Site iconSite icon Janayugom Online

വമ്പൻ ഫൈറ്റ്സ്; ഖത്തര്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്ന തീപാറും ബലപരീക്ഷണങ്ങളിലേക്ക് ലോകകപ്പ് ഫുട്ബോൾ വഴിമാറുകയാണ്. ഇനി ഖത്തറിലെ പുൽമൈതാനങ്ങളെ ആവേശാഗ്നി പടർത്തുന്ന പോരാട്ടങ്ങളാണ്. മോഹ കപ്പിലേക്കുള്ള ദൂരം വെറും രണ്ടു മത്സരങ്ങളായി ചുരുക്കുന്നതിനുള്ള നിർണായക ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് രാത്രി 8.30 ന് കിക്കോഫ്. രാത്രി 12:30 ന് രണ്ടാമത്തെ മത്സരം. നാളെ രാത്രിയിലെ രണ്ടു കളികൾ കൂടി കഴിയുന്നതോടെ സെമി ഫൈനൽ ലൈനപ്പായി.

മുപ്പത്തിരണ്ട് ടീമുകളായി തുടങ്ങിയ ലോകകപ്പ് ഫുട്‌ബോളില്‍ ഇനി അവശേഷിക്കുന്നത് വെറും എട്ട് ടീമുകള്‍ മാത്രം. പതിനാറ് ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തിലും എട്ട് ടീമുകള്‍ പ്രീ ക്വാര്‍ട്ടറിലും വീണു മടങ്ങി. ലോകകപ്പില്‍ ഇനി ആകെ അവശേഷിക്കുന്നത് ഫൈനലും ലൂസേഴ്‌സ് ഫൈനലുമടക്കം നാല് കളികള്‍ മാത്രം. ഇന്ന് രാത്രി 8.30ന് എഡ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ ആദ്യ കളിയില്‍ ബ്രസീല്‍ ക്രൊയേഷ്യയെ നേരിടും. രാത്രി 12.30ന് ലുസൈല്‍ സ്‌റ്റേഡിയത്തില്‍ അര്‍ജന്റീന നെതര്‍ലന്‍ഡ്‌സുമായും ഏറ്റുമുട്ടും.

മുഴങ്ങുക കാനറികളുടെ ചിറകടിയൊ ക്രോട്ടുകളുടെ ആർപ്പുവിളിയൊ?

ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരായ ബ്രസീലും നിലവിലെ റണ്ണറപ്പുമായ ക്രൊയേഷ്യയും ഏറ്റുമുട്ടുമ്പോള്‍ കളി പ്രവചനാനതീതമാകും. കാനറികൾക്ക് വിജയം ഉറപ്പിക്കുന്നവർ പോലും ക്രോട്ടുകളുടെ പോരാട്ട വീര്യത്തെ തള്ളുന്നില്ല
2002ന് ശേഷം ആദ്യ ലോകകിരീടം ലക്ഷ്യമിട്ട് കളിക്കാനിറങ്ങിയ ബ്രസീല്‍ മികച്ച ഫോമിലാണ്. രണ്ട് മത്സരങ്ങളില്‍ പരിക്കുകാരണം കളിക്കാതിരുന്ന നെയ്മര്‍ പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയക്കെതിരെ കളിക്കാനിറങ്ങിയത് ബ്രസീലിന് മികച്ച ആത്മവിശ്വാസമാണ് നല്‍കിയത്. ഈ കളിയില്‍ നെയ്മര്‍ എതിര്‍ കളിക്കാരുടെ കടുത്ത ടാക്ലിങ്ങിന് വിധേയമാകാതെ ഏറെ ശ്രദ്ധിച്ചാണ് കളിച്ചത്. എങ്കിലും നെയ്മര്‍ എന്ന താരത്തിന്റെ സാന്നിധ്യം സഹകളിക്കാര്‍ക്ക് എത്രത്തോളം ആത്മവിശ്വാസം നല്‍കുന്നുണ്ടെന്ന് ഈ കളിയില്‍ പ്രകടമാകുകയും ചെയ്തു.

