Site iconSite icon Janayugom Online

സൈനിക നടപടിക്ക് കാരണം പാശ്ചാത്യരാജ്യങ്ങളുടെ ഇടപെടലെന്ന് പുടിന്‍

UkraineUkraine

പാശ്ചാത്യ രാജ്യങ്ങളുടെ ഇടപെടലുകളാണ് ഉക്ര‍െയ്‍നിലെ സൈനിക നടപടിക്ക് കാരണമായതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്‍. ഉക്ര‍െയ്‍നിലെ സംഘര്‍ഷത്തിന് കാരണം പാശ്ചാത്യരാജ്യങ്ങളാണ്. ഉക്രെയ്ന്‍ വിഷയത്തില്‍ ഇടപെടുന്നവര്‍ക്ക് മിന്നല്‍ വേഗത്തില്‍ നടപടിയുണ്ടാകുമെന്നും പുടിന്‍ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ്ബർഗിൽ റഷ്യൻ നിയമനിർമ്മാണ സഭയിലെ അംഗങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉക്രെയ്‍ന് വിദേശശക്തികൾ വൻതോതിൽ ആയുധവും പണവും നൽകണമെന്നും ബ്രിട്ടൻ നൽകിയ ആയുധങ്ങൾ ഉപയോഗിച്ചാണ് റഷ്യൻ നടപടികളെ ഉക്രെയ്ൻ പ്രതിരോധിച്ചതെന്നും യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് പറഞ്ഞതിന് പിന്നാലെയാണ് പുടിന്റെ പ്രതികരണം. പാശ്ചാത്യ ശക്തികൾ ടാങ്കുകളും യുദ്ധവിമാനങ്ങളും ഉക്രെയ്‍നിലേക്ക് അയയ്ക്കണമെന്നും ലിസ് ട്രസ് ആവശ്യപ്പെട്ടിരുന്നു.
ഉക്രെയ്ന് ആയുധം നൽകുന്ന ബ്രിട്ടന്റെ സൈനിക കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്താൻ മടിക്കില്ലെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.

റഷ്യൻ സൈനിക വിന്യാസത്തെ തടസപ്പെടുത്തുകയും ഉക്രെയ്‍ന് ആയുധം നൽകി എരിതീയിൽ എണ്ണ ഒഴിക്കുകയും ചെയ്യുന്ന നാറ്റോ രാജ്യങ്ങളുടെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ റഷ്യക്ക് കഴിയുമെന്ന് നിങ്ങൾ മനസിലാക്കുന്നില്ലേ എന്നായിരുന്നു റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖരോവയുടെ ചോദ്യം. ഉക്രെയ്നിലെ അധിനിവേശത്തെ എതിർക്കുന്ന അയൽരാജ്യങ്ങളായ ബൾഗേറിയയ്ക്കും പോളണ്ടിനുമുള്ള പ്രകൃതിവാതക വിതരണം നിർത്തിവച്ച റഷ്യൻ നടപടി ബ്ലാക്‌മെയിലിങ് ആണെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ലെയ്ൻ ആരോപിച്ചു.
യുഎസിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും ഉപരോധങ്ങളെ മറികടക്കാൻ പ്രകൃതിവാതകത്തിന്റെ വില റൂബിളിൽ വേണമെന്ന് റഷ്യ ആവശ്യപ്പെട്ടതോടെ റൂബിൾ രണ്ട് വർഷത്തെ ഏറ്റവും മെച്ചപ്പെട്ട നിലയിലേക്കുയർന്നു.

Eng­lish Sum­ma­ry: Putin blames West­ern inter­ven­tion for mil­i­tary action

You may like this video also

Exit mobile version