Site iconSite icon Janayugom Online

ലണ്ടനിലെ കെ എഫ് സി ഔട്ട്‌ലെറ്റിൽ വംശീയ അധിക്ഷേപം; തമിഴ്‌നാട് സ്വദേശിക്ക് 74 ലക്ഷം രൂപ നഷ്ടപരിഹാരം

ലണ്ടനിലെ കെ എഫ് സി ഔട്ട്‌ലെറ്റിൽ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശിക്ക് വംശീയ അധിക്ഷേപത്തിനിരയായ കേസിൽ 67,000 പൗണ്ട് (ഏകദേശം 74 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ലണ്ടനിലെ വെസ്റ്റ് വിക്കാം ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന മധേഷ് രവിചന്ദ്രൻ നൽകിയ പരാതിയിലാണ് ട്രിബ്യൂണൽ അനുകൂല വിധി പുറപ്പെടുവിച്ചത്.

മധേഷിന്റെ മാനേജരായ കജൻ തൈവേന്തിരം തന്നെ “അടിമ” എന്ന് വിളിക്കുകയും അധിക സമയം ജോലി ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന് കോടതി കണ്ടെത്തി. 2023 ജനുവരിയിലാണ് മധേഷ് ഇവിടെ ജോലിയിൽ പ്രവേശിച്ചത്. എന്നാൽ രണ്ട് മാസത്തിനുള്ളിൽ തന്നെ ഇദ്ദേഹത്തിന് അർഹമായ വാർഷിക അവധി മാനേജർ നിഷേധിച്ചു. ശ്രീലങ്കൻ തമിഴ് വംശജരായ ജീവനക്കാർക്ക് മാത്രം മുൻഗണന നൽകുമെന്നും മധേഷിനെ “അടിമ” എന്നും മാനേജർ മറ്റൊരു ജീവനക്കാരനോട് വിശേഷിപ്പിച്ചതായും പരാതിയിൽ പറയുന്നു.

വംശീയമായ മുൻവിധിയോടെയാണ് മാനേജർ പെരുമാറിയതെന്നും ഇത് മധേഷിനെ മാനസികമായി തളർത്തിയെന്നും ജഡ്ജി പോൾ അബോട്ട് നിരീക്ഷിച്ചു. വംശീയ വിവേചനത്തിനും പീഡനത്തിനും ഇരയായ മധേഷിനെ തെറ്റായ രീതിയിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും കോടതി കണ്ടെത്തി. 66,800 പൗണ്ട് നഷ്ടപരിഹാരം നൽകുന്നതിനൊപ്പം, ഈ കെ എഫ് സി ബ്രാഞ്ച് നടത്തുന്ന ‘നെക്സസ് ഫുഡ്സ് ലിമിറ്റഡ്’ എന്ന കമ്പനിയിലെ എല്ലാ ജീവനക്കാർക്കും തൊഴിലിടങ്ങളിലെ വിവേചനത്തിനെതിരെ പരിശീലനം നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

Exit mobile version