റഷ്യന്‍ അധിനിവേശം ഒരു വര്‍ഷം തികയാനിരിക്കെ അപ്രതീക്ഷിത ഉക്രെയ‍്ന്‍ സന്ദര്‍ശനവുമായി യുഎസ് പ്രസിഡന്റ് ജോ ബെെഡന്‍. പോളണ്ടിലേക്കുള്ള യാത്രാ മധ്യേയാണ് ബെെഡന്‍ കീവിലെത്തിയത്. റഷ്യന്‍ അധിനിവേശത്തിന് ശേഷം ഇതാദ്യമായാണ് ബൈഡന്‍ ഉക്രെയ്നിലെത്തുന്നത്.
പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‍കിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉക്രെയ‍്ന് യുഎസിന്റെ അചഞ്ചലമായ പിന്തുണയുണ്ടാകുമെന്നും ബെെഡന്‍ വ്യക്തമാക്കി. ഒരു വര്‍ഷം മുമ്പ് വ്ലാദിമിര്‍ പുടിന്‍ അധിനിവേശം ആരംഭിച്ചപ്പോള്‍ ഉക്രെയ‍്ന്‍ ദുര്‍ബലമാണെന്നും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ വിഭജിക്കപ്പെട്ടതായും അദ്ദേഹം വിശ്വസിച്ചു. ഞങ്ങളെ മറികടക്കാമെന്ന പുടിന്റെ തോന്നലില്‍ തെറ്റുപറ്റി. ഉക്രെയ‍്നുള്ള പിന്തുണ ആവര്‍ത്തിച്ച് ഉറപ്പു നല്‍കുന്നതിനാണ് വിപുലമായ ചര്‍ച്ചകള്‍ക്കായി സെലന്‍സ്‍കിയുമായും സംഘവുമായും കീവില്‍ ചര്‍ച്ച നടത്തിയതെന്ന് ബെെഡന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഉക്രെയ‍്ന് പീരങ്കി വെടിയുണ്ടകള്‍, വ്യോമ നിരീക്ഷണ റഡാറുകള്‍ എന്നിവയുള്‍പ്പെടെ കൂടുതല്‍ ഉപകരണങ്ങള്‍ നല്‍കുമെന്നും ബെെഡന്‍ പ്രഖ്യാപിച്ചു. റഷ്യയെ സഹായിക്കുന്ന ഉന്നതര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ അധിക ഉപരോധം ഏര്‍പ്പെടുത്തും. റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കുന്നതിന് ഉക്രെയ‍്നെ സഹായിക്കാന്‍ അറ്റ്ലാന്റിക് മുതല്‍ പസഫിക് വരെയുള്ള രാജ്യങ്ങളുടെ ഒരു സഖ്യം യുഎസ് രൂപപ്പെടുത്തിയിട്ടുണ്ടെന്നും ബെെഡന്‍ കൂട്ടിച്ചേര്‍ത്തു. ഉക്രെയ‍്ന്‍ പൗരന്മാരെ ധീരര്‍ എന്നാണ് ബെെഡന്‍ വിശേഷിപ്പിച്ചത്. അധിനിവേശത്തിന്റെ ഒന്നാം വാർഷികത്തിൽ ഉക്രെയ്ന് ലഭിച്ച നിർണായക പിന്തുണയാണ് ബെെഡന്റെ സന്ദര്‍ശനമെന്ന് സെലന്‍സ്കി പ്രതികരിച്ചു.
സെെനിക വിപുലീകരണവും പുതിയ യുദ്ധതന്ത്രങ്ങളും പുടിന്‍ പ്രഖ്യാപിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ബെെഡന്റെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. റഷ്യക്കെതിരെ പാശ്ചാത്യരാജ്യങ്ങള്‍ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനത്തെ നയതന്ത്ര വിദഗ്‍ധര്‍ വിലയിരുത്തുന്നത്. അതീവ രഹസ്യമായാണ് ബെെഡന്റെ സന്ദര്‍ശനം യുഎസ് കെെകാര്യം ചെയ്തത്. പ്രസിഡന്റിന്റെ ഔദ്യോഗിക കാര്യാലയം പുറത്തിറക്കിയ ബൈഡന്റെ പരിപാടികളുടെ പട്ടികയിലും ഉക്രെയ്‍നിലെത്തുന്ന വിവരം ഉണ്ടായിരുന്നില്ല. പോളണ്ട് അതിർത്തിയിൽ നിന്ന് ട്രെയിൻ മാർഗമാണ് ബൈഡൻ ഉക്രെയ്നിൽ എത്തിയതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
English Summary;Putin is wrong: Ukraine is not weak, says Beden
You may also like this video