Site icon Janayugom Online

ഖത്തര്‍ അമീറുമായി മോഡിയുടെ കൂടിക്കാഴ്ച; വധശിക്ഷ കാത്തുകഴിയുന്ന ഇന്ത്യക്കാരെക്കുറിച്ച് ഖത്തറിന് മൗനം

amir

കോപ്28 കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഖത്തര്‍ അമീറുമായി സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. എന്നാല്‍ ചാരവൃത്തി ആരോപിച്ച് എട്ട് ഇന്ത്യന്‍ വംശജര്‍ ഖത്തറില്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന വിഷയം ചര്‍ച്ചയായില്ല.

നേരത്തെ ഇന്ത്യന്‍ നാവികരുടെ മോചനം സാധ്യമാക്കാന്‍ ആവുന്നതെല്ലം ചെയ്യുമെന്ന് വിദേശ കാര്യ വകുപ്പ് അറിയിച്ചിരുന്നു. വിദേശ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്‍മാരുമായി ചര്‍ച്ച നടത്തുന്ന വിവരം സമൂഹ മാധ്യമങ്ങളിലൂടെ നേരത്തെ പ്രഖ്യാപിക്കുന്ന മോഡി പക്ഷെ ഖത്തര്‍ അമീറുമായി ചര്‍ച്ച നടത്തിയ വിവരം അറിയിച്ചത് 24 മണിക്കൂറിന് ശേഷമായിരുന്നു എന്നതും ശ്രദ്ധേയം.
കഴിഞ്ഞ മാസമാണ് ഖത്തര്‍ എട്ട് ഇന്ത്യന്‍ നാവികരെ ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്ക് വിധിച്ചത്. വിഷയത്തില്‍ ആദ്യം ചാടിപ്പുറപ്പെട്ട വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അടക്കമുള്ളവര്‍ നാവികരുടെ മോചനത്തിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നയതന്ത്ര തലത്തില്‍ ചര്‍ച്ച നടത്തി നാവികരെ മോചിപ്പിക്കാനുള്ള ശ്രമം നടത്തി വരുന്നതായി വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചിയും പലതവണ മാധ്യമങ്ങളെ അറിയിച്ചിരുന്നു. 

എന്നാല്‍ കോപ് ഉച്ചകോടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി നടത്തിയ ചര്‍ച്ചയില്‍ നാവികരുടെ മോചനം ഉന്നയിക്കപ്പെടുമെന്ന് കുടുംബാംഗങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വിഷയം ചര്‍ച്ചയായില്ലെന്നാണ് സൂചന. നാവികരുടെ മോചനം സംബന്ധിച്ച് അന്താരാഷ്ട്ര പങ്കാളിത്തം ഉറപ്പാക്കുന്നതിലും ഇന്ത്യ പരാജയപ്പെട്ട സ്ഥിതിയാണെന്ന് കുടുംബാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. 

Eng­lish Sum­ma­ry: Qatar is silent on Indi­ans await­ing death row

You may also like this video

Exit mobile version