Site iconSite icon Janayugom Online

അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്തു;യാത്രക്കാരനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി

അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിന് യാത്രക്കാരനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി.പത്തനംതിട്ടയില്‍ നിന്നും വയനാട് തിരുനെല്ലിയിലേക്ക് പോയ ബസില്‍ വെച്ചായിരുന്നു സംഭവം.മലപ്പുറം പെരിന്തല്‍മണ്ണയില്‍ എത്തിയപ്പോഴായിരുന്നു മര്‍ദ്ദനം. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.കോട്ടയം മുതല്‍ തന്നെ ഡ്രൈവര്‍ അപകടകരമായിട്ടായിരുന്നു വാഹനം ഓടിച്ചത്. ഇതേത്തുടര്‍ന്ന് നിരവധി യാത്രക്കാരുടെ തലയും ശരീരവും ബസിലെ കമ്പിയില്‍ ഇടിച്ചിരുന്നു.

അപകടകരമായ യാത്ര തുടര്‍ന്നതോടെയാണ് യാത്രക്കാര്‍ ബഹളം വെക്കുകയും ഡ്രൈവറെ ചോദ്യം ചെയ്യുകയും ചെയ്തത്.ഇതോടെ ബസ് ഓടിച്ചിരുന്ന ഡ്രൈവറുടെ സുഹൃത്തായ മറ്റൊകു കെഎസ്ആര്‍ടിസി ഡ്രൈവര്‍ യാത്രക്കാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. യാത്രക്കാരും ഡ്രൈവര്‍മാരും തമ്മില്‍ വാക്കേറ്റമുണ്ടായപ്പോള്‍, സുഹൃത്തായ ഡ്രൈവര്‍ ഒരു യാത്രക്കാരനെ മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് അരീക്കോട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

വഴക്കുണ്ടാക്കിയ സുഹൃത്തായ ഡ്രൈവറെ പൊലീസെത്തി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഇയാള്‍ മദ്യപിച്ചാണ് ബസില്‍ ബഹളമുണ്ടാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് ബസില്‍ ബഹളം വെച്ചതിന് കേസെടുത്തശേഷം ഇയാളെ വിട്ടയച്ചു.

Exit mobile version