Site iconSite icon Janayugom Online

കുത്തബ് മിനാര്‍ കുത്തിക്കുഴിക്കും: വിവാദമായതോടെ നിഷേധിച്ച് മന്ത്രി

അയോധ്യ, മഥുര, ഗ്യാൻവാപി, താജ്മഹൽ ഒടുവിൽ കുത്തബ് മിനാറിലെത്തി ഹിന്ദുത്വക്കാരുടെ ചരിത്രനിഷേധം. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന കുത്തബ് മിനാറിൽ ഉദ്ഖനനം നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി ഇന്നലെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ റിപ്പോര്‍ട്ട് നിരസിച്ച് കേന്ദ്രമന്ത്രി രംഗത്തെത്തി. കുത്തബ് മിനാർ സമുച്ചയത്തിൽ ഖനനം നടത്താനുള്ള നിർദേശങ്ങളൊന്നും സർക്കാർ പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി ജി കെ റെഡ്ഡി പറഞ്ഞു. സാംസ്കാരിക മന്ത്രാലയം സെക്രട്ടറി ഗോവിന്ദ് മോഹൻ ശനിയാഴ്ച ലോക പൈതൃക സ്മാരകം സന്ദർശിച്ചതിന് ശേഷമാണ് റിപ്പോര്‍ട്ട് പുറത്തു വന്നത്. മൂന്ന് ചരിത്രകാരന്മാർ, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ നാല് ഉദ്യോഗസ്ഥർ, ഗവേഷകർ എന്നിവർക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. രണ്ടു മണിക്കൂറിലധികം സന്ദര്‍ശനം നീണ്ടു. 

കുത്തബ് മിനാറിന്റെ പരിസരത്തുനിന്ന് വിഗ്രഹങ്ങൾ കണ്ടെത്തിയെന്നും ഇത് നിർമ്മിച്ചത് വിക്രമാദിത്യനാണെന്നുമുള്ള അവകാശവാദങ്ങളെ തുടര്‍ന്ന് ഈ വിഗ്രഹങ്ങൾ പരിശോധിക്കണമെന്നും ഉദ്ഖനനം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്നും കേന്ദ്രസാംസ്കാരിക മന്ത്രാലയം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദേശം നൽകിയെന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് കുത്തബ് മിനാറിലെ പള്ളി മിനാരത്തിൽ നിന്ന് 15 മീറ്റർ അകലത്തിൽ ഉദ്ഖനനം നടത്താന്‍ എഎസ്ഐക്ക് നിർദേശം നല്കിയെന്ന വാര്‍ത്തകളും പുറത്തുവന്നു. ഇങ്ങനെ നിർദേശം നൽകിയിട്ടുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, പ്രതികരണമായാണ് അത്തരമൊരു തീരുമാനമെടുത്തിട്ടില്ല എന്ന് കേന്ദ്ര മന്ത്രി പറഞ്ഞത്.

എഎസ്ഐ മുൻ റീജിയണൽ ഡയറക്ടർ ധരംവീർ ശർമ്മയാണ് കുത്തബ് മിനാറിന്റെ പേരിൽ വിവാദത്തിന് തിരിതെളിച്ചത്. ഇത് നിർമ്മിച്ചത് വിക്രമാദിത്യനാണെന്നും സൂര്യനെപ്പറ്റി പഠിക്കുന്നതിനായി നിർമ്മിച്ച കെട്ടിടമാണ് ഇതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനിടെ കുത്തബ് മിനാറിന്റെ പേര് വിഷ്ണു സ്തംഭ് എന്നാക്കണമെന്ന ആവശ്യവുമായി ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തുകയും ചെയ്തു. കുത്തബ് മിനാറിന്റെ അകത്തുള്ള പള്ളി ക്ഷേത്രമാക്കണമെന്നും ഹനുമാൻ ചാലിസ അനുവദിക്കണമെന്നുമാണ് സംഘടനകളുടെ ആവശ്യം. യുനെസ്കോ അംഗീകരിച്ച പൈതൃകപട്ടികയിൽ ഉൾപ്പെട്ട ചരിത്ര സ്മാരകമാണ് കുത്തബ് മിനാർ. ഡൽഹി സാമ്രാജ്യത്തിലെ ആദ്യ രാജാവായ കുത്തബുദ്ദീൻ ഐബക് 1199ലാണ് കുത്തബ് മിനാർ പണികഴിപ്പിച്ചത് എന്നാണ് ചരിത്രം.

Eng­lish Summary:Qutub Minar to be demol­ished: Min­is­ter denies controversy
You may also like this video

Exit mobile version