Site iconSite icon Janayugom Online

പേവിഷ ബാധ; നാലാം ക്ലാസ് വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍

പേവിഷ ബാധയേറ്റ് നാലാം ക്ലാസ് വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍. ചാരുംമൂട് സ്വദേശി സാവന്ത് എന്ന 10 വയസുകാരനാണ് തിരുവല്ലയിലുള്ള സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്. മൂന്നു മാസം മുമ്പ് കുട്ടി സൈക്കിളില്‍ വരുമ്പോള്‍ തെരുവുനായ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഈ സമയം കുട്ടി വീഴുകയും നായ ഓടിപ്പോവുകയും ചെയ്തു. എന്നാല്‍ കുട്ടിയെ നായ കടിച്ചിരുന്നില്ല. ഈ വിവരം കുട്ടി വീട്ടുകാരോടു പറഞ്ഞിരുന്നില്ലെന്നാണ് പറയുന്നത്. എന്നാല്‍ ഒരാഴ്ച മുമ്പ് കുട്ടിക്ക് പനിയും വിറയലുമുണ്ടായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് പേവിഷബാധ ഏറ്റതായി സ്ഥിരീകരിച്ചത്. ഇതിനിടെ കുട്ടി വെള്ളം കാണുമ്പോള്‍ ഭയപ്പാട് കാട്ടുകയും ചെയ്തിരുന്നു. നായ അക്രമിക്കാന്‍ ശ്രമിച്ച സമയം അതിന്റെ നഖമോ മറ്റോ ശരീരത്ത് കൊണ്ടതാകാമെന്നാണ് നിഗമനം. ഇപ്പോള്‍ കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരമാണ്. പ്രദേശത്ത് ഗ്രാമപഞ്ചായത്തിന്റെ യും ആരോഗ്യ വകുപ്പിന്‌റേയും നേതൃത്വത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. 

കുട്ടിയുടെ വീട്ടുകാര്‍ അടുത്ത് ഇടപഴകാറുള്ള കുട്ടുകാര്‍, അയല്‍വീട്ടുകാര്‍ എന്നിവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. കുട്ടിയുടെ ക്ലാസിലെ സഹപാഠികള്‍ക്കും വാക്‌സിനേഷന്‍ നടത്തിയിട്ടുണ്ട്. പ്രദേശത്തെ വളര്‍ത്തു നായ്ക്കള്‍, തെരുവ് നായ്ക്കള്‍ എന്നിവക്ക് വാക്‌സിനേഷന്‍ നടത്തിവരികയാണ്. ചാരുംമൂട് അടക്കമുള്ള പ്രദേശങ്ങളില്‍ തെരുനായ്ക്കളുടെ ശല്യം ഏറെയാണെന്ന് നാട്ടുകാര്‍ പറയുന്നു. സ്‌കൂള്‍ കുട്ടികള്‍ക്ക് പട്ടിയെ ഭയക്കാതെ നടന്ന് സ്‌കൂളിലെത്താന്‍ കഴിയുന്നില്ല. പ്രഭാത സവാരിക്ക് ഇറങ്ങുന്നവര്‍ പട്ടിയെ തുരത്താന്‍ കയ്യില്‍ കുറുവടികള്‍ കരുതേണ്ട നിലയിലാണ്. ഇരുചക്ര വാഹനക്കാര്‍ക്ക് തെരുവ് നായ്ക്കള്‍ മരണക്കെണി ഒരുക്കുകയാണ്. നായ കുറുകെ ചാടി ഉണ്ടാകുന്ന അപകടങ്ങള്‍ ചെറുതല്ല. അപകടത്തില്‍പെടുന്ന പലരും ദിവസങ്ങളും മാസങ്ങളും ചികിത്സ തേടണം. റോഡില്‍ മാലിന്യം നിറയുന്നതാണ് തെരുവ് നായ്ക്കള്‍ക്ക് ചാകരയാകുന്നത്. അറവുശാല മാലിന്യം ഉള്‍പ്പെടെ ഉള്‍പ്രദേശങ്ങളിലെ റോഡു വക്കില്‍ തള്ളുന്നുണ്ട്. ഒരാഴ്ച മുമ്പ് വളളികുന്നത്ത് വയോധികയടക്കം ആറ്‌പേരെ പേവിഷബാധയേറ്റ നായ കടിച്ച് ഗുരുതമായി പരിക്കേല്‍പ്പിച്ചിരുന്നു.

Exit mobile version