവ്യാഖ്യായിക പൂർത്തിയാവുന്നത്. പ്രകൃതി, സമൂഹം, ചരിത്രം, രാഷ്ടീയം, സംസ്കാരം, വ്യക്തി ജീവിതം തുടങ്ങിയ കൈവഴികൾ ഈ പുസ്തകത്തിന്റെ നീരൊഴുക്കിനെ സമ്പന്നമാക്കുന്നു. പ്രകൃതി, സമൂഹം, സാഹിത്യം എന്നിവ ഒരേ ശരീരത്തിലെ അവയവങ്ങളായതിനാലാണ് പുഴയായൊഴുകുന്നതെല്ലാം കവിതയായും ഒഴുകുന്നത്.
കവിയുടെ സിരകളിലൂടെയും പുഴ ഒഴുകുന്നു. പുഴക്ക് വരുന്ന നാശങ്ങളോരോന്നും നാടിന്റെയും
തന്റെ തന്നെയും നാശമായി മാറുന്നത് കവിക്ക് ഹൃദയ വേദനയായി അനുഭവപ്പെടുന്നു.
കവിതയുടെ മൂന്നാംകരയിലേക്ക് നോക്കാനുള്ള കവിയുടെ ആർജവം
ഈ പുസ്തകത്തെ പ്രസന്നമാക്കുന്നു. മലയാള സാഹിത്യത്തിൽ ആഴത്തിലും വിസ്താരത്തിലും പുഴയുടെ പാഠപുസ്തകമായി നിറഞ്ഞൊഴുകുന്നു ‘പെരുമ്പളപ്പുഴ’ എന്ന കാവ്യം.
രാധാകൃഷ്ണൻ പെരുമ്പളയുടെ കാവ്യജീവിതത്തിലെ ഒരു മാസ്റ്റർ പീസാണ് ഈ കാവ്യം.
പെരുമ്പളപ്പുഴ
(കവിത)
രാധാകൃഷ്ണൻ പെരുമ്പള
ചെമ്പരത്തി പ്രസാധനം
വില: 130 രൂപ