പി വി അൻവർ ബേപ്പൂരിൽ തന്നെ മത്സരിക്കുമെന്ന് ആൾ ഇന്ത്യാ തൃണമൂൽ കോൺഗ്രസ് കേരള ഘടകം ചീഫ് കോ-ഓർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. യുഡിഎഫ് തീരുമാനത്തിന് ശേഷമേ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാവുകയുള്ളൂവെങ്കിലും ബേപ്പൂരിൽ തന്നെ മത്സരിക്കുമെന്നാണ് അൻവർ അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നേതൃത്വത്തിനോട് കൂടുതല്‍ സീറ്റുകള്‍ പാര്‍ട്ടി ആവശ്യപ്പെടും. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ കേരള സംസ്ഥാന കൺവീനറായി മുൻ എംഎൽഎ പി വി അൻവറിനെ 2025 ഫെബ്രുവരിയിൽ അഖിലേന്ത്യാ നേതൃത്വം പ്രഖ്യാപിച്ചതാണ്.
ഇതോടെ നേരത്തെ കേരളത്തിലുണ്ടായിരുന്ന തൃണമൂൽ കോൺഗ്രസിന്റെ കേരളഘടകം നിലനിൽക്കുന്നതല്ലെന്നും ദേശീയ നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. അൻവറിന്റെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന് 14 ജില്ലാ കമ്മിറ്റികളും 92 ഓളം അസംബ്ലി നിയോജക മണ്ഡലങ്ങളിലും കമ്മിറ്റികളുണ്ട്. ചില വ്യക്തികൾ ഞങ്ങളാണ് തൃണമൂൽ കോൺഗ്രസെന്ന് പറഞ്ഞ് മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
ഇവർക്കെതിരെ കൊൽക്കത്ത പൊലീസിൽ ദേശീയ നേതൃത്വം പരാതി നൽകിയിട്ടുണ്ടെന്നും അവിടെ നിന്ന് പലതവണ ഹാജരാകാൻ നോട്ടീസ് അയച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിൽ ഇത്തരം വ്യക്തികൾക്കെതിരെ അറസ്റ്റ് വാറന്റ് നിലനിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് ഭാരവാഹികളായ ഹംസ പാറക്കാട്ട്, പ്രസീത അഴീക്കോട്, നിസ്സാർ മേത്തർ, അസ്ലം ബക്കർ, നിയാസ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

