Site iconSite icon Janayugom Online

പെരുന്നയിലേക്ക് യുഡിഎഫ് നേതാക്കളുടെ മത്സരയോട്ടം

ചങ്ങനാശേരിയിലെ എൻഎസ്എസ് ആസ്ഥാനത്തേക്ക് യുഡിഎഫ് നേതാക്കളുടെ മത്സരയോട്ടം. ഒത്തുതീർപ്പ് ചർച്ചയ്ക്കായി ആരും പെരുന്നയിലേക്ക് വരേണ്ടതില്ലെന്ന എൻഎസ്എസ് നേതൃത്വത്തിന്റെ പരസ്യനിലപാട് നിലനിൽക്കെയാണ് നേതാക്കളുടെ പരക്കംപാച്ചിൽ. കോൺഗ്രസ് അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ, രാഷ്ട്രീയ കാര്യസമിതിയംഗം പ്രൊഫ. പി ജെ കുര്യൻ, എംപി കൊടിക്കുന്നിൽ സുരേഷ്, ജോസഫ് കേരളാ കോൺഗ്രസ് നേതാവും എംപിയുമായ ഫാൻസിസ് ജോർജ് എന്നിവർ ഇതിനകം എൻഎസ്എസ് ആസ്ഥാനത്ത് എത്തിക്കഴിഞ്ഞു. ഇനിയും പലരും യാത്രയ്ക്ക് തയ്യാറെടുത്ത്‌ നിൽക്കുന്നുമുണ്ട്.
എൻഎസ്എസ് ജനറല്‍ സെക്രടറി ജി സുകുമാരൻ നായരെക്കൊണ്ട് സംസ്ഥാന സർക്കാർ വിരുദ്ധാഭിപ്രായം പറയിച്ചാൽ അത് സ്വന്തം നേട്ടമായി മേനി നടിക്കാനുള്ള വകയായി എന്നാണ് നേതാക്കളുടെ ഉള്ളിലിരുപ്പ്. പെരുന്നയിലേക്ക് പോയ തിരുവഞ്ചൂർ അടക്കമുള്ള കോൺഗ്രസ് നേതാക്കളുടേത് വെറും സൗഹൃദ സന്ദർശനം മാത്രമാണെന്നും എൻഎസ്എസുമായി അനുനയ ചർച്ചയ്ക്ക് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ആണയിടുമ്പോഴും, മധ്യസ്ഥ ചർച്ചയ്ക്കാണ് നേതാക്കൾ പോയതെന്നും കോൺഗ്രസ് നേതൃത്വത്തോടുള്ള നീരസം സംഭാഷണമധ്യേ ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ തുറന്ന് പ്രകടിപ്പിച്ചെന്നും അത് മറച്ചുവയ്ക്കാനാണ് സൗഹൃദ സന്ദർശനം പിടിവള്ളിയാക്കിയതെന്നുമുള്ള വാർത്തകളാണ് പുറത്ത് വരുന്നത്.
നേതാക്കൾ പുറമേക്ക് എന്തൊക്കെ നടിച്ചാലും അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് ഭാഗഭാക്കായതും കോൺഗ്രസിനെതിരെ നിശിത വിമർശനമുയർത്തിയതും കോൺഗ്രസിൽ പൊതുവെ ആശങ്ക പടർത്തിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണ് വച്ചിരിക്കുന്നവരിലാണ് ചങ്കിടിപ്പ് ഏറുന്നത്. ഇതിനിടെ, എൻഎസ്എസ് നേതൃത്വവുമായി വളരെ അടുപ്പമുള്ള കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല നിസംഗത പാലിക്കുന്നതെന്താണെന്ന ചോദ്യവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്. ഇടതുപക്ഷത്തിനുള്ള എൻഎസ്എസിന്റെ പിന്തുണ ശബരിമല വിഷയത്തിൽ മാത്രമാണെന്ന ഒരു പരാമർശം മാത്രമാണ് ഇതിൽ ചെന്നിത്തലയിൽ നിന്നുണ്ടായത്.
ഔദ്യോഗികമായിട്ടായാലും അനൗദ്യോഗികമായിട്ടായാലും ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തിയവർക്കാർക്കും ഒരു അനുകൂല മറുപടി നേടാനാകാത്ത സാഹചര്യത്തിൽ എൻഎസ്എസ് നേതൃത്വത്തിന്റെ മനം മാറ്റാൻ ദേശീയ നേതാക്കളെ ഇടപെടുവിക്കാനുള്ള ആലോചന കോൺഗ്രസിൽ തകൃതിയാണ്. അങ്ങനെയൊരു ആലോചന ബിജെപിയിലുമുണ്ട്. കോൺഗ്രസിനെതിരെയുള്ള വിമർശനത്തിന്റെ ഒരളവ് കൂടുതൽ എൻഎസ്എസിന് ബിജെപിയോടുണ്ട്. അക്കാരണത്താൽ തന്നെ, മുൻ കേന്ദ്ര മന്ത്രി വി മുരളീധരനെ ദൗത്യവാഹകനായി എസ്എൻഡിപി ജന. സെക്രട്ടറി വെളളാപ്പള്ളി നടേശന്റെ സമീപത്തേക്ക് അയച്ചെങ്കിലും ബിജെപി സംസ്ഥാന നേതാക്കളാരും പെരുന്ന വഴി പോയിട്ടില്ല.

Exit mobile version