Site icon Janayugom Online

പേവിഷബാധ: അറിഞ്ഞിരിക്കണം ഈ ലക്ഷണങ്ങള്‍…

ഇന്ത്യയില്‍ പേവിഷബാധ മൂലം 18000 — 20000 മരണം വരെ സംഭവിക്കുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 30% — 60% കണ്ടുവരുന്നത് 15 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളിലാണ്. നമ്മുടെ കേരളത്തിലെ സ്ഥിതിവിശേഷവും വളരെയേറെ ശ്രദ്ധ ചെലുത്തേണ്ടതാണ്.
സ്‌കൂളുകളും കോളേജുകളും കോവിഡ് മഹാമാരിക്ക് ശേഷം വീണ്ടും പഴയതുപോലെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടര വര്‍ഷത്തെ അപേക്ഷിച്ച് ഇപ്പോള്‍ കുട്ടികള്‍ പൊതുസ്ഥലങ്ങളില്‍ സഞ്ചരിക്കാന്‍ തുടങ്ങിയിരിക്കുന്നു. കുട്ടികള്‍ക്ക് കോവിഡിനെ പൊരുതാന്‍ വേണ്ട മുന്‍കരുതലുകള്‍ രക്ഷിതാക്കള്‍ പറഞ്ഞു മനസ്സിലാക്കുന്നതിനോടൊപ്പം തന്നെ അവരില്‍ അവബോധം ഉണര്‍ത്തേണ്ട ഒരു പ്രധാന വിഷയമാണ് ‘പേവിഷബാധ’.
15 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളിലാണ് പേവിഷബാധ മൂലമുള്ള മരണങ്ങള്‍ കൂടുതല്‍ സംഭവിക്കുന്നത്. ഇത് എന്തുകൊണ്ടെന്നാല്‍ ഇതേപ്പറ്റി കുട്ടികള്‍ക്ക് അറിവില്ലാത്തതിനാല്‍ ഇത്തരം സംഭവങ്ങള്‍ രക്ഷിതാക്കളോടോ മറ്റുള്ളവരോടോ തുറന്നു പറയാതിരിക്കുകയും നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുന്നതുകൊണ്ടാണ്.
എല്ലാവരും മനസ്സിലാക്കേണ്ട ഒരു പ്രധാന വസ്തുത എന്തെന്നാല്‍ കൃത്യസമയത്ത് ചികിത്സ തേടുകയാണെങ്കില്‍ 100% മരണം പ്രതിരോധിക്കാന്‍ സാധിക്കുന്ന ഒരു അണുബാധയാണിത്.

മനുഷ്യരില്‍ പേവിഷബാധ ഉണ്ടാകുന്നത് എങ്ങനെ?

ഇന്ത്യയില്‍ പൊതുവേ പേവിഷബാധ ഏല്‍ക്കുന്നത് നായയുടെ കടിയേറ്റാണ്. മൃഗങ്ങളുടെ ഉമിനീരില്‍ നിന്നാണ് അണുബാധ പകരുന്നത്. ഇവയുടെ ഉമിനീര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഗ്രന്ഥികളിലാണ് വൈറസ് വളരുന്നത്. ഒരു നായ കടിക്കുമ്പോള്‍ അതിന്റെ ഉമിനീര്‍ മുറിവുമായി കലര്‍ന്നാണ് പേവിഷബാധ ഉണ്ടാകുന്നത്. നായയുടെ രക്തത്തിലൂടെയോ, മലമൂത്ര വിസര്‍ജ്ജനത്തിലൂടെയോ വൈറസ് പകരുകയില്ല, അവരുടെ ഉമിനീരില്‍ നിന്ന് മാത്രമാണ് പകരുന്നത്. അണുബാധ നിന്നും മാംസപേശികളിലേക്കും പിന്നീട് നമ്മടെ ഞരമ്പുകള്‍ വഴി മസ്തിഷ്‌കത്തിലും മറ്റു ശരീരഭാഗങ്ങളിലും വ്യാപിക്കുന്നു.

പേവിഷബാധയുടെ രോഗലക്ഷണങ്ങള്‍ എന്തൊക്കെ?

നായയുടെ കടിയേറ്റ് ആദ്യത്തെ 10 — 20 ദിവസത്തില്‍ രോഗിക്ക് ക്ഷീണം, തലവേദന, മനംപിരട്ടല്‍, പനി തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകും. അണുബാധയേറ്റ് 20 — 90 ദിവസത്തിലാണ് വെള്ളത്തിനോടുള്ള ഭയം, ഇരുട്ടിനോടുള്ള ഭയം, വെള്ളം കുടിക്കുമ്പോഴും ആഹാരം കഴിക്കുമ്പോഴും തൊണ്ടയില്‍ ബുദ്ധിമുട്ട്, എല്ലാ കാര്യങ്ങളോടും ഭയം എന്നീ രോഗലക്ഷണം പ്രകടമാകുന്നത്.

