Site iconSite icon Janayugom Online

വിഎസ്എസ്‌സി പരീക്ഷയിൽ ചോദ്യപേപ്പർ ചോർത്തി കോപ്പിയടി

വിക്രം സാരാഭായ് സ്പേസ് സെന്റര്‍(വിഎസ്എസ്‌സി) പരീക്ഷയിൽ മൊബൈൽ ഫോണും ബ്ലൂടൂത്ത്, ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിച്ച് ചോദ്യപേപ്പർ ചോർത്തി കോപ്പിയടിച്ച രണ്ടുപേർ അറസ്റ്റിൽ. ഹരിയാന സ്വദേശികളായ സുനിൽകുമാർ, സുമിത്കുമാർ എന്നിവരാണ് അറസ്റ്റിലായത്. വിഎസ‌്എസ്‌സിയുടെ ടെക്നീഷ്യൻ ബി (ഇലക്ട്രോണിക് മെക്കാനിക്) തസ്തികയിലേക്കായിരുന്നു ഇന്നലെ പരീക്ഷ നടന്നത്. കോട്ടൺഹിൽ, പട്ടം സെന്റ്മേരീസ് സ്കൂളുകളിലായി ആയിരക്കണക്കിന് ഉദ്യേഗാർത്ഥികളാണ് തലസ്ഥാനത്ത് പരീക്ഷയ്ക്കെത്തിയത്.
ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് ചോദ്യപേപ്പർ ചോർത്താനും കോപ്പിയടിക്കാനും ഉത്തരേന്ത്യൻ സ്വദേശികൾ ശ്രമം നടത്തുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ പരീക്ഷാ ഹാളിൽ കർശന പരിശോധനയ്ക്ക് പൊലീസ് നിർദേശം നൽകിയിരുന്നു. കോട്ടൺഹിൽ സ്കൂളിൽ പരീക്ഷയെഴുതുന്നതിനിടെയാണ് സുനിൽകുമാർ ഇൻവിജിലേറ്റർമാരുടെ പിടിയിലായത്.
ദേഹത്ത് മൊബൈൽ ക്യാമറയൊളിപ്പിച്ച് പുറത്തേക്ക് ചോദ്യപേപ്പർ നൽകിയിരുന്നു. 79 ചോദ്യങ്ങൾക്ക് ഇയാൾ ഉത്തരമെഴുതുകയും ചെയ്തിരുന്നു. മൊബൈൽ ഫോൺ, ബ്ലൂടൂത്ത് ഉപകരണങ്ങൾ തുടങ്ങിയവ ഇയാളിൽ നിന്ന് കണ്ടെടുത്തു. പട്ടം സെന്റ് മേരീസ് സ്കൂളിൽ പരീക്ഷയെഴുതുന്നതിനിടെയാണ് സുമിത് കുമാർ പിടിയിലായത്. മൊബൈൽ ഫോണും ബ്ലൂടൂത്ത് ഉപകരണങ്ങളും ദേഹത്ത് ബെൽറ്റുപയോഗിച്ച് കെട്ടിവെച്ച നിലയിലായിരുന്നു.
കമ്പ്യൂട്ടർ, കാൽക്കുലേറ്റർ, മൊബൈൽ ഫോൺ, ഹെഡ്ഫോൺ, സ്മാർട്ട്‌വാച്ച് തുടങ്ങി പെൻസിൽ ബോക്സിന് വരെ നിരോധനമുണ്ടായിരുന്ന പരീക്ഷയിലാണ് കോപ്പിയടി നടന്നത്. മെഡിക്കല്‍ കോളജ്- മ്യൂസിയം പൊലീസ് സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. സംഘടിതമായ ചോദ്യപേപ്പർ ചോർത്തലും കോപ്പിയടിയുമാണ് നടന്നതെന്ന് പൊലീസ് സംശയിക്കുന്നു. കൂടുതലാളുകൾ കോപ്പിയടിച്ചതായും സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Eng­lish summary;Question paper leaked and pla­gia­rized in VSSC exam

you may also like this video;

Exit mobile version