Site iconSite icon Janayugom Online

വീണ്ടും മത്സര ഓട്ടം; നിയന്ത്രണം വിട്ട കാര്‍ പാര്‍ക്ക് ചെയ്തിരുന്ന ബസും ജീപ്പും ഇടിച്ചു തകര്‍ത്തു

മത്സര ഓട്ടത്തിനിടയില്‍ നിയന്ത്രണം വിട്ട കാര്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസും ജീപ്പും ഇടിച്ചു തകര്‍ത്തു. കാറിന്റെ ശക്തമായ ഇടിയില്‍ ജീപ്പ് തെറിച്ച് സമീപത്തെ വ്യാപാര സ്ഥാപനത്തിന്റെ ഭിത്തിയില്‍ ഇടിച്ചു മറിഞ്ഞു. കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. കാറില്‍ ഉണ്ടായിരുന്ന പണിക്കന്‍കുടി സ്വദേശികളായ അലന്‍(28) ജെയല്‍(28) എന്നിവരെ പരിക്കുകളോടെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുങ്കണ്ടം ടൗണില്‍ ഞായറാഴ്ച രാത്രി 12 മണിയോടെ പടിഞ്ഞാറെക്കവല മംഗല്യ വസ്ത്രവ്യാപാര ശാലയുടെ മുമ്പിലാണ് അപകടം നടന്നത്. മത്സര ഓട്ടത്തിന്റെ ഭാഗമായി മുമ്പേ പോയ ബൈക്കുകളെ മറികടക്കുന്നതിനായി അമിതവേഗത്തില്‍ എത്തിയ സ്വിഫ്റ്റ് കാര്‍ മംഗല്യയുടെ മുമ്പിലെ വളവില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെടുകയും റോഡരുകില്‍ പാര്‍ക്ക് ചെയ്ത ബസിന്റെ പിന്നിലെ ടയറില്‍ ഇടിക്കുകയും അതിന്റെ തൊട്ടടുത്ത് പാര്‍ക്ക് ചെയ്ത സരിഗമ വര്‍ക്ക് ഷോപ്പ് ഉടമ ശ്രീധരന്‍ യുടെ ജീപ്പ് ഇടിച്ച് തകര്‍ക്കുകയുമായിരുന്നുവെന്ന ദ്യക്സാക്ഷികള്‍ പറയുന്നു.

ഇടിയില്‍ ആറടിയോളം ഉയര്‍ന്ന ജീപ്പ് തറനിരപ്പില്‍ നിന്നും ഉയര്‍ന്ന് നില്‍ക്കുന്ന വ്യാപാര സ്ഥാപനത്തിന്റെ ഭിത്തി ഇടിച്ച് മറിയുകയായിരുന്നു. ജീപ്പില്‍ ആരുമില്ലാതിരുന്നത് വന്‍ അപകടം ഒഴിവായി. കാര്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. ഇരുവരും സീറ്റ് ബല്‍റ്റ് ഇട്ടതും എയര്‍ ബാഗ് പൊട്ടി പുറത്ത് വന്നതും അപകടത്തിന്റെ തീവ്രത കുറച്ചു. ഓടി കൂടിയ നാട്ടുകാര്‍ തലയ്ക്ക് പരിക്കേറ്റ ഇരുവരേയും ഉടന്‍തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ നെടുങ്കണ്ടം പൊലീസ് പരിശോധന നടത്തി കേസെടുത്തു. ഗതാഗത തടസ്സത്തിന് ഉണ്ടാകാതിരിക്കുവാന്‍ പൊലീസിന്റെ നിര്‍ദ്ദേശാനുസരണം അപകടത്തില്‍പെട്ട കാര്‍ നാട്ടുകാരുടെ സഹായത്തോടെ റോഡിന്റെ വശത്തേയ്ക്ക് എടുത്ത് മാറ്റി വെച്ചു. കഴിഞ്ഞ വര്‍ഷം നെടുങ്കണ്ടം ടൗണില്‍ നടത്തിയ മത്സര ഓട്ടം നടത്തി രണ്ട് യുവാക്കള്‍ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച അര്‍ധരാത്രിയില്‍ വീണ്ടും മത്സര ഓട്ടം നടത്തിയതും അപകടം ഉണ്ടായതും.

Eng­lish sum­ma­ry; Race again; The out of con­trol car rammed the parked bus and jeep

You may also like this video;

Exit mobile version