പേവിഷബാധ എങ്ങനെ പ്രതിരോധിക്കാം?

ഒരു നായയുടെ കടിയേറ്റാല്‍ അതിലെ അണുബാധയുടെ സാധദ്ധ്യതയെ പലതലത്തില്‍ തരം തിരിക്കാം.

· തെരുവ് നായയുടെ കടിയേറ്റാല്‍ അണുബാധയുണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
· വളര്‍ത്തുനായയുടെ കടിയേല്‍ക്കുകയാണെങ്കില്‍ കൃത്യമായ കുത്തിവയ്പ്പുകള്‍ എടുത്തിട്ടുള്ള നായ ആണെങ്കില്‍ അണുബാധയുടെ സാദ്ധ്യത വളരെ കുറവാണ്. എന്നിരുന്നാലും കൃത്യമായ നിര്‍ണ്ണയത്തിന് ഒരു ഡോക്ടറുടെ സഹായം തേടുന്നതാണ് നല്ലത്.
· വളര്‍ത്തു നായയുടെ കടിയേല്‍ക്കുകയും നായയില്‍ അസാധാരണമായ പെരുമാറ്റ രീതികളില്‍ അടുത്തകാലത്തായി എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടെങ്കില്‍ (ആക്രമണ സ്വഭാവം കൂടുക, അസാധാരണമായി മൂകമായിരിക്കുക, അടുത്തു ചല്ലുമ്പോള്‍ പതിവില്ലാതെ ആക്രമിക്കാന്‍ ശ്രമിക്കുക) ഉറപ്പായും എത്രയും വേഗം ഡോക്ടറെ സമീപിക്കുകയും നായയെ മൃഗ ഡോക്ടറെ കാണിക്കുകയും വേണം.
· മറ്റു മൃഗങ്ങളായ പൂച്ച, എലി, അണ്ണാന്‍ എന്നിവയുടെ കടിയേല്‍ക്കുകയാണെങ്കില്‍ പേബാധയേല്‍ക്കാന്‍ സാദ്ധ്യത കുറവാണ്. എന്നാല്‍ ആകസ്മികമായി വീട്ടില്‍ വന്നു പോകുന്ന മൃഗങ്ങള്‍ ആണെങ്കില്‍ അണുബാധ ഏല്‍ക്കാനുള്ള സാദ്ധ്യതയുണ്ട്. കാരണം ഈ മൃഗങ്ങള്‍ക്ക് പുറത്തുനിന്നും ഒരു പേവിഷബാധയുള്ള നായയുടെ കടിയേറ്റിട്ടുണ്ടോ എന്ന് നമുക്കറിയാന്‍ സാധിക്കില്ല. ഇന്ത്യയില്‍ കൂടുതലും കണ്ടുവരുന്നത് നായയില്‍ നിന്നുമുള്ള പേവിഷബാധയാണ്. വിദേശരാജ്യങ്ങളില്‍ വവ്വാലില്‍ നിന്നും പടരുന്ന പേവിഷബാധയാണ് കണ്ടെത്തിയിട്ടുള്ളത്.

നായയുടെ കടിയേല്‍ക്കുകയാണെങ്കില്‍ നമുക്ക് എത്രത്തോളം അണുബാധ സാദ്ധ്യത ഉണ്ടെന്നുള്ളത് 3 ആയി തരം തിരിക്കാം.

കാറ്റഗറി 1: തൊലിപ്പുറമേ നായയുടെ ഉമിനീര്‍ സമ്പര്‍ക്കം വരികയാണെങ്കില്‍ അതില്‍ അപകടസാധദ്ധ്യത വളരെ കുറവാണ്
കാറ്റഗറി 2: തൊലിപ്പുറമേ ഒരു പോറല്‍ ഉണ്ടാവുകയോ അല്ലെങ്കില്‍ ചെറിയ മുറിവ് ഉണ്ടാവുകയോ, ഈ മുറിവില്‍ നായ നക്കുകയോ, പല്ല് കൊള്ളിക്കുകയോ ചെയ്താല്‍ കാറ്റഗറി രണ്ടില്‍ ഉള്‍പ്പെടുന്നു.
കാറ്റഗറി 3: ആഴത്തിലുള്ള കടിയേല്‍ക്കുകയും രക്തം വാര്‍ന്നൊഴുകുകയും ചെയ്യുകയാണെങ്കില്‍ അണുബാധ സാദ്ധ്യത വളരെ കൂടുതലാണ്. കൈയ്യിലോ അല്ലെങ്കില്‍ മുഖത്തോ ഏല്‍ക്കുന്ന കടിയാണ് ഏറ്റവും ഗുരുതരമായിട്ടുള്ളത്. ഇത് വളരെ പെട്ടെന്നു തന്നെ മസ്തിഷ്‌കത്തിലേയ്ക്ക് പടരാന്‍ സാദ്ധ്യതയുള്ളതിനാല്‍ സങ്കീര്‍ണ്ണതകളിലേയ്ക്ക് നയിക്കുന്നു.

