Site iconSite icon Janayugom Online

യുഎസില്‍ ഖത്തറിന്റെ സൈനിക താവളം; ഐഡഹോയിൽ എയർ ബേസ് അനുവദിച്ചു

അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് യു എസിൽ സൈനിക വ്യോമസേനാ സംവിധാനം സ്ഥാപിക്കാൻ ഖത്തറിനെ അനുവദിക്കുന്ന കരാറിന് അംഗീകാരം നൽകി. വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ ഐഡഹോയിലെ മൗണ്ടൻ ഹോം എയർ ബേസിലാണ് ഈ സംവിധാനം അനുവദിക്കുക. പെന്റഗണിൽ ഖത്തർ പ്രതിരോധ മന്ത്രി സൗദ് ബിൻ അബ്ദുൾറഹ്‌മാൻ അൽ താനിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഹെഗ്‌സെത്ത് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ മറ്റൊരു ഉദാഹരണമാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കൂടാതെ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ വെടിനിർത്തൽ-ബന്ദിമോചന കരാർ സാധ്യമാക്കുന്നതിൽ ഖത്തർ വഹിച്ച നിർണായക പങ്കിനെ ഹെഗ്‌സെത്ത് പ്രശംസിക്കുകയും ചെയ്തു.

ഈ വ്യോമസേനാ സംവിധാനം ലഭിക്കുന്നതോടെ, ഖത്താരി വൈമാനികർക്ക് എഫ്-15 യുദ്ധവിമാനങ്ങൾ പറത്തുന്നതിൽ യു എസ് പരിശീലനം നൽകും. ഖത്താരി ഫൈറ്റർ ജെറ്റുകൾക്കും വൈമാനികർക്കും യു എസുമായി സംയുക്ത പരിശീലനത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഐഡഹോയിലെ ഈ എയർബേസ് എന്നും കരാറിൽ ഒപ്പുവെച്ചുകൊണ്ട് ഹെഗ്‌സെത്ത് പറഞ്ഞു. എത്ര ഖത്തരി ജെറ്റുകൾ ഐഡഹോയിൽ ഉണ്ടാകുമെന്നതിനെക്കുറിച്ച് അദ്ദേഹം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ല.

Exit mobile version