Site iconSite icon Janayugom Online

ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊലൂഷൻസ് സിഇഒയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു

examexam

ചോദ്യപേപ്പർ ചോർച്ച കേസിലെ മുഖ്യപ്രതി എംഎസ് സൊലൂഷൻസ് സിഇഒ ഷുഹൈബിന്റെ ബാങ്ക് അക്കൗണ്ടുകൾ ക്രൈംബ്രാഞ്ച് മരവിപ്പിച്ചു. കാനറ ബാങ്ക്, എസ്ബിഐ എന്നിവയുടെ കൊടുവള്ളി ബ്രാഞ്ചിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. എസ്ബിഐ അക്കൗണ്ടിൽ 24 ലക്ഷം രൂപ ഉണ്ടായിരുന്നു. ഒളിവിൽ പോയ ഷുഹൈബിന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് നടപടിയെടുത്തത്. ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. അതിന് ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 

എംഎസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകരോട് കഴിഞ്ഞ ദിവസം ഹാജരാകാൻ ക്രെെംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. നോട്ടീസ് നൽകിയെങ്കിലും അന്വേഷണത്തോട് സഹകരിക്കാൻ ഇതുവരെ ഇവർ തയ്യാറായിട്ടില്ല. അവർക്കെതിരെയും ക്രൈംബ്രാഞ്ച് നടപടിയെടുത്തേക്കും. കഴിഞ്ഞ ദിവസം ഇവരുടെ വീടുകളിൽ പരിശോധന നടത്തിയിരുന്നു. ഇവരും ഒളിവിലാണ്. 

ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ചാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ഇട്ടതും ഷുഹൈബിനെ അടക്കം പ്രതി ചേർത്തതും. വിശ്വാസ വഞ്ചന ഉൾപ്പടെ ഏഴ് വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയത് എം എസ് സൊല്യൂഷൻസ് തന്നെയാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. 

Exit mobile version