നായയുടെ കടിയേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ

· മുറിവുണ്ടായ ഭാഗം വെള്ളവും സോപ്പും ഉപയോഗിച്ച് വൃത്തിയായി കഴുകുക.
· ബീറ്റാഡിന്‍ സൊല്യൂഷന്‍ ഉണ്ടെങ്കില്‍ അത് വെള്ളം ചേര്‍ത്ത് കഴുകുന്നത് കൂടുതല്‍ സംരക്ഷണം ഉറപ്പാക്കുന്നു.
· എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുക.
· രോഗനിവാരണത്തിനായി കൃത്യമായ ചികിത്സ തേടുക

Post Exposure Prophylaxis രണ്ട് തരത്തിലുണ്ട്

1. ഇമ്മ്യൂണോഗ്ലോബുലിന്‍
2. കുത്തിവയ്പ്പ്

ഇപ്പോള്‍ നിലവിലുള്ള കുത്തിവയ്പ്പ് എടുത്തു കഴിഞ്ഞാല്‍ അതിന്റെ ഫലം കണ്ടുവരാന്‍ സമയമെടുക്കും. (സാധാരണ ഗതിയില്‍ കുത്തിവയ്പ്പ് എടുത്താല്‍ അതിന്റെ പ്രതിരോധശേഷി ശരീരത്തില്‍ കാണാന്‍ കുറച്ച് സമയമെടുക്കും). അതുകൊണ്ട് തന്നെ വൈറസ് ബാധ ശരീരത്തില്‍ പടരാതിരിക്കാന്‍ (പെട്ടെന്നുള്ള ഫലപ്രാപ്തിക്കായി) ഇമ്മ്യൂണോഗ്ലോബുലില്‍ എടുക്കേണ്ടതുണ്ട്. Human immunoglob­u­lin (HRIG) ആണ് സാധാരണയായി ഉപയോഗിക്കുന്നത്. ഓരോ വ്യക്തിയുടെയും ശരീരഭാരത്തിന് അനുസരിച്ചുള്ള ഡോസ് ഇമ്മ്യൂണോഗ്ലോബുലിന്‍ Injec­tion ആയി നല്‍കുന്നു. ഇതുവഴി മുറിവേറ്റ ഭാഗത്ത് നിന്നും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് അണുബാധ പടരാതിരിക്കാന്‍ സഹായിക്കുന്നു. 24 മണിക്കൂറിനുള്ളില്‍ തന്നെ ശരീരത്തില്‍ Pas­sive antibody‑യുടെ അളവ് വര്‍ദ്ധിക്കുന്നു. ഇത് വൈറസ് ബാധ നാഡികളിലേക്കും മസ്തിഷ്‌കത്തിലേക്കും പടരുന്നത് തടയുന്നു. 28 ദിവസത്തിനുള്ളില്‍ 5 ഡോസ് കുത്തിവയ്പ്പാണ് എടുക്കേണ്ടത് (കടിയേറ്റ ദിവസം മുതല്‍ കണക്കാക്കുമ്പോള്‍ — 0, 3, 7, 14, 28 എന്നിങ്ങനെയാണ്). ഇത് മുടക്കം കൂടാതെ നിര്‍ബന്ധമായും എടുത്തിരിക്കണം. വെറ്റിനറി പശ്ചാത്തലത്തില്‍ ജോലി ചെയ്യുന്നവരും നായ പിടുത്തക്കാരും Pre Expo­sure Pro­phy­lax­is എടുക്കുകയും ആറുമാസത്തില്‍ ഒരിക്കല്‍ ശരീരത്തില്‍ കുത്തിവയ്പ്പിന്റെ പ്രതിരോധശേഷി എത്രത്തോളം ഉണ്ടെന്നുള്ളത് പരിശോധിക്കുകയും വേണം.

ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിക്കുകയും കുട്ടികളില്‍ പേവിഷബാധയെ പറ്റി അവബോധം സൃഷ്ടിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഇതുപോലെ ഒരു സാഹചര്യം ഉണ്ടായാല്‍ രക്ഷിതാക്കളെയോ മറ്റു മുതിര്‍ന്നവരെയോ അറിയിക്കണമെന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക. ഭയപ്പെടാതെ സധൈര്യം ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ അടിസ്ഥാന അറിവുകള്‍ നിങ്ങളെ സഹായിക്കും.

 

റിപ്പോര്‍ട്ട്-

ഡോ.മുഹമ്മദ് ഹനീഫ് എം

എച്ച്ഒഡി, എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ്

എസ്‌യുടി ഹോസ്പിറ്റല്‍, പട്ടം

Eng­lish Sum­ma­ry: Rabies: These Symp­toms You Should Know…

You may like this video also

Exit mobile version