Site iconSite icon Janayugom Online

പുത്തുമല ഹൃദയഭൂമിയില്‍ ഇന്ന് പുഷ്പാര്‍ച്ചന

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം സംഭവിച്ച് ഒരാണ്ട് പിന്നിടുമ്പോള്‍ പുത്തുമലയില്‍ ദുരന്തത്തിനിരയായവരെ സംസ്കരിച്ച ഭൂമിയില്‍ ഇന്ന് രാവിലെ 10ന് സര്‍വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടക്കും. ജില്ലാ ഭരണകൂടവും മേപ്പാടി ഗ്രാമപഞ്ചായത്തും സംയുക്തമായി മേപ്പാടി എംഎസ്എ ഓഡിറ്റോറിയത്തില്‍ ഇന്ന് ഉച്ചയ്ക്ക് 12ന് അനുസ്മരണ യോഗം സംഘടിപ്പിക്കും. ഹൃദയഭൂമിയിലേക്കും തിരിച്ച് മേപ്പാടി ഓഡിറ്റോറിയത്തിലേക്കും മണ്മറഞ്ഞവരുടെ ബന്ധുക്കള്‍ക്കും പ്രദേശവാസികള്‍ക്കും നാട്ടുകാര്‍ക്കും എത്താന്‍ കെഎസ്ആര്‍ടിസി സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. മേപ്പാടി പഞ്ചായത്ത് ഓഫിസ് പരിസരത്ത് നിന്നും രാവിലെ ഒമ്പത് മുതല്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. പുത്തുമല ഹൃദയഭൂമിയിലും മേപ്പാടി എംഎസ്എ ഓഡിറ്റോറിയത്തിലും നടക്കുന്ന യോഗങ്ങളില്‍ മന്ത്രിമാരായ അഡ്വ. കെ രാജന്‍, എ കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു, പി എ മുഹമ്മദ് റിയാസ്, പ്രിയങ്കാ ഗാന്ധി എംപി, എംഎല്‍എമാരായ ടി സിദ്ധിഖ്, ഐ സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ബിന്ദു, കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബു, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുക്കും. 

മരിച്ചവരെ അടക്കം ചെയ്ത പുത്തുമല ശ്‌മശാന ഭൂമി “ജൂലൈ 30 ഹൃദയഭൂമി” എന്ന പേരിലാണ് അറിയപ്പെടുക. മേപ്പാടി ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ദിവസം നടന്ന സർവകക്ഷി യോഗത്തിൽ വച്ചാണ് ഈ പേര് നിർദേശിക്കപ്പെട്ടത്.
ഉരുള്‍ പൊട്ടലില്‍ എല്ലാം നഷ്ടമായവര്‍ക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ പുനരധിവാസ ടൗൺഷിപ്പ് നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. അഞ്ച് സോണുകളിലായി 410 വീടുകളാണുള്ളത്. ആദ്യ സോണിൽ 140, രണ്ടിൽ 51, മൂന്നിൽ 55, നാലിൽ 51, അഞ്ചാം സോണിൽ 113 എന്നിങ്ങനെയാണ് വീടുകള്‍. ഇതിന്റെ ഭാഗമായി മാതൃകാ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി.

Exit mobile version