Site iconSite icon Janayugom Online

മണിപ്പൂരിലെ വംശീയ കലാപം : പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം തുടര്‍ പഠനത്തിനായി കണ്ണൂരിലെത്തി

വംശീയ കലാപത്തെ തുടര്‍ന്ന് പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം കണ്ണൂര്‍ സര്‍വകലാശാലയിലെത്തി. കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴില്‍ തുടര്‍പഠനം നടത്താനാണ് വിദ്യാര്‍ത്ഥികളെത്തിയത്.കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ മണിപ്പൂരിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം സീറ്റ് അനുവദിക്കണമെന്ന് കഴിഞ്ഞ ജൂണില്‍ ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമായിരുന്നു.

മണിപ്പൂരിലെ വിദ്യാര്‍ത്ഥി സംഘടനകളുടെ അപേക്ഷകൂടി പരിഗണിച്ചാണ് തീരുമാനമെടുത്തുന്നത്. കുക്കി വിഭാഗത്തില്‍പ്പെട്ട 13 വിദ്യാര്‍ത്ഥികളാണ് കണ്ണൂരിലെത്തിയ ആദ്യ സംഘത്തിലുള്ളത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന 70 വിദ്യാര്‍ത്ഥികളുടെ പട്ടിക ലഭിച്ചതായി കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. ബാക്കിയുള്ള വിദ്യാര്‍ത്ഥികള്‍ വരും ദിവസങ്ങളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പഠിച്ചുകൊണ്ടിരിക്കുന്ന കോഴ്‌സ് തുടരാനാണ് ഭൂരിഭാഗം വിദ്യാര്‍ത്ഥികളും താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

പഠിച്ചുകൊണ്ടിരുന്ന കോഴ്‌സും ഇവിടുത്ത കോഴ്‌സും തമ്മിലുള്ള തുല്യത നിശ്ചയിക്കാനും പ്രവേശന നടപടികള്‍ ഏകോപിപ്പിക്കാനും പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. പ്രോ വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്.വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട് അഞ്ച് കോളേജുകളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍.

സര്‍വകലാശാലയിലെ പഠനം പൂര്‍ത്തിയാകുന്നതുവരെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ഇവര്‍ക്ക് സമയം നല്‍കും. ഭക്ഷണവും താമസവും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കോളേജുകളില്‍ സൗജന്യമായി നല്‍കാന്‍ ആവശ്യപ്പെടും. മണിപ്പൂര്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിന് ധനസഹായം നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് മുമ്പോട്ട് വരാമെന്നും വി.സി പറഞ്ഞു.ബി.ബി.എ, ഐം.എ ഇംഗ്ലീഷ്, എം.എ പൊളിറ്റിക്കല്‍ സയന്‍സ്, ആന്‍ഷ്യന്റ് ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി, എം.കോം, സോഷ്യോളജി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, ഫിസിക്കല്‍ എജ്യൂക്കേഷന്‍, ആന്ത്രപ്പോളജി, ജ്യോഗ്രഫി, എക്കണോമിക്‌സ്, ഫിസിക്‌സ്, ബോട്ടണി, സുവോളജി, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ബയോടെക്‌നോളജി, സോഷ്യല്‍വര്‍ക്ക്, ലിംഗ്വിസ്റ്റിക്‌സ്, ടൂറിസം, മ്യൂസിക് കോഴ്‌സുകളിലാണ് മണിപ്പൂര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയിരിക്കുന്നത്.

ഇവിടെയെത്തിയില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ എന്തായിത്തീരുമെന്ന് അറിയില്ല. അത്രയ്ക്ക് ഭയാനകമാണ് മണിപ്പൂരിലെ അവസ്ഥ. എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതിയ അവസ്ഥയിലാണ് ഇങ്ങനെ ഒരു വഴി തുറക്കുന്നത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്കും കേരള സര്‍ക്കാരിനും നന്ദി, വിദ്യാര്‍ത്ഥികളിലൊരാളായ കിംഷി സിന്‍സണ്‍ പറഞ്ഞു.കിംഷിക്കൊപ്പം മോമോ ഖോന്‍ സെയ്, ലംഖോഹട് കിപെന്‍, നെയ്‌തോഹട് ഹൗകിപ്, ഗൗലുങ് മന്‍, ഹൗകിപ് ലുഖോലംകിപെന്‍, ലാമിലെന്‍, ജമിന്‍ ലാല്‍ ടെര്‍സെ എന്നിവരാണ് ആദ്യ സംഘത്തിലെ വിദ്യാര്‍ത്ഥികള്‍.

Eng­lish Summary:
Racial riots in Manipur: The first group of stu­dents who failed to study came to Kan­nur for fur­ther studies

You may also like this video:

Exit mobile version