Site iconSite icon Janayugom Online

കൂളിമാട് പാലത്തിന്റെ മൂന്ന് ബീമുകൾ മാറ്റണമെന്ന് പിഡബ്ല്യുഡി വിജിലൻസ്

കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ ബീമുകൾ നിർമ്മാണത്തിനിടെ തകര്‍ന്ന സംഭവത്തിൽ പാലത്തിന്റെ മൂന്ന് ബീമുകളും മാറ്റേണ്ടിവരുമെന്ന് പിഡബ്ല്യുഡി വിജിലൻസ് വിഭാഗം വ്യക്തമാക്കി. നിർമ്മാണത്തിനിടെ ഹൈഡ്രോളിക് ജാക്കി തകരാറിലായതാണ് സ്ലാബുകൾ തകരാൻ കാരണമെന്നായിരുന്നു നിർമ്മാണ ചുമതലയിലുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ വിശദീകരണം.

ഇക്കാര്യം സ്ഥിരീകരിക്കണമെങ്കിൽ വിശദമായ പരിശോധന ആവശ്യമാണെന്നും വിജിലൻസ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയർ എം അൻസാർ പറഞ്ഞു.
പാലത്തിന്റെ മറുകരയിലുള്ള മപ്രം ഭാഗത്താണ് പിഡബ്ല്യുഡി വിജിലൻസ് വിഭാഗം ഇന്നലെ പരിശോധന നടത്തിയത്. നിർമ്മാണത്തിൽ അപാകതകളുണ്ടോയെന്ന് പരിശോധിക്കാൻ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർദേശിച്ചതിനെ തുടർന്നായിരുന്നു പരിശോധന.

വിശദ പരിശോധനയ്ക്ക് ശേഷം വിജിലൻസ് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. സംസ്ഥാന വിജിലൻസ് വിഭാഗവും പാലത്തിൽ പരിശോധന നടത്തി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഇൻസ്പെക്ടർ കെ ജയന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. റിപ്പോർട്ട് ഉടൻ സർക്കാരിനു സമർപ്പിക്കും.

തിങ്കളാഴ്ച രാവിലെയാണ് ചാലിയാറിന് കുറുകെയായി നിര്‍മ്മിക്കുന്ന പാലത്തിന്റെ ബീം തകർന്നുവീണത്. മൂന്ന് തൂണുകൾക്ക് മുകളിൽ സ്ലാബ് ഇടുന്നതിന് വേണ്ടി സ്ഥാപിച്ച ബീമുകളാണ് തകർന്നുവീണത്.

Eng­lish summary;PWD vig­i­lance to replace three beams of Kooli­mad bridge

You may also like this video;

Exit mobile version