4–2‑3–1 ശൈലിയില്‍ റിച്ചാര്‍ലിസണെ സ്‌ട്രൈക്കറായി വിട്ടായിരിക്കും ബ്രസീല്‍ ഇന്നും ഇറങ്ങുക. മധ്യനിരയില്‍ റാഫീഞ്ഞ, നെയ്മര്‍, വിനീഷ്യസ് ജൂനിയര്‍ എന്നിവരും ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായി ലൂക്കാസ് പക്വേറ്റയും കാസിമിറോയും എത്തും. പ്രതിരോധത്തില്‍ മാര്‍ക്കീഞ്ഞോസിനും തിയാഗോ സില്‍വയ്ക്കും ഡാനിലോയ്ക്കുമൊപ്പം അലക്‌സ് സാന്‍ഡ്രോ ഇറങ്ങാനാണ് സാധ്യത. പോസ്റ്റിനു മുന്നില്‍ അലിസണ്‍ ബെക്കറും ഉറപ്പ്. നിലവില്‍ മൂന്ന് ഗോളടിച്ച റിച്ചാര്‍ലിസണെ പിടിച്ചുകെട്ടാനാകും ക്രൊയേഷ്യന്‍ പ്രതിരോധത്തിന്റെ ശ്രമം. എന്നാല്‍ റിച്ചാര്‍ലിസണ്‍ മാത്രമല്ല, വിനീഷ്യസ് ജൂനിയറും സാക്ഷാല്‍ നെയ്മറുമെല്ലാം അര്‍ധാവസരങ്ങള്‍ പോലും ഗോളാക്കി മാറ്റാന്‍ കെല്‍പ്പുള്ളവരാണ്.

അതുതന്നെയാണ് എതിരാളികള്‍ ബ്രസീല്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ ലേശം ഭയപ്പെടുന്നതിന്റെ കാരണവും.
4–3‑3 ശൈലിയിലാണ് ക്രൊയേഷ്യ ഇറങ്ങുക. ലൂക്കാ മോഡ്രിച്ച് നയിക്കുന്ന മധ്യനിരയാണ് ക്രോട്ടുകളുടെ ശക്തി. മോഡ്രിച്ചിനൊപ്പം മാഴ്‌സെലോ ബ്രൊസൊവിച്ചും മാറ്റിയു കൊവാസിച്ചും ഇറങ്ങും. മുന്നേറ്റത്തില്‍ ഇവാന്‍ പെരിസിച്ച്, ആന്‍ഡ്രെ ക്രമാരിച്ച്, ബ്രൂണോ പെറ്റ്‌കോവിച്ചും പ്രതിരോധത്തില്‍ ജുറാനോവിച്ച്, ലൊവ്‌റെന്‍, ബരിസിച്ച്, ജോസ്‌കോ ഗാര്‍ഡിയോള്‍ എന്നിവരും എത്തുമ്പോള്‍ ഗോള്‍വലയ്ക്ക് മുന്നില്‍ ഡൊമിനിക് ലിവാകോവിച്ചും ഉറപ്പ്. പെരിസിച്ചും ക്രമാരിച്ചും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഫോമിലേക്കുയര്‍ന്നാല്‍ ബ്രസീല്‍ പ്രതിരോധത്തിന് തലവേദനയാകും. കഴിഞ്ഞ നാല് കളികളില്‍ നിന്ന് ബ്രസീല്‍ ഏഴ് ഗോളടിച്ചപ്പോള്‍ രണ്ടെണ്ണം വഴങ്ങി. ക്രൊയേഷ്യ അഞ്ചെണ്ണം അടിച്ചപ്പോള്‍ രണ്ടെണ്ണമാണ് വഴങ്ങിയത്.

