Site iconSite icon Janayugom Online

ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് ക്യൂആര്‍ കോഡ്

ജീവന്‍രക്ഷാ മരുന്നുകളുടെ പാക്കേജിങ്ങിന് ക്യൂആര്‍ കോഡ് (ക്വിക്ക് റെസ്പോന്‍സ് കോഡ്) നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. വ്യാജമരുന്നുകളുടെ വില്പന തടയുക ലക്ഷ്യമിട്ടാണ് നടപടി.

അലെഗ്ര, ഷെല്‍കാള്‍, ഓഗ്‌മെന്റിന്‍, അസിത്രാള്‍, കാല്‍പോള്‍, ഡോളോ, ഫാബിഫ്ല്യൂ, മെഫ്താള്‍ സ്പാസ്, മൊണ്ടയര്‍, പാന്‍ ഡി എന്നിവ ഉള്‍പ്പെടെ 300 ജീവന്‍ രക്ഷാ മരുന്നുകള്‍ക്കാണ് ക്യൂആര്‍ കോഡ് നടപ്പിലാക്കുന്നത്. അടുത്ത വര്‍ഷം മേയ് മാസത്തോടെ ഘട്ടംഘട്ടമായി പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.

കുറഞ്ഞത് 35 ശതമാനം വീതം വിപണി വിഹിതമുള്ള കൈവശമുള്ള മുൻനിര കമ്പനികളാണ് ആദ്യഘട്ടത്തില്‍ ക്യൂആര്‍ കോഡ് പ്രദര്‍ശിപ്പിക്കേണ്ടത്. ഇതുസംബന്ധിച്ച് മരുന്ന് കമ്പനികള്‍, ഉപഭോക്തൃ സംഘടനകൾ, ഇന്ത്യൻ ഡ്രഗ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ (ഐഡിഎംഎ), മെഡിക്കൽ പ്രൊഫഷണലുകൾ എന്നിവരിൽ നിന്ന് സര്‍ക്കാര്‍ അഭിപ്രായം തേടിയിട്ടുണ്ട്. 30 ദിവസത്തെ സമയമാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.

നിലവില്‍ ക്യുആര്‍ കോഡ് നിര്‍ബന്ധമല്ല. എന്നാല്‍ ചില കമ്പനികള്‍ സ്വമേധയാ ഇത് നടപ്പാക്കിയിട്ടുണ്ട്. മരുന്ന് യഥാര്‍ത്ഥമോ വ്യാജമാണോ, കമ്പനി വിശദാംശങ്ങള്‍, നിര്‍മ്മാതാവ്, ഉപയോഗിക്കാനുള്ള അവസാന തീയതി തുടങ്ങിയ വിവരങ്ങള്‍ ക്യുആര്‍കോഡിലൂടെ ലഭിക്കും.

ഉല്പന്നത്തിന്റെ കോഡ്, മരുന്നിന്റെ ശരിയായതും പൊതുവായതുമായ പേര്, ബ്രാന്‍ഡിന്റെ പേര്, മരുന്ന് ഉല്പാദകരുടെ വിലാസം, കാലാവധി അവസാനിക്കുന്ന തീയതി, നിര്‍മ്മാതാവിന്റെ ലൈസന്‍സ് നമ്പര്‍ എന്നിവ ക്യുആര്‍ കോഡില്‍ ഉള്‍പ്പെടുത്തണമെന്നാണ് വിജ്ഞാപനത്തില്‍ സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്.

Eng­lish summary;QR code for life-sav­ing medicines

You may also like this video;

Exit mobile version