Site icon Janayugom Online

പുടിന്‍ ഉത്തര കൊറിയ സന്ദര്‍ശിക്കുന്നു; മുന്നറിയിപ്പുമായി യുഎസും ദക്ഷിണ കൊറിയയും

റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഉത്തര കൊറിയ സന്ദര്‍ശിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സന്ദര്‍ശനത്തെകുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ യുഎസും ദക്ഷിണ കൊറിയയും മുന്നറിയിപ്പുമായി രംഗത്തെത്തി. ഉത്തര കൊറിയയുമായി അടുത്ത സൈനിക ബന്ധം സ്ഥാപിക്കുന്നതിനെതിരെയാണ് മുന്നറിയിപ്പ്. സന്ദര്‍ശനത്തോടനുബന്ധിച്ച് കിം ഇല്‍ സങ് സ്‌ക്വയറില്‍ പരേഡിന് സാധ്യതയുണ്ടെന്ന സൂചന നല്‍കി പ്യോങ്യാങ്ങിലെ വിമാനത്താവളത്തില്‍നിന്ന് സിവിലിയന്‍ വിമാനങ്ങള്‍ നീക്കം ചെയ്തതായി സിയോള്‍ ആസ്ഥാനമായുള്ള വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ സെപ്റ്റംബറില്‍ ഒരാഴ്ച നീണ്ട റഷ്യന്‍ പര്യടനത്തിനുശേഷം ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്താന്‍ പുടിന്‍ പദ്ധതിയിടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉക്രെയ്‌നിലെ യുദ്ധത്തിന് റഷ്യക്ക് ആയുധങ്ങള്‍ നല്‍കിയതിന് പകരമായി ഉത്തര കൊറിയക്ക് ബഹിരാകാശ പദ്ധതിയില്‍ റഷ്യന്‍ സഹായം നല്‍കാന്‍ ഇരു നേതാക്കളും സമ്മതിച്ചതായും അഭ്യൂഹങ്ങള്‍ ഉയര്‍ന്നു.

റഷ്യ ഉത്തര കൊറിയന്‍ ആയുധങ്ങളും വെടിക്കോപ്പുകളും ഉപയോഗിക്കുന്നുവെന്നത് അസംബന്ധമാണെന്നായിരുന്നു മോസ്കോയുടെ പ്രതികരണം. എന്നാല്‍, ജനുവരി രണ്ടിന് റഷ്യന്‍ പ്രദേശത്തുനിന്ന് വിക്ഷേപിച്ച് ഉക്രെയ്ന്‍ നഗരമായ ഖാര്‍കിവില്‍ പതിച്ച മിസൈലിന്റെ അവശിഷ്ടങ്ങള്‍ ഉത്തര കൊറിയന്‍ ഹ്വാസോംഗ് ‑11 സീരീസ് ബാലിസ്റ്റിക് മിസൈലില്‍ നിന്നുള്ളതാണെന്ന് യുഎന്‍ നിരീക്ഷകര്‍ കണ്ടെത്തിയിരുന്നു.

റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള അടുത്ത സൈനിക ബന്ധം മേഖലയില്‍ കൂടുതല്‍ അസ്ഥിരതക്ക് കാരണമാകുമെന്ന് യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി കുര്‍ട്ട് കാംബെല്‍ തന്റെ ദക്ഷിണ കൊറിയന്‍ പ്രതിനിധി കിം ഹോങ്-ക്യുനിനെ അറിയിച്ചിരുന്നു. ദക്ഷിണ കൊറിയയും ആശങ്കയോടെയാണ് കാര്യങ്ങള്‍ നോക്കിക്കാണുന്നത്. സംഭവ വികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുയാണെന്ന് ദക്ഷിണ കൊറിയയുടെ വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

Exit mobile version