ലോകകപ്പില്‍ ബ്രസീലും ക്രൊയേഷ്യയും തമ്മില്‍ മൂന്നാം തവണയാണ് ഏറ്റുമുട്ടുന്നത്. 2006, 2014 ലോകകപ്പുകളിലായിരുന്നു നേരത്തെ മുഖാമുഖം വന്നത്. ഇതില്‍ രണ്ടിലും ജയം കാനറികള്‍ക്കൊപ്പമായിരുന്നു. കൂടാതെ രണ്ട് സൗഹൃദ മത്സരങ്ങളും കളിച്ചു. അവസാനം കളിച്ചത് 2018‑ല്‍. അതിലും ജയം കാനറികള്‍ക്കൊപ്പമായിരുന്നു. ഒരിക്കല്‍ ബ്രസീലിനെ സമനിലയില്‍ തളക്കാന്‍ മാത്രമാണ് ക്രൊയേഷ്യക്ക് കഴിഞ്ഞിട്ടുള്ളത്. എന്നാല്‍ കണക്കിലെ കളികളില്‍ കാര്യമൊന്നുമില്ല. ചരിത്രത്തിലെ ആദ്യ വിജയം തേടി ക്രൊയേഷ്യ ബ്രസീലിനെതിരെ ഇറങ്ങുമ്പോള്‍ പോരാട്ടം ആവേശക്കൊടുമുടിയേറും.

മെസി നയിക്കുന്ന മുന്നേറ്റം* വാൻ ഡെക്ക്‌ പ്രതിരോധം

ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് ലോകം കാത്തിരിക്കുന്ന ഇന്നത്തെ രണ്ടാം ക്വാര്‍ട്ടര്‍ പോരാട്ടം. സൂപ്പര്‍ താരം അര്‍ജന്റീനയുടെ ലയണല്‍ മെസിയും ഡച്ച് നായകനും പ്രതിരോധത്തിലെ കരുത്തനുമായ വിര്‍ജില്‍ വാന്‍ ഡെക്കും തമ്മിലുള്ള പോരാട്ടമെന്ന നിലയിലാകും ഈ കളി ശ്രദ്ധേയമാവുക. പ്രതിരോധത്തിലൂന്നിയ ഡച്ച് പവർ ഫുട്ബോളും, നിരന്തരമായ ആക്രമണമാണ് മികച്ച പ്രതിരോധമെന്ന തന്ത്രവുമായി കളത്തിലെത്തുന്ന അർജന്റീനയും തമ്മിലുള്ള പോരാട്ടം ത്രില്ലടിപ്പിക്കുമെന്നുറപ്പ്. കഴിഞ്ഞ നാല് കളികളില്‍ നിന്ന് മൂന്ന് ഗോള്‍ നേടിയ ലയണല്‍ മെസിയെ പിടിച്ചുകെട്ടുക എന്നതാണ് വാന്‍ ഡെക്കിന്റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. അതില്‍ ഡച്ച് പോരാളികള്‍ വിജയിച്ചാല്‍ അവരുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകുമുളച്ച് പറക്കാം. എന്നാല്‍ ഇതില്‍ ചെറിയൊരു വീഴ്ച മതി സ്വപ്‌നങ്ങള്‍ തകരാനും. മെസി മാത്രമല്ല അര്‍ജന്റീനയുടെ കരുത്ത്.

അതേസമയം ക്വാര്‍ട്ടര്‍ പോരാട്ടത്തിനൊരുങ്ങുന്ന അര്‍ജന്റീനക്ക് തിരിച്ചടിയായി മിഡ്ഫീല്‍ഡള്‍ റോഡ്രിഗോ ഡി പോളിന്റെ പരിക്ക്. പേശികള്‍ക്ക് പരിക്കുണ്ടെങ്കിലും കളത്തിൽ മെസിയുടെ വിശ്വസ്തൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. പരിക്കിനെ തുടര്‍ന്ന് താരം ടീമിനൊപ്പം പരിശീലനത്തിനിറങ്ങാതെ പ്രത്യേക പരിശോധനകള്‍ക്ക് വിധേയനായിരുന്നു. കഴിഞ്ഞ കളിയില്‍ പരിക്കുകാരണം പുറത്തിരുന്ന എയ്ഞ്ചല്‍ ഡി മരിയ ഇന്ന് കളിക്കാനിറങ്ങുമെന്നത് അര്‍ജന്റീനന്‍ ക്യാമ്പില്‍ ആശ്വാസം കുട്ടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച പ്ലേമേക്കര്‍മാരിലൊരാളായ ഡി മരിയ ഇറങ്ങുന്നത് അര്‍ജന്റീനയുടെ ആത്മവിശ്വാസം കൂട്ടും. 4–3‑3 ശൈലിയില്‍ ഇറങ്ങുന്ന അര്‍ജന്റീനയുടെ മുന്നേറ്റനിരയില്‍ മെസിക്ക് കൂട്ടായി ജൂലിയന്‍ അല്‍വാരസും ലൗട്ടാരോ മാര്‍ട്ടിനസും ഇറങ്ങാനാണ് സാധ്യത.

മധ്യനിരയില്‍ ഡി മരിയയ്‌ക്കൊപ്പം മക് അലിസ്റ്ററും ലിയനാര്‍ഡോ പരേഡസോ അല്ലെങ്കില്‍ ഗ്വിഡോ റോഡ്രിഗസോ എത്തുമ്പോള്‍ പ്രതിരോധത്തില്‍ നിക്കോളാസ് ഓട്ടമെന്‍ഡി, മാര്‍കോസ് അക്യുന, ക്രിസ്റ്റിയന്‍ റൊമേറോ, മോളിന എന്നിവരും ഗോള്‍വലയ്ക്ക് മുന്നില്‍ എമിലിയാനോ മാര്‍ട്ടിനസും എത്തും. ഈ ലോകകപ്പില്‍ ഏഴ് ഗോളടിച്ച അര്‍ജന്റീന മൂന്ന് ഗോള്‍ വഴങ്ങിയിട്ടുണ്ട്. മൂന്ന് ഗോളടിച്ച് മെസിയാണ് അവരുടെ ടോപ് സ്‌കോറര്‍. മെസിയെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഡച്ച് പടയുടെ കാര്യം പരുങ്ങലിലാകുമെന്ന് ഉറപ്പ്. എന്നാല്‍ ഇതുവരെ അര്‍ജന്റീന യഥാര്‍ത്ഥ അര്‍ജന്റീനയായി മൈതാനത്ത് അവതരിച്ചിട്ടില്ല. ഓസ്‌ട്രേലിയക്കെതിരായ പ്രീ ക്വാര്‍ട്ടറില്‍ പോലും കഷ്ടിച്ചാണ് അവര്‍ വിജയിച്ചത്.

അതേസമയം പ്രീ ക്വാര്‍ട്ടറില്‍ യുഎസ്എ 3–1ന് കീഴടക്കിയ നെതര്‍ലന്‍ഡ്‌സ് ഓരോ കളിയിലും മെച്ചപ്പെട്ടുവരുന്നുണ്ട്. മുന്നേറ്റത്തില്‍ ഗാക്‌പോയും മെംഫിസ് ഡീപേയും തൊട്ടുപിന്നില്‍ ഡാവി ക്ലാസ്സെന്‍, അതിനു പിന്നില്‍ ഡി ജോങ്, മാര്‍ട്ടന്‍ ഡി റൂന്‍, ഡെംഫ്രെയ്‌സ്, ബ്ലിന്‍ഡ് എന്നിവരും പ്രതിരോധത്തില്‍ വാന്‍ ഡെക്കിനൊപ്പം ജുറിയന്‍ ടിംബര്‍, നഥാന്‍ അകെയും ഇറങ്ങും. പോസ്റ്റിന് മുന്നില്‍ നൊപ്പെര്‍ട്ടും. കളിച്ച നാല് കളികളില്‍ നിന്ന് എട്ട് ഗോളടിച്ച അവര്‍ രണ്ടെണ്ണം വഴങ്ങി. നിലവില്‍ മൂന്ന് ഗോളടിച്ച് മികച്ച ഫോമിലുള്ള കോഡി ഗാക്‌പോയുടെ കാലുകളിലാണ് അവരുടെ പ്രതീക്ഷകള്‍ ഏറെയും. ഇന്ന് അര്‍ജന്റീനക്കെതിരെ ഡീപേയും ഗാക്‌പോയും ഡിജോങും മിന്നിയാല്‍ 2010നുശേഷം അവര്‍ക്ക് അവസാന നാലില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞേക്കും.

Eng­lish Summary:Qatar World Cup quar­ter-finals begin today

You may also like this video

Exit mobile version