Site iconSite icon Janayugom Online

ഐസിസിയുടെ അറസ്റ്റ് വാറണ്ട്; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പുടിന്‍ പങ്കെടുക്കില്ല

അടുത്ത മാസം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ബ്രിക്‌സ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ പങ്കെടുക്കില്ല. അന്താരാഷ്ട്ര ക്രിമിനൽ കോടതി പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തിലാണ് തീരുമാനം. ഐസിസി അംഗമെന്ന നിലയിൽ ദക്ഷിണാഫ്രിക്കയിലെത്തുന്ന പക്ഷം പുടിനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കും. പുടിൻ ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറിൽ റമഫോസയുടെ വക്താവ് വിൻസെന്റ് മഗ്‌വേനിയ പ്രസ്താവനയിൽ പറഞ്ഞു.
പുടിനു പകരം വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഉച്ചകോടിയില്‍ റഷ്യയെ പ്രതിനിധീകരിക്കും. ഓഗസ്റ്റ് 22 നും 24 നും ഇടയിൽ ജോഹന്നാസ്ബർഗിൽ നടക്കാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലേക്ക് പുടിനെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. എന്നാല്‍ പുടിനെ ഉച്ചകോടിയില്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആഭ്യന്തര, അന്തർദേശീയ സമ്മർദ്ദം ശക്തമായിരുന്നു. ഉക്രെയ‍്ന്‍ കുട്ടികളെ റഷ്യ നിയമവിരുദ്ധമായി നാടുകടത്തുന്നു എന്നാരോപിച്ചാണ് പുടിനെതിരെ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ദക്ഷിണാഫ്രിക്കയിലെത്തുന്ന പുടിനെ അറസ്റ്റ് ചെയ്യുന്നത് റഷ്യക്കെതിരായ യുദ്ധ പ്രഖ്യാപനത്തിന് തുല്യമാകുമെന്നാണ് റമഫോസ വിശേഷിപ്പിച്ചത്. രാജ്യത്തെ മുൻനിര പ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റിക് അലയൻസ് (ഡിഎ) നൽകിയ അപേക്ഷയ്ക്ക് റുപടിയായി നൽകിയ സത്യവാങ്മൂലത്തിലാണ് ഈ വിലയിരുത്തൽ. അറസ്റ്റ് നടപ്പാക്കുന്നത് സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ക്രമത്തിനും ഭീഷണിയാകുമെന്ന് വാദിക്കുന്ന ദക്ഷിണാഫ്രിക്ക ഐസിസി നിയമങ്ങൾ പ്രകാരം ഇളവ് തേടുകയാണെന്നും സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തി. പുടിൻ ആതിഥേയത്വം വഹിക്കുന്നത് റഷ്യയ്ക്കുള്ള പിന്തുണയുടെ സൂചനയായി വിലയിരുത്തുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം.

eng­lish summary;Putin will not attend the BRICS sum­mit in South Africa

you may also like this video;

Exit mobile version