പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിച്ചിരുന്നോ എന്ന കാര്യം അറിയില്ലെന്ന് രാഷ്ട്രപതി ഭവൻ. തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖലെ നൽകിയ വിവരാവകാശ രേഖയ്ക്ക് മറുപടിയായാണ് രാഷ്ട്രപതി ഭവൻ ഇക്കാര്യമറിയിച്ചത്.
പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനോ പരിപാടിയിൽ പങ്കെടുക്കാനോ ലോക്‌സഭാ സ്പീക്കറിൽ നിന്നോ പ്രധാനമന്ത്രിയിൽ നിന്നോ അല്ലെങ്കിൽ മറ്റ് അധികൃതരിൽ നിന്നോ ഔപചാരിക ക്ഷണം ലഭിച്ചിരുന്നോ എന്നായിരുന്നു ഗോഖലെ വിവരാവകാശ നിയമം വഴി ആരാഞ്ഞത്.
പാർലമെന്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി ഭവനും സർക്കാരും തമ്മിൽ നടത്തിയ ആശയവിനിമയങ്ങളുടെ വിശദാംശങ്ങളും തേടിയിരുന്നു. അതേസമയം പാർലമെന്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട സന്ദേശം രാഷ്ട്രപതി പ്രസിദ്ധീകരിച്ചിരുന്നതായി രാഷ്ട്രപതി ഭവൻ അറിയിച്ചിട്ടുണ്ട്. പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതി ദ്രൗപദി മുർമുവാണെന്ന് വ്യക്തമാക്കി 20 പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.