Site iconSite icon Janayugom Online

സബലെങ്ക രാജ്ഞി; ഫൈനലില്‍ അമാൻഡ അനിസിമോവയെ തോല്പിച്ചു

യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ബെലാറൂസിന്റെ അരീന സബലെങ്കയ്‌ക്ക്. ഫൈനലിൽ എട്ടാം സീഡായ യുഎസ് താരം അമാൻഡ അനിസിമോവയെ നേരിട്ടുള്ള സെറ്റുകൾക്ക് തോല്പിച്ചാണ് നിലവിലെ ചാമ്പ്യനായ സബലെങ്ക കിരീടം നിലനിർത്തിയത്. സ്കോർ 3–6, 6–7 (3–7). നിർണായക ഘട്ടങ്ങളിൽ ശക്തമായ പ്രകടനം കാഴ്ചവെച്ച സബലെങ്ക, അനിസിമോവയുടെ പിഴവുകൾ മുതലെടുത്തു. ഒരു മണിക്കൂർ 34 മിനിറ്റ് നീണ്ടതായിരുന്നു ഫൈനല്‍. കിരീടനേട്ടത്തോടെ സെറീന വില്യംസിനു ശേഷം തുടർച്ചയായി രണ്ട് തവണ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടുന്ന ആദ്യ താരമായി സബലെങ്ക മാറി. 2012, 2013, 2014 വർഷങ്ങളിലായിരുന്നു സെറീന വില്യംസ് യുഎസ് ഓപ്പൺ വനിതാ ചാമ്പ്യനായത്. ലോക ഒന്നാം നമ്പർ താരമായ സബലെങ്കയുടെ നാലാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. ഈ വർഷം ഓസ്ട്രേലിയൻ, ഫ്രഞ്ച് ഓപ്പൺ ഫൈനലുകളിൽ പരാജയപ്പെട്ടതിന് ശേഷമുള്ള സബലെങ്കയുടെ മികച്ച തിരിച്ചുവരവുകൂടിയായി കിരീടം മാറി.

ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ തുടര്‍ച്ചയായ നാലുഗെയിമുകള്‍ ജയിച്ചാണ് സബലെങ്ക ആദ്യ സെറ്റ് സ്വന്തമാക്കിയത്. എന്നാല്‍, രണ്ടാം സെറ്റില്‍ രണ്ട് ഗെയിമുകൾ തുടരെ ജയിച്ച് അനിസിമോവ ഒപ്പമെത്തി. ഇതോടെ മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങി. ഒടുവില്‍ വാശിയേറിയ പോരാട്ടത്തില്‍ ടൈബ്രേക്കര്‍ ജയിച്ച ലോക ഒന്നാംനമ്പര്‍ താരമായ സബലെങ്ക രണ്ടാംസെറ്റും കിരീടവും സ്വന്തമാക്കുകയായിരുന്നു. ഈ വർഷം ടൈബ്രേക്കിൽ സബലെങ്ക നേടുന്ന തുടർച്ചയായ 19-ാം വിജയമാണിത്. 2025ലെ വിംബിൾഡൺ സെമിഫൈനലിൽ സബലെങ്കയെ ഞെട്ടിക്കാന്‍ അനിസിമോവയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ സബലെങ്കയ്ക്കായിരുന്നു മത്സരത്തിലെ ആധിപത്യം. അനിസിമോവയുടെ തുടര്‍ച്ചയായ രണ്ടാം ഗ്രാന്‍ഡ് സ്ലാം തോല്‍വി കൂടിയാണിത്. വിംബിൾഡൺ ഫൈനലില്‍ ഇഗ സ്വിയാറ്റെക്കിനോട് അനിസിമോവ പരാജയപ്പെട്ടിരുന്നു. 

Exit mobile version