Site iconSite icon Janayugom Online

പുത്തൂർ സുവോളജിക്കൽ പാർക്ക് അടുത്തവർഷം തുറക്കും

പുത്തൂർ സുവോളജിക്കൽ പാർക്ക് അടുത്തവർഷം ജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. റവന്യൂ മന്ത്രി കെ രാജനൊപ്പം പാർക്ക് നിർമ്മാണ പ്രവൃത്തികൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജൂലൈ മാസത്തോടെ പക്ഷികളെയും കൂടുതൽ മൃഗങ്ങളെയും എത്തിച്ചു തുടങ്ങും. ഇന്ത്യക്ക് പുറത്തുനിന്ന് മൃഗങ്ങളെ കൊണ്ടുവരുന്ന കാര്യവും ആലോചനയിലുണ്ട്. ഇക്കാര്യങ്ങളിൽ സൂ അതോറിറ്റി ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ടു വരികയാണെന്നും മന്ത്രി പറഞ്ഞു. നിർമ്മാണപ്രവൃത്തികൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ പുരോഗമിക്കുന്നുണ്ട്. ശേഷിക്കുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കും.

പാർക്കിന്റെ രണ്ടാംഘട്ട നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്നും മൂന്നാംഘട്ടം ആരംഭിച്ചതായും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. കിഫ്ബിയിൽ നിന്നും 269.75 കോടിയും പ്ലാൻഫണ്ടിൽ നിന്ന് 40 കോടിയും ഉൾപ്പെടുത്തിയാണ് പാർക്ക് നിർമാണം ആരംഭിച്ചത്. ഇപ്പോൾ പ്ലാൻ ഫണ്ടിൽ നിന്നും ആറ് കോടി കൂടി അനുവദിച്ചു. 210 കോടിയുടെ നിർമ്മാണപ്രവൃത്തികൾ പൂർത്തിയായി. തടസങ്ങളൊന്നുമില്ലാതെ പ്രതീക്ഷിച്ച രീതിയിൽ പ്രവൃത്തികൾ മുന്നോട്ട് പോവുകയാണെന്നും 2024 തുടക്കത്തിൽ തന്നെ അഭിമാനകരമായി പുത്തൂർ സുവോളജിക്കൽ പാർക്ക് നാടിന് സമർപ്പിക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

സൂ അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതിയോടെ വിദേശ മൃഗങ്ങളെ കൊണ്ടുവരുന്നതിനും പാർക്കിൽ യാത്രക്ക് 30 ട്രാം സജ്ജമാക്കുന്നതിനും നിരവധിപേർ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ജൂൺ 30നുശേഷം ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. പുത്തൂർ സുവോളജിക്കൽ പാർക്ക് സ്പെഷ്യൽ ഓഫീസർ കെ കെ വർഗീസ്, ഡയറക്ടർ ആർ കീർത്തി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, സിസിഎഫ് സെൻട്രൽ സർക്കിൾ അനൂപ് കെ ആർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 

Eng­lish Summary:Puttur Zoo­log­i­cal Park will open next year

You may also like this video

Exit